എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ലോഹമാല ധരിച്ച് അനുവാദമില്ലാതെ എംആര്‍ഐ സ്കാന്‍ നടക്കുന്ന മുറിയില്‍ പ്രവേശിച്ച യുഎസ് പൗരനെ അപ്പാടെ വലിച്ചെടുത്ത് എംആർഐ മെഷീന്‍. ന്യൂയോർക്കിലെ നാസാവു ഓപ്പൺ എംആർഐയിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. എന്നാല്‍ സ്കാനിങ് നടക്കുന്നതിനിടെ എങ്ങിനെ മെഡിക്കൽ സ്യൂട്ടിലേക്ക് ഇയാള്‍ക്ക് പ്രവേശനം ലഭിച്ചുവെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ... എംആര്‍ഐ മെഷീന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോളാണ് 61കാരനായ ഇയാള്‍ മുറിയിലേക്ക് കയറിച്ചെന്നത്. പിന്നാലെ എംആർഐ യന്ത്രത്തിന്‍റെ അതിശക്തമായ കാന്തം കഴുത്തില്‍ വലിയ ലോഹമാല ധരിച്ച ഇയാളെ ഉള്ളിലേക്ക് വലിച്ചെടുക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടന്‍ തന്നെ പുറത്തെടുത്ത് പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
ആന്തരികാവയവങ്ങളുടെ ഘടനയും പ്രവര്‍ത്തനവും മനസിലാക്കാനുള്ള സ്‌കാനിങ് രീതിയാണ് മാഗ്നറ്റിക് റെസണന്‍സ് ഇമേജിങ് അഥവാ എംആര്‍ഐ. ശക്തമായ കാന്തങ്ങൾ ഉപയോഗിച്ച് ശക്തമായ ഒരു കാന്തികക്ഷേത്രം സൃഷ്ടിച്ചാണ് എംആര്‍ഐ മെഷീന്‍ പ്രവര്‍ത്തിക്കുന്നത്. ഈ കാന്തികശക്തി യന്ത്രത്തിനപ്പുറത്തേക്ക് വ്യാപിക്കുകയും ചുറ്റുമുള്ള ലോഹവസ്തുക്കളില്‍ പ്രയോഗിക്കപ്പെടുകയും ചെയ്യും. അതിനാല്‍ ശരീരത്തിലെ എല്ലാ ലോഹ വസ്തുക്കളും ആഭരണങ്ങളും നീക്കം ചെയ്ത് ഇംപ്ലാന്റുകളുണ്ടെങ്കില്‍ അവയെക്കുറിച്ച് ടെക്നീഷ്യന്മാരെ അറിയിച്ചതിനുശേഷമായിരിക്കും രോഗികളെ സ്കാന്‍ ചെയ്യുന്നത്. തീര്‍ത്തും സുരക്ഷിതമായ കാന്തികവലയത്തില്‍ നടക്കുന്ന എംആര്‍ഐ സ്കാനിങ്ങില്‍, ഹാനികരമായി ഒന്നും ഇല്ല.