പ്രതീകാത്മക ചിത്രം

TAGS

അഡോള്‍ഫ് ഹിറ്റ്ലറിന്റെ പേരില്‍ പീത്‌സ ഓര്‍ഡര്‍ ചെയ്താല്‍ എന്തു സംഭവിക്കും? അതും റഷ്യയില്‍? കുറഞ്ഞത് 5 ദിവസമെങ്കിലും ജയിലില്‍ കിടക്കാമെന്നാണ് അനുഭവം. 18കാരന്‍ വിദ്യാര്‍ഥി നടത്തിയ തമാശയ്ക്ക് ജയില്‍ശിക്ഷ ലഭിച്ചതോടെ കാര്യം അല്‍പം ഗൗരവമേറിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. 

നിഷ്നി ടാഗിലെ ഒരു റെസ്റ്റോറന്റില്‍ നിന്നാണ് തിമോഫെ വഖാനിന്‍ പീത്‌സ ഓര്‍ഡര്‍ ചെയ്തത്. സ്വന്തം പേരൊന്ന് മാറ്റി ‘അഡോള്‍ഫ് ഹിറ്റ്ലര്‍’ എന്നു പറഞ്ഞു. റഷ്യന്‍ നിയമപ്രകാരം നാസി ചിഹ്നങ്ങളോ പേരുകളോ മറ്റ് സൂചകങ്ങളോ ഉപയോഗിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന കാര്യം തനിക്കറിയില്ലായിരുന്നുവെന്നാണ് വഖാനിന്‍ പറയുന്നത്. മുന്‍ സൈനികന്റെ മുന്‍പില്‍വച്ചാണ് പീത്‌സ ഓര്‍ഡര്‍ ചെയ്തത്.

സൈനികന്റെ സുഹൃത്തായ യുണൈറ്റഡ് റഷ്യ പാര്‍ട്ടി റീജിയണല്‍ ലെജിസ്ലേറ്റീവ് അംഗമാണ് സംഭവം ആദ്യമായി പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസ് ആയതോടെ സംഭവം കോടതിയിലെത്തി. അഞ്ചു ദിവസത്തെ ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. എന്നാല്‍ ഈ സംഭവത്തിന്റെ ഗൗരവം മനസിലാകാതെയാണ് ആ പേര് ഉപയോഗിച്ചതെന്നായിരുന്നു വിദ്യാര്‍ഥിയുടെ മറുപടി. ഈ വാര്‍ത്ത റഷ്യന്‍ ന്യൂസ് ഏജന്‍സിയായ ആര്‍ഐഎ നൊവോസ്തി റിപ്പോര്‍ട്ട് ചെയ്തു. 

സംഭവം പുറത്തുവന്നതോടെ കോളജിലെത്തിയാണ് വഖാനിനെ കസ്റ്റഡിയിലെടുത്തത്. ഉടന്‍ തന്നെ ഇയാള്‍ ചെയ്ത തെറ്റില്‍ മാപ്പ് പറഞ്ഞതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതേസമയം വിദ്യാര്‍ഥി തന്റെ ഡെസ്കിലുള്‍പ്പെടെ നിരോധിത ചിഹ്നങ്ങളും അടയാളങ്ങളും വരച്ചിരുന്നതായും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. പൂര്‍ണബോധ്യത്തോടെയുള്ള പ്രവര്‍ത്തികളാണിതെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് കോടതി ഇയാള്‍ക്ക് ജയില്‍ശിക്ഷ വിധിച്ചത്.  

Teenager Jailed for Ordering Pizza as Adolf Hitler in Russia:

Adolf Hitler pizza order in Russia resulted in a five-day jail sentence for an 18-year-old student. This incident highlights Russia's strict laws against the use of Nazi symbols and names.