Image Credit: x.com/Natalie80u
ഒണ്‍ലി ഫാന്‍സ് മോഡലായ യുക്രൈന്‍കാരിയെ സെക്സ് പാര്‍ട്ടിയില്‍ വച്ച് റഷ്യക്കാര്‍ ക്രൂരമായ ഉപദ്രവിച്ചതായി പരാതി. അതിസമ്പന്നരായ റഷ്യന്‍ യുവാക്കളാണ് തന്നെ മൃതപ്രായയാക്കി പോയതെന്ന് ഇരുപതുകാരിയായ മരിയ കൊവാല്‍ചൂക് പറയുന്നു. യുവാക്കളുടെ ഉപദ്രവത്തില്‍ മരിയയുടെ നട്ടെല്ല് തകര്‍ന്നു. കൈകാലുകളുടെ എല്ലുകള്‍ ഒടിഞ്ഞു.നിലവില്‍ നോര്‍വെയില്‍ ചികില്‍സയിലാണ് യുവതിയെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദുബായില്‍ വച്ചാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നും റഷ്യയില്‍ നിന്നും യുക്രെയിനില്‍ നിന്നുമുള്ള അതിസമ്പന്നര്‍ പങ്കെടുത്ത സെക്സ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താനെന്നും അവര്‍ വെളിപ്പെടുത്തി. പാര്‍ട്ടിക്കിടെ റഷ്യക്കാരായ യുവാക്കള്‍ സമീപത്തേക്ക് എത്തുകയും വഴങ്ങി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മരിയ ഇത് നിരസിച്ചതോടെ 'യുക്രെയ്ന്‍ മുഴുവനായി ഞങ്ങളുടേതാണ്, ഞങ്ങള്‍ക്കിഷ്ടമുള്ളതെല്ലാം നിന്നെ ചെയ്യും' എന്ന് പറഞ്ഞ് ശരീരത്തില്‍ കൈവച്ചുവെന്നും മരിയ ഓര്‍ത്തെടുക്കുന്നു. പിന്നാലെ അതിക്രൂരമായി ഉപദ്രവിച്ചു.
കിട്ടിയ ജീവനും കൊണ്ട് താന്‍ ഹോട്ടലില്‍ നിന്നിറങ്ങി ഓടി തൊട്ടടുത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തിലേക്ക് ഓടിക്കയറിയെന്ന് മരിയ പറയുന്നു. പിന്തുടര്‍ന്നെത്തിയ റഷ്യന്‍ യുവാക്കള്‍ അവിടെയിട്ടും ശാരീരികാതിക്രമം നടത്തിയെന്നും ഒടുവില്‍ ബോധരഹിതയായി കിടക്കുന്നത് കണ്ട ഒരു ഡ്രൈവറാണ് ആംബുലന്‍സ് വിളിച്ചുവരുത്തി മരിയയെ ആശുപത്രിയില്‍ എത്തിച്ചതെന്നും സുഹൃത്തുക്കള്‍ വെളിപ്പെടുത്തുന്നു. ഒരാഴ്ചയോളം അബോധാവസ്ഥയിലായിരുന്നു മരിയ.
തനിക്കെതിരായി ഉണ്ടായ ആക്രമണം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും പക്ഷേ യുവാക്കള്‍ സ്വാധീനം ഉപയോഗിച്ച് സിസിടിവി ദൃശ്യങ്ങള്‍ മായിച്ചു കളഞ്ഞുവെന്നുമാണ് യുവതി പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തുവെങ്കിലും അന്വേഷണത്തില്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അവര്‍ സണിന് നല്‍കിയ അഭിമുഖത്തില്‍ കുറിച്ചു.