എന്‍ജിന് തീപിടിച്ചതിനെ തുടര്‍ന്ന് ലൊസാഞ്ചലസില്‍ അടിയന്തര ലാന്‍ഡിങ് നടത്തി അറ്റ്ലാന്റയിലേക്ക് പോകുകയായിരുന്ന ഡെൽറ്റ എയർ ലൈൻസ് വിമാനം. ഏവിയേഷൻ A2Z ന്റെ റിപ്പോർട്ട് അനുസരിച്ച് ലൊസാഞ്ചലസ് വിമാനത്താവളം വിട്ട ഉടനെയാണ് വിമാനത്തിന്‍റെ എന്‍ജിനില്‍ തീ കണ്ടെത്തിയത്. ഇടത് തീയുമായി എന്‍ജിനില്‍ തീയുമായി വിമാനം പറക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
തീകണ്ടെത്തിയതിനെ തുടര്‍ന്ന് പൈലറ്റുമാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുകയും എയർ ട്രാഫിക് കൺട്രോളിനെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് വിമാനം പസഫിക് സമുദ്രത്തിന് മുകളിലൂടെ കരയിലേക്ക് തിരിച്ചുവിടുകയായിരുന്നു. തിരിച്ചുള്ള യാത്രയിലുടനീളം വിമാനം സ്ഥിരമായ ഉയരവും വേഗതയും നിലനിർത്തി. ലാൻഡ് ചെയ്തയുടൻ അഗ്നിശമന ജീവനക്കാര്‍ ചേര്‍ന്ന് തീയണച്ചു. വിമാനത്തിയെ യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വിമാനത്തിന്റെ ഇടത് എന്‍ജിനില്‍ ഒരു പ്രശ്നമുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് ഡെൽറ്റ ഫ്ലൈറ്റ് 446 പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ലൊസാഞ്ചലസില്‍ തിരിച്ചിറക്കി എന്നാണ് ഡെല്‍റ്റ എയര്‍ലൈന്‍സിന്‍റെ വക്താവ് ബിബിസിയോട് പ്രതികരിച്ചത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് ജനറൽ ഇലക്ട്രിക് സിഎഫ്6 എന്‍ജിനുകളാണ് 24 വർഷം പഴക്കമുള്ള ഈ ബോയിങ് 767-400 വിമാനമാത്തിന് കരുത്തുപകരുന്നത്.
അതേസമയം, ഡെല്‍റ്റ എയര്‍ലൈന്‍സില്‍ ഈ വര്‍ഷണുണ്ടാകുന്ന രണ്ടാമത്തെ എന്‍ജിന്‍ തീപിടുത്തമാണിത്. ജനുവരിയിൽ, ബ്രസീലിലെ സോ പോളോയിലേക്കുള്ള യാത്രാമധ്യേ എന്‍ജിനില്‍ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ലൈന്‍സിന്‍റെ മറ്റൊരു വിമാനം അറ്റ്ലാന്റയില്‍ തിരിച്ചിറക്കിയിരുന്നു. പറന്നുയർന്ന് അൽപ്പസമയത്തിനകം വിമാനത്തിലെ എന്‍ജിനില്‍ തീ കണ്ടെത്തുകയായിരുന്നു.