ഒന്നിന് പുറകെ ഒന്നായി മൂന്ന് ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയതിന് പിന്നാലെ റഷ്യയുടെ പസഫിക് തീരത്ത് സുനാമി മുന്നറിയിപ്പ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ (യുഎസ്ജിഎസ്) റിപ്പോര്‍ട്ടുകള്‍ പ്രകാരം ഞായറാഴ്ച പെട്രോപാവ്‌ലോവ്‌സ്ക്- കാംചത്ക തീരത്താണ് 32 മിനിറ്റിനുള്ളിൽ മൂന്ന് ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടായത്. തുടര്‍ന്നാണ് റഷ്യയിലും അമേരിക്കയിലെ ഹവായ് സംസ്ഥാനത്തും സുനാമി മുന്നറിയിപ്പ് നൽകിയത്. പ്രാദേശിക സമയം രാത്രി 8:49 നായിരുന്നു ഭൂചലനം ഉണ്ടായത്. നിലവില്‍ ഹവായിക്ക് സുനാമി ഭീഷണിയില്ലെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം കണ്ടെത്തിയതിനെത്തുടർന്ന് ഹവായിലെ സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചിട്ടുണ്ട്.
കാംചത്ക തീരത്ത് അനുഭവപ്പെട്ട ഭൂചലനങ്ങളില്‍ ആദ്യത്തേത് 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു. പിന്നാലെ 30 മിനിറ്റിനുള്ളില്‍ ഇതേ പ്രദേശത്ത് തുടര്‍ചലനങ്ങളുണ്ടായി. രണ്ടാമത്തെ ഭൂചലനത്തിന്‍റെ തീവ്രത 6.7 ഉം മൂന്നാമത്തേത് 7.4 തീവ്രതയിലുമായിരുന്നു. കാംചത്കയില്‍ നിന്ന് 151 കിലോമീറ്റർ കിഴക്കായി 8.7 കിലോമീറ്റർ ആഴത്തില്‍ സമുദ്രത്തിലാണ് രണ്ടാമത്തെ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. 1,80,000 ജനസംഖ്യയുള്ള പെട്രോപാവ്‌ലോവ്‌സ്ക്– കാംചത്ക നഗരത്തില്‍ നിന്ന് ഏകദേശം 144 കിലോമീറ്റർ കിഴക്കായി, 20 കിലോമീറ്റർ ആഴത്തില്‍ സമുദ്രത്തിലാണ് മൂന്നാമത്തേതും തീവ്രതകൂടിയതുമായ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.
സമുദ്രത്തിനടിയിലെ ശക്തമായ ഭൂചലനമായതിനാല്‍ പസഫിക്കിലെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവില്‍ അപകടകരമായ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് യുഎസ്ജിഎസ് മുന്നറിയിപ്പ് നൽകിയത്. നേരത്തെ, ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് കാംചത്ക മേഖലയുടെ തീരത്ത് 6.6 തീവ്രതയുള്ള ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 10 കിലോമീറ്റർ ആഴത്തിലുള്ള ഭൂചലനത്തിന്‍റെ തീവ്രത 6.2 എന്നാണ് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ പിന്നാലെ യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററും യുഎസ് ജിയോളജിക്കൽ സർവേയും ഈ ഭൂചലനത്തിന്‍റെ തീവ്രത 7.4 ലേക്ക് ഉയര്‍ത്തുകയായിരുന്നു.