'കിസ് ക്യാം' എന്ന് കേട്ടിട്ടുണ്ടോ? സാധാരണയായി സംഗീത പരിപാടിക്കിടെ ഒരു സന്തോഷത്തിന് ചെയ്യുന്ന പരിപാടിയാണിത്. ക്യാമറ ചുംബിക്കുന്ന ദമ്പതികളിലേക്ക് തിരിക്കുന്ന ഒരു വിനോദം. എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച യുഎസിലെ മാസച്യുസിറ്റ്സിലെ ഗില്ലറ്റ് സ്റ്റേഡിയത്തിൽ സംഭവിച്ചത് മറ്റൊന്നാണ്. കോൾഡ്‌പ്ലേയുടെ പരിപാടിക്കിടെ നടത്തിയ ഒരു ‘കിസ് ക്യാം’ കുറച്ചു സീരിയസായി. പ്രമുഖ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് സ്ഥാപനമായ അസ്ട്രോണമറിന്റെ സിഇഒ ആയ ആൻഡി ബൈറണിലേക്കും അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ എച്ച്ആർ ഹെഡായ ക്രിസ്റ്റിൻ കാബോട്ടിലേക്കുമായിരുന്നു ഇത്തവണ ക്യാമറ തിരിഞ്ഞത്. ‘പെട്ടു’ എന്നറിഞ്ഞ നിമിഷം, ബൈറൺ കാബോട്ടിനെ തള്ളിമാറ്റി ജനക്കൂട്ടത്തിന് പിന്നിലേക്ക് ഒളിക്കാൻ ശ്രമിക്കുന്നതും ക്യാമറയില്‍ പതിഞ്ഞു. പിന്നാലെ ചിരിയായി ചിന്തയായി ചര്‍ച്ചയായി. ഒടുവില്‍ ആൻഡി ബൈറണ്‍ സിഇഒ സ്ഥാനം രാജിവച്ച് പടിയിറങ്ങേണ്ടിയും വന്നു.
എന്നാല്‍ ഈ കിസ് ക്യാമില്‍ ആൻഡി ബൈറണിന് നഷ്ടം തന്‍റെ സിഇഒ സ്ഥാനം മാത്രമായിരിക്കില്ല, കോടികള്‍ കൂടിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ ബൈറണിന് വലിയ വില നല്‍കേണ്ടിവരും. പക്ഷേ ആര്‍ക്ക്? വിവാദത്തിന് പിന്നാലെ ആൻഡി ബൈറണിന്‍റെ ഭാര്യ മേഗൻ, സമൂഹമാധ്യമ പ്രൊഫൈലുകളിൽ നിന്നും ആൻഡി ബൈറണിന്റെ പേര് നീക്കം ചെയ്തിരുന്നു. ഇത് ഇരുവരും തമ്മിലുള്ള വിവാഹമോചനത്തെ കുറിച്ചുള്ള ഊഹോപോഹങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി. ബൈറണുമായി മേഗന്‍ വേർപിരിയാൻ തീരുമാനിച്ചാൽ നഷ്ട പരിഹാരമായി കൊടുക്കേണ്ടി വരുന്ന തക ചില്ലറയായിരിക്കില്ല. ഇത് മേഗനെ ധനികയായ സ്ത്രീയാക്കിമാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാസച്യുസിറ്റ്സിലെ പ്രശസ്തയായ വിദ്യാഭ്യാസ പ്രവർത്തകയാണ് മേഗൻ കെറിഗൻ.
ബൈറണ്‍– മേഗന്‍ ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാണുള്ളത്. മേഗൻ കെറിഗൻ വിവാഹമോചനം നേടാൻ തീരുമാനിച്ചാൽ മാസച്യുസിറ്റ്സിലെ വിവാഹ നിയമങ്ങൾ അനുസരിച്ച് തന്‍റെ ദശലക്ഷക്കണക്കിന് രൂപ മൂല്യം വരുന്ന സ്വത്തിൽ പകുതിയും മേഗന് നല്‍കേണ്ടി വരും. ഏഴ് വർഷത്തിൽ കൂടുതൽ വിവാഹിതരായവർ ഒരുമിച്ച് നേടിയ ഏതൊരു സ്വത്തും വിഭജിക്കണമെന്നാണ് ബേ സ്റ്റേറ്റ് നിഷ്കർഷിക്കുന്നതെന്ന് ഒരു കുടുംബ അഭിഭാഷകയെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വൈവാഹിക ജീവിതത്തിന്റെ ദൈർഘ്യം, ബൈറണുമായി താരതമ്യപ്പെടുത്തുമ്പോൾ മേഗന്റെ കുറഞ്ഞ വരുമാനം, പിന്തുടർന്ന ജീവിതരീതി എന്നിവയെല്ലാം കണക്കിലെടുത്തായിരിക്കും മേഗന് ജീവനാംശം നൽകേണ്ടി വരുന്നത്. 20 വർഷം മുൻപാണ് മേഗനും ആൻഡിയും വിവാഹിതരായത്. ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം അദ്ദേഹത്തിന്റെ ആസ്തിയാകട്ടെ 20 മുതൽ 70 മില്യൺ ഡോളർ വരെയാണ്.
അതേസമയം ബൈറണിന്‍റെ കൂടെ കിസ് ക്യാമില്‍പ്പെട്ട എച്ച്ആർ ഹെഡായ ക്രിസ്റ്റിൻ കാബോട്ടിന് തന്‍റെ ഭര്‍ത്താവുമായി 50/50 അനുപാതത്തില്‍ സമ്പത്ത് വിഭജിക്കേണ്ടിവരില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കാരണം ഏഴ് വർഷത്തിൽ കൂടുതൽ വിവാഹിതരായവർ എന്ന നിബന്ധനയിവിടെ പാലിക്കപ്പെടില്ല. ഇരുവരും വിവാഹിതരായിട്ട് കുറഞ്ഞ കാലം മാത്രമേയായിട്ടുള്ളൂ.
സമൂഹമാധ്യമങ്ങളിൽ നിന്നും പേര് നീക്കം ചെയ്തെങ്കിലും സംഭവത്തെക്കുറിച്ച് മേഗന്റെ ഭാഗത്തുനിന്ന് മറ്റു പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. സംഭവത്തില്‍ മേഗന് വലിയ രീതിയിലുള്ള പിന്തുണയും സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നുണ്ട്. എത്രയും വേഗം വിവാഹബന്ധം വേർപെടുത്തുകയും കൃത്യമായ നഷ്ടപരിഹാരം നേടുകയും ചെയ്യണമെന്നാണ് മേഗനോട് ആളുകൾ ആവശ്യപ്പെടുന്നത്.