ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ചൈന ബ്രഹ്മപുത്ര നദിയില്‍ നിര്‍മിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ ഇതിനകം ആഗോള തലത്തില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോളിതാ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ‘മെഗാ’ അണക്കെട്ടിന്‍റെ നിര്‍മ്മാണം ശനിയാഴ്ച ആരംഭിച്ചിരിക്കുകയാണ് ചൈന. അണക്കെട്ടിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ ചൈനീസ് പ്രധാനമന്ത്രി ലി ചിയാങും പങ്കെടുത്തിരുന്നു. ടിബറ്റില്‍ ‘യാർലുങ് സാങ്‌പോ’ എന്നറിയപ്പെടുന്ന ബ്രഹ്മപുത്ര നദിക്ക് കുറുകെയാണ് പുതിയ അണക്കെട്ട് വരുന്നത്. ചൈനയിലെ ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശം കൂടിയാണ് നിര്‍ദിഷ്ട പദ്ധതി പ്രദേശം.
എന്താണ് ചൈനയുടെ പദ്ധതി?
ചൈനയുടെ 14ാം പഞ്ചവല്‍സര പദ്ധതിയുടെ (2021–25) ഭാഗമാണ് ഈ പുതിയ അണക്കെട്ട് നിര്‍മ്മാണം. ഡിസംബറിൽ പദ്ധതിക്ക് ചൈനീസ് ഭരണകൂടം അനുമതി നല്‍കിയിരുന്നു. കാർബൺ ന്യൂട്രാലിറ്റി നയങ്ങളെ പ്രോല്‍സാഹിപ്പിക്കുക, ടിബറ്റില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുക എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങളാണ് ചൈനയുടെ പുതിയ ഡാമിന് പിന്നിലുള്ളത്. അണക്കെട്ടില്‍ നിന്നും ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി പ്രധാനമായും ടിബറ്റ് അടക്കമുള്ള പ്രദേശങ്ങളിലെ ഉപഭോഗത്തിനായി കൈമാറും. നിർമ്മാണം പൂർത്തിയായാൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരിക്കും ഇത്. ചൈനയുടെ തന്നെ പടുകൂറ്റന്‍ അണക്കെട്ടായ ത്രീ ഗോര്‍ജസ് ഡാമിനെയും ഇത് കടത്തിവെട്ടുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പദ്ധതിയുടെ മൊത്തം നിക്ഷേപം 1.2 ട്രില്യൺ യുവാൻ (167.1 ബില്യൺ ഡോളർ) ആണെന്നാണ് സ്വിന്‍ഹ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയെ ബാധിക്കുമോ?
ഇന്ത്യന്‍ അതിര്‍ത്തിയോട് ഏറ്റവുമടുത്ത സ്ഥലത്ത് അണക്കെട്ട് നിര്‍മിക്കുന്നത് പല തരത്തിലുള്ള ആശങ്കകള്‍ക്കും കാരണമായിട്ടുണ്ട്. ബ്രഹ്മപുത്ര നദി അരുണാചലിലേക്കും അവിടെ നിന്ന് ബംഗ്ലദേശിലേക്കും യു–ടേണ്‍ പോലെ പിരിയുന്ന കൂറ്റന്‍ കിടങ്ങ് പ്രദേശത്തായാണ് അണക്കെട്ട് വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അണക്കെട്ട് നിലവില്‍ വരുന്നതോടെ അരുണാചല്‍ പ്രദേശിലും ബംഗ്ലദേശിലും പ്രളയസാധ്യതയേറും. ദശലക്ഷക്കണക്കിന് ആളുകളെ ഇത് ഗുരുതരമായി ബാധിക്കാനും സാധ്യതയുണ്ട്.
പദ്ധതിയെക്കുറിച്ച് ജനുവരിയിൽ ഇന്ത്യ ചൈനയോട് ആശങ്ക പ്രകടിപ്പിച്ചിരുന്നു. തങ്ങളുടെ രാജ്യത്തിലെ ജനങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഇന്ത്യ ചൈനയോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ബ്രഹ്മപുത്ര നദിയുടെ താഴ്‌വരയിലുള്ള സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾക്ക് ഉയര്‍ന്ന പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾ ദോഷം വരുത്തുന്നില്ലെന്ന് ഉറപ്പാക്കാനും അന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. സ്ഥിതിഗതികള്‍ കൃത്യമായി വീക്ഷിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
ചൈന പറയുന്നതെന്ത്?
പദ്ധതി യാതൊരു പ്രത്യാഘാതവും ഉണ്ടാക്കില്ലെന്നാണ് ഡിസംബറിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. കൂടാതെ നദിയുടെ താഴ്ന്ന ഭാഗങ്ങളിലുള്ള രാജ്യങ്ങളുമായി ആശയവിനിമയം നിലനിർത്തുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതേസമയം, പരിസ്ഥിതി ലോലമായ ടിബറ്റൻ പീഠഭൂമിയിൽ ഇത്തരം വൻ പദ്ധതികൾ വരുത്തുന്ന മാറ്റാനാവാത്ത പ്രത്യാഘാതങ്ങളെക്കുറിച്ച് നിരവധി പരിസ്ഥിതി പ്രവർത്തകർ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ത്രീ ഗോര്‍ജസ് ഡാം
ചൈനയിലെ ഹ്യൂബെ പ്രവിശ്യയിലെ യാങ്ട്സെ നദിയിലാണ് ത്രീ ഗോർജസ് അണക്കെട്ട് നിർമിച്ചിരിക്കുന്നത്. നിലവിൽ, ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടാണിത്. വെള്ളപ്പൊക്കം നിയന്ത്രിക്കുക എന്നതായിരുന്നു അണക്കെട്ടുകൊണ്ട് ചൈനയുടെ ലക്ഷ്യം. പതിറ്റാണ്ടുകൾ എടുത്താണ് നിർമാണം പൂർത്തിയായത്. അണക്കെട്ടിന്‍റെ റിസർവോയര്‍ നിർമിക്കാന്‍ 1.4 ദശലക്ഷം ആളുകളെയാണ് മാറ്റിപ്പാർപ്പിക്കേണ്ടി വന്നത്. റിസര്‍വോയിര്‍ വെള്ളത്തില്‍ ജീവിക്കുന്ന ജീവജാലങ്ങളെയും പ്രതികൂലമായി ബാധിച്ചു. കൃഷിയിടങ്ങളും നശിച്ചു. അണക്കെട്ട് നിർമ്മിക്കുന്നതിനുള്ള ചിലവ് 25 ബില്യൺ ഡോളറായിരുന്നു എന്നാണ് കണക്കുകള്‍. എന്നാല്‍ ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇത് 37 ബില്യൺ ഡോളർ വരെയാണെന്നാണ്. ത്രീ ഗോര്‍ജസ് ഡാമിന്‍റെ നിര്‍മാണം ഭൂമിയുടെ ഭ്രമണത്തിന്റെ വേഗം 0.06 മൈക്രോ സെക്കൻഡുകൾ കുറച്ചതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.