china-dam-ai-image

എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

TOPICS COVERED

ബ്രഹ്മപുത്ര നദിയില്‍ ചൈന നിര്‍മ്മിക്കാന്‍ പോകുന്ന ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഉയര്‍ത്തുന്ന ആശങ്കകള്‍ ചില്ലറയൊന്നുമല്ല. ഇന്ത്യയിലും ബംഗ്ലദേശിലും ഈ മെഗാ അണക്കെട്ട് ആശങ്കയുടെ അണകെട്ടുമ്പോള്‍ ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈന. വിശദമായ പ്രസ്താവന തന്നെയാണ് ഇത് സംബന്ധിച്ച് ചൈനീസ് ഭരണകൂടം പുറത്തിറക്കിയിരിക്കുന്നത്.

ടിബറ്റില്‍ ‘യാർലുങ് സാങ്‌പോ’ എന്നറിയപ്പെടുന്ന ബ്രഹ്മപുത്ര നദിക്ക് കുറുകെ നിര്‍മ്മിക്കുന്ന അണക്കെട്ട് ചൈനയുടെ പരമാധികാരത്തിന്റെയും ഊർജ്ജ വികസനത്തിന്റെയും വിഷയമാണെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. ഊർജോത്പാദനം വേഗത്തിലാക്കുക, ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുക, കാലാവസ്ഥാ വ്യതിയാനത്തോട് പ്രതികരിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ചൈന പ്രസ്താവനയില്‍ പറയുന്നു.

പദ്ധതി യാർലുങ് സാങ്‌പോയുടെ താഴ്ന്ന പ്രദേശങ്ങളിലെ രാജ്യങ്ങളിൽ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. എന്നാല്‍ ഉയർന്ന ഉത്തരവാദിത്തബോധത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ആസൂത്രണം, രൂപകൽപ്പന, നിർമ്മാണം എന്നിവയില്‍ ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ചൈന അവകാശപ്പെടുന്നു. സമഗ്രമായ പരിസ്ഥിതി സംരക്ഷണത്തിന് പദ്ധതി ഊന്നൽ നൽകുന്നുവെന്നും പരിസ്ഥിതി ലോല മേഖലകളിൽ നിന്ന് മാറിയാണ് പദ്ധതി വിഭാവനം ചെയ്തതെന്നും ആവാസവ്യവസ്ഥയെ കഴിയുന്നത്രയും സംരക്ഷിക്കുമെന്നും പ്രസ്താവനയില്‍ ചൈന വ്യക്തമാക്കുന്നു. 

അണക്കെട്ട് താഴ്‌ന്ന പ്രദേശങ്ങളെ പ്രതികൂലമായി ബാധിക്കില്ലെന്നും ചൈന അവകാശപ്പെടുന്നുണ്ട്. പകരം, നദിയുമായി ബന്ധപ്പെട്ട വെള്ളപ്പൊക്കം പോലുള്ള ദുരന്തങ്ങളെ ലഘൂകരിക്കുമെന്നും ചൈന അവകാശപ്പെടുന്നു. നദിയുടെ താഴ്‌വരയിലെ രാജ്യങ്ങളുമായുള്ള സഹകരണം തുടരുന്നതായും വെള്ളപ്പൊക്ക പ്രതിരോധത്തിലും ദുരന്ത നിവാരണത്തിലും സഹകരിക്കുമെന്നും ചൈന പറഞ്ഞു. പദ്ധതി സംബന്ധിച്ച് ആവശ്യമായ ആശയവിനിമയം നടത്തിയിട്ടുണ്ട്, നദീതടത്തിലെ എല്ലാ ജനങ്ങളുടെയും പ്രയോജനത്തിനായി സഹകരണം വർദ്ധിപ്പിക്കുന്നത് തുടരും എന്നു പറഞ്ഞുകൊണ്ടാണ് പ്രസ്താവന അവസാനിക്കുന്നത്. 

ചൈനയുടെ 14ാം പഞ്ചവല്‍സര പദ്ധതിയുടെ (2021–25) ഭാഗമാണ് ഈ പുതിയ അണക്കെട്ട് നിര്‍മ്മാണം. ഡിസംബറിൽ പദ്ധതിക്ക് ചൈനീസ് ഭരണകൂടം അനുമതി നല്‍കിയിരുന്നു. കാർബൺ ന്യൂട്രാലിറ്റി നയങ്ങളെ പ്രോല്‍സാഹിപ്പിക്കുക, ടിബറ്റില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുക എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങളാണ് ചൈനയുടെ പുതിയ ഡാമിന് പിന്നിലുള്ളത്. അണക്കെട്ടില്‍ നിന്നും ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി പ്രധാനമായും ടിബറ്റ് അടക്കമുള്ള പ്രദേശങ്ങളിലെ ഉപഭോഗത്തിനായി കൈമാറും. നിർമ്മാണം പൂർത്തിയായാൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരിക്കും ഇത്. ചൈനയുടെ തന്നെ പടുകൂറ്റന്‍ അണക്കെട്ടായ ത്രീ ഗോര്‍ജസ് ഡാമിനെയും ഇത് കടത്തിവെട്ടുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പദ്ധതിയുടെ മൊത്തം നിക്ഷേപം 1.2 ട്രില്യൺ യുവാൻ (167.1 ബില്യൺ ഡോളർ) ആണെന്നാണ് സ്വിന്‍ഹ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ENGLISH SUMMARY:

China has defended its mega-dam project on the Brahmaputra River, citing energy goals and environmental responsibility. While India and Bangladesh express concern over ecological and water flow impacts, China claims the project will help manage floods and is designed with high environmental standards. The statement promises continued cooperation with downstream countries.