ഇന്ത്യ–യു.എസ് വ്യാപാരകരാര്‍ ചര്‍ച്ചകള്‍ നാളെ പുനരാരംഭിക്കും. പാല്‍ ഉല്‍പ്പന്നങ്ങളുടെ തീരുവയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കീറാമുട്ടിയായി നില്‍ക്കുന്നത്. പാല്‍വിപണി അമേരിക്കയ്ക്കു തുറന്നുകൊടുത്താല്‍ 1.03 ലക്ഷം കോടിയുടെ നഷ്ടമുണ്ടാകുമെന്ന് സ്റ്റേറ്റ് ബാങ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നു. ജൈവ ഭക്ഷ്യോല്‍പന്നങ്ങളുടെയും സുഗന്ധദ്രവ്യങ്ങളുടെയും തീരുവയില്‍ ധാരണയായാല്‍ ഇന്ത്യക്ക് ഗുണംചെയ്യും.
ഇന്ത്യ– യു.എസ്. വ്യാപര കരാറിന് പ്രധാന തടസം പാല്‍ വിപണി തുറന്നുകൊടുക്കണമെന്ന യു.എസ്. നിലപാടാണ്. എന്തുകൊണ്ട് ഇന്ത്യ ഇത് അംഗീകരിക്കുന്നില്ലെന്ന ചോദ്യത്തിന് ഉത്തരമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ഗ്രാമീണ മേഖലയുടെ നട്ടെല്ലാണ് ക്ഷീരകര്‍ഷകര്‍. രാജ്യത്ത് ഒരുവര്‍ഷം ഏഴര ലക്ഷം കോടി മുതല്‍ ഒന്‍പത് ലക്ഷം കോടി വരെയാണ് പാല്‍ വിപണിയില്‍ നിന്നുള്ള വരുമാനം. എട്ടുകോടി ജനങ്ങള്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുന്നു.
യു.എസില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്താല്‍ പാല്‍വിലയില്‍ 15 ശതമാനത്തിന്‍റെയെങ്കിലും കുറവ് വരും. 1.03 ലക്ഷം കോടിയുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടാവുക. ക്ഷീര കര്‍ഷകരുടെ വരുമാനം ഗണ്യമായി കുറയുന്നു എന്നതിനൊപ്പം രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെയും വന്‍ തോതില്‍ ബാധിക്കും. ഭക്ഷ്യോല്‍പന്ന മേഖലകളില്‍ ധാരണയിലെത്തിയാല്‍ ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ജൈവ ഭക്ഷ്യോല്‍പന്നങ്ങളുടെയും സുഗന്ധദ്രവ്യങ്ങളുടെയും കയറ്റുമതി മൂല്യം നിലവില്‍ 100 കോടി ഡോളറാണ്. അത് മുന്നൂറ് കോടി ഡോളര്‍ വരെയായി ഉയരും.