അലാസ്കയില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും ഭൂചലനം. നാഷനൽ സെന്റർ ഫോർ സീസ്മോളജിയാണ് പ്രദേശത്ത് തിങ്കളാഴ്ച 6.2 തീവ്രതയില്‍ ഭൂചലനമുണ്ടായതായി സ്ഥിരീകരിച്ചത്. ജൂലൈ 17 ന് 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അലാസ്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 48 കിലോമീറ്റർ ആഴത്തില്‍ കടലിലാണ് പുലര്‍ച്ചയോടെയുണ്ടായ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, ഇതുവരെ ആർക്കും പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ജൂലൈ 17 ന് ഉണ്ടായ ഭൂചലനത്തില്‍ അലാസ്കയുടെ തീരപ്രദേശങ്ങളില്‍ സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. നിലവില്‍ മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഇതുവരെ ഉണ്ടായ രണ്ട് ഭൂചലനങ്ങളും ആഴം കുറഞ്ഞ പ്രദേശത്താണ് എന്നുള്ളതിനാല്‍ അതീവ ഗൗരവത്തോടെയാണ് സീസ്മോളജി വകുപ്പുകള്‍ ഇവയെ നിരീക്ഷിക്കുന്നത്.
ആഴത്തിലുള്ള ഭൂചലനങ്ങളെ അപേക്ഷിച്ച് ആഴം കുറഞ്ഞ ഭൂചലനങ്ങള്‍ കൂടുതൽ അപകടകരമാണ്. കാരണം, ആഴം കുറഞ്ഞ ഭൂചലനങ്ങളില്‍ നിന്നുള്ള തരംഗങ്ങൾക്ക് ഉപരിതലത്തിലേക്ക് സഞ്ചരിക്കാനുള്ള ദൂരം കുറവായിരിക്കും. ഇത് ശക്തമായ ഭൂകമ്പത്തിനും കൂടുതൽ നാശനഷ്ടങ്ങൾക്കും ചിലപ്പോള്‍ സൂനാമിക്കും കാരണമാകാറുണ്ട്. തുടർചലനങ്ങൾ തുടരുകയാണെങ്കിൽ, ആളപായ സാധ്യതയും കൂടുതലാണ്. അലാസ്കയില്‍ ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, രണ്ട് ഭൂകമ്പങ്ങളുടെയും പ്രഭവകേന്ദ്രം ആഴം കുറഞ്ഞായതിനാല്‍ തുടർചലനങ്ങളിലേക്കും അപകടസാധ്യതയിലേക്കും ഇത് വിരല്‍ചൂണ്ടുന്നു.
അതേസമയം, അലാസ്കയില്‍ ഭൂചലനം എന്നുള്ളത് ഒറ്റപ്പെട്ട ഒന്നല്ല. അലാസ്ക-അലൂഷ്യൻ സബ്ഡക്ഷൻ സിസ്റ്റത്തിലാണ് അലാസ്ക ഉപദ്വീപ് സ്ഥിതി ചെയ്യുന്നത്. ഭൂമിയിലെ ഏറ്റവും സജീവ ഭൂചലന മേഖലകളില്‍ ഒന്നാണിത്. മറ്റ് മേഖലകളെ അപേക്ഷിച്ച് കഴിഞ്ഞ നൂറു വർഷത്തിനിടയിൽ 8 തീവ്രതയിൽ കൂടുതൽ ഭൂചലനങ്ങള്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഈ പ്രദേശത്ത് 130ലധികം അഗ്നിപർവ്വതങ്ങളുമുണ്ട്. അതിനാല്‍ ഈ ചലനങ്ങള്‍ സുനാമിക്ക് കാരണമാകാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല. കഴിഞ്ഞ 200 വർഷത്തിനിടയിൽ യുഎസില്‍ നടന്ന അഗ്നിപർവ്വത സ്ഫോടനങ്ങളുടെ 75 ശതമാനത്തിലധികവും അലാസ്കയിലായിരുന്നു. അതുകൊണ്ടുതന്നെ സ്ഥിതിഗതികൾ ശാസ്ത്രജ്ഞര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.