Screengrab from x/alghadeer_tv
കിഴക്കന്‍ ഇറാഖിലെ അല്‍ കുത് നഗരത്തിലെ ഷോപ്പിങ് മാളിലുണ്ടായ തീപിടിത്തത്തില്‍ 60 പേര്‍ വെന്തുമരിച്ചു. ഒട്ടേറെപേര്‍ക്ക് പരുക്കേല്‍ക്കുകയും ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഷോപ്പിങ്മാളിലെ ഹൈപ്പര്‍മാര്‍ക്കറ്റിലാണ് അഗ്നിബാധയുണ്ടായത്. അഞ്ചുനിലയുള്ള മാളിനെ തീ വിഴുങ്ങുന്നതിന്‍റെ ഭീതിദമായ വിഡിയോകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അഗ്നിരക്ഷാസേന തീയണയ്ക്കാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം.
അപകടമുണ്ടായ മാളില്‍ നിന്നും കത്തിക്കരിഞ്ഞ നിലയിലാണ് 14 മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് ഇറാഖ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 45 പേരെ സ്ഥലത്ത് നിന്നും രക്ഷപെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. മരിച്ചവരില്‍ 59 പേരെ തിരിച്ചറിഞ്ഞതായി ആരോഗ്യമന്ത്രാലയം റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി. ഒരു മൃതദേഹം തിരിച്ചറിയാനായിട്ടില്ല.
ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നാരംഭിച്ച തീ തൊട്ടടുത്ത ഭക്ഷണശാലയിലേക്കും പടരുകയായിരുന്നുവെന്നാണ് വസീത് പ്രവിശ്യ ഗവര്‍ണറായ മുഹമ്മദ് അല്‍ മയാഹി അറിയിച്ചത്. ഷോപിങിന് പിന്നാലെ ഭക്ഷണം കഴിക്കാന്‍ എത്തിയവരാണ് മരിച്ചവരിലധികവുമെന്നാണ് കരുതുന്നത്. അപകടത്തെ തുടര്‍ന്ന് അല്‍ കുത്തില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അപകടത്തില്‍ 48 മണിക്കൂറിനകം വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായി പ്രവിശ്യാ ഗവര്‍ണര്‍ ഉത്തരവിട്ടു. ഷോപിങ് മാളിന്‍റെയും കെട്ടിടത്തിന്‍റെയും ഉടമകള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തുവെന്നും അന്വേഷണം പുരോഗമിക്കുന്നുവെന്നും ഇറാന്‍റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.