അമേരിക്കയിലെ കലിഫോര്‍ണിയയില്‍ പ്രദേശവാസികളെയും ഉദ്യോഗസ്ഥരെയും നട്ടംതിരിച്ചത് ഒരു പാവയാണ്. ഒറ്റ നോട്ടത്തില്‍ മനുഷ്യന്‍റെ ചര്‍മ്മം കൊണ്ട് നിര്‍മ്മിച്ചത് എന്ന് തോന്നിയേക്കാവുന്ന ഒരു പാവ. ബെയർ വാലി റോഡിലെ ഗ്യാസ് സ്റ്റേഷന് സമീപമുള്ള ഒരു ബസ് സ്റ്റോപ്പിലാണ് ഞായറാഴ്ച പാവയെ കണ്ടെത്തിയത്. നടപ്പാതയിൽ ഇരിക്കുന്ന തരത്തിലായിരുന്നു പാവ.
ഒറ്റ നോട്ടത്തില്‍ ഒരു കരടിയുടെ പാവയാണെങ്കിലും മനുഷ്യരുടേത് എന്ന് തോന്നുന്ന ചര്‍മ്മം കൊണ്ടായിരുന്നു പാവ നിര്‍മ്മിച്ചത്. മനുഷ്യന്‍റേതുപോലുള്ള ചുണ്ട്, മൂക്ക് എന്നിവയും പാവയ്ക്കുണ്ടായിരുന്നു, എല്ലായിടത്തും തൊലി തുന്നിച്ചേര്‍ത്തത് എന്ന് തോന്നിക്കുന്ന തുന്നലിന്‍റെ അടയാളങ്ങളും രക്തത്തിന്‍റേത് എന്നപോലുള്ള നിറവും പാവയില്‍ ഉണ്ടായിരുന്നു. ആരോ ഒരാളുടെ തൊലി നീക്കം ചെയ്ത് ഒരു ടെഡി ബിയറായി മാറ്റിയതുപോലെയായിരുന്നു പാവ. എല്ലാം ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തതുപോലെയും.
പരിഭ്രാന്തരായ പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഒടുവില്‍ തെളിഞ്ഞത് എല്ലാം ഒരു തമാശയായിരുന്നു എന്നാണ്. പാവ ലാബില്‍ അയച്ച് പരിശോധിച്ചതില്‍ നിന്നും മനുഷ്യ ചര്‍മ്മം കൊണ്ട് നിര്‍മ്മിച്ചതല്ലെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ മനുഷ്യന്‍റെ തൊലി കൊണ്ട് നിര്‍മ്മിച്ചത് എന്ന അവകാശവാദത്തോടെ ഒരു വെബ്‌സൈറ്റിൽ ഈ പാവകളെ വിൽക്കുന്നതായി പൊലീസ് കണ്ടെത്തുകയും ചെയ്തു. ഈ പാവകളെ നിര്‍മ്മിക്കുന്നയാള്‍ ഇത് അയാള്‍ തന്നെ നിര്‍മ്മിച്ചത് എന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച വിക്ടർവില്ലയിലെ ഒരാള്‍ക്ക് വിറ്റ പാവയാണിതെന്നും പാവയുടെ നിര്‍മ്മാതാവ് പറഞ്ഞു. ഹാലോവീൻ പ്രദർശനങ്ങൾക്കും സിനിമകൾക്കുമായാണ് ഇവയില്‍ പലതും നിര്‍മ്മിച്ചിട്ടുള്ളത്.
തന്‍റെ പാവകള്‍ മനുഷ്യരുടെ ചര്‍മ്മം കൊണ്ടല്ല ലാറ്റക്സ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്നും മനുഷ്യ ചർമ്മത്തിന്റെ രൂപം നല്‍കാന്‍ വേണ്ടി നിറങ്ങളും മുറ്റും ഉപയോഗിച്ചതായും അദ്ദേഹം പറയുന്നു. ഗിറ്റാറുകൾ, ടെഡി ബിയറുകൾ മുതൽ സോഫകൾ വരെ എല്ലാത്തിലും ഇത് ഉപയോഗിച്ചിട്ടുണ്ട്. യഥാർഥ മനുഷ്യരുടെ ലൈവ് കാസ്റ്റിങ്ങുകളും തങ്ങള്‍ ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാവയെ തെരുവില്‍ കൊണ്ടുവയ്ക്കുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതിന് 23 കാരനായ യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.