തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടണം. പക്ഷെ തെറ്റൊന്നും ചെയ്യാതെ ശിക്ഷിക്കപ്പെട്ടാലോ. വാദി പ്രതിയാകുന്ന അവസ്ഥയില്‍ ശിക്ഷിക്കപ്പെട്ടാലോ. വെറുതേ വിട്ടാലും നിയമം തന്നോട് നീതി കാട്ടിയില്ല എന്ന വേദന അവസാന ശ്വാസം വരെയുണ്ടാകും. എന്നാല്‍ വാദി പ്രതിയായ കേസില്‍ 60 വര്‍ഷത്തിന് ശേഷം പ്രതിയായ സ്ത്രീയോട് മാപ്പ് ചോദിച്ചിരിക്കുകയാണ് ദക്ഷിണകൊറിയയിലെ ഒരു കോടതി. എന്നാല്‍ കോടതി മാപ്പ് ചോദിച്ചതിലും അത്ഭുതം എന്തിനായിരുന്നു ഇവരെ ശിക്ഷിച്ചത് എന്നതിലാണ്.
വര്‍ഷം 1964 ചോയ് മാല്‍–ഝ എന്ന 18കാരി ഒരു ബലാല്‍സംഗ ശ്രമത്തിന് ഇരയായി. ചോയിയെ ബലപ്രയോഗത്തിലൂടെ പിടിച്ച് കിടത്തിയ 21കാരനായ അക്രമി അവരുടെ വായില്‍ നാക്കിട്ട് ചുംബിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പെട്ടെന്ന് തോന്നിയ ബുദ്ധിയെന്നോണം ചോയ് അക്രമിയുടെ നാക്ക് കടിച്ചുപറിച്ചെടുത്തു. ബലാല്‍സംഗത്തില്‍ നിന്നും ചോയ് അങ്ങനെ രക്ഷപ്പെട്ടു. എന്നാല്‍ സംഭവം കേസായി കോടതിയിലെത്തിയപ്പോള്‍ വാദി പ്രതിയാവുകയായിരുന്നു. യുവാവിനെതിരെ ഭീഷണി, സ്വകാര്യഭൂമിയില്‍ അതിക്രമിച്ച് കടക്കല്‍ എന്നീ വകുപ്പുകള്‍ മാത്രമേ ചുമത്തിയുള്ളു. ബലാല്‍സംഗക്കേസ് നിലനിന്നില്ല. യുവാവിന് ജോലിയില്‍ നിന്നും 2 വര്‍ഷം വിലക്കും ആറ് മാസം തടവും മാത്രമാണ് ശിക്ഷയായി ലഭിച്ചത്. എന്നാല്‍ യുവാവിന് നാക്ക് മുറിഞ്ഞുപോയതിനാല്‍ ചോയിക്ക് കോടതി പരുക്കേല്‍പ്പിക്കല്‍ എന്ന വകുപ്പില്‍ പത്ത് മാസം ശിക്ഷ വിധിച്ചു.
സ്വരക്ഷയ്ക്കായി ചോയ് നടത്തിയ പ്രതിരോധം കൂടുതലായിപ്പോയി എന്നതായിരുന്നു കോടതി കണ്ടെത്തിയ ന്യായം. എന്നാല്‍ തന്‍റെ പ്രായക്കുറവ് കൊണ്ടും അന്നത്തെ പുരുഷമേധാവിത്വ രീതികള്‍ കൊണ്ടും ചോയ്ക്ക് ഈ അനീതിക്കെതിരെ പ്രതികരിക്കാനായില്ല.
എന്നാല്‍ ഈയടുത്ത് വന്ന മീടൂ കാംപെയിന്‍ ചോയിയെ വീണ്ടും ചിന്തിപ്പിച്ചു. ഇതിന് പിന്നാലെ തന്‍റെ കേസ് വീണ്ടും ഉയര്‍ത്തി താന്‍ കുറ്റവാളിയല്ലെന്ന് തെളിയിക്കാനായി ചോയ് ഒരു കാംപെയിന്‍ തുടങ്ങി. വന്‍ ജനപിന്തുണയാണ് ചോയിക്ക് ലഭിച്ചത്. 61 വര്‍ഷം രാജ്യം തന്നെ ഒരു ക്രിമിനലായാണ് കണ്ടത് തനിക്ക് നീതി വേണമെന്ന ചോയിയുടെ പ്രസ്താവന രാജ്യത്തിന്‍റെ നീതിപീഠം കേട്ടു.
ഒടുവില്‍ 18കാരി സ്വരക്ഷയ്ക്കായി നടത്തിയ പ്രതിരോധത്തെ കോടതി അവരുടെ 78ാം വയസില്‍ അംഗീകരിച്ചു. ചോയിയോട് കോടതി മാപ്പ് ചോദിച്ചു. ചോയ് വാദിയായിരുന്നു എന്നാല്‍ അവരെ നിയമവ്യവസ്ഥ പ്രതിയാക്കി, സംരക്ഷിക്കേണ്ട കോടതി അവര്‍ക്ക് നല്‍കിയത് വേദനയും ദുഃഖവുമാണ്. തങ്ങള്‍ ഇതില്‍ അത്യന്തം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കോടതി കുറ്റമേറ്റ് പറഞ്ഞു.
ഭാവിയില്‍ ആരും ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകരുത് എന്നാണ് തന്‍റെ ആഗ്രഹമെന്ന് ചോയ് വിധിക്ക് ശേഷം പറഞ്ഞു. തന്‍റെ കാംപെയിന് ഒപ്പം നിന്നവരെ കെട്ടിപ്പിടിച്ച ചോയ് തന്‍റെ വിജയം ആഘോഷിച്ചു.