Image Credit: greatandhra.com

അമേരിക്കയില്‍ അവധിയാഘോഷിക്കാനെത്തിയ ഇന്ത്യന്‍ കുടുംബത്തിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഹൈദരാബാദില്‍ നിന്നുള്ള നാലംഗ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ശ്രീവെങ്കട്, തേജസ്വിനി രണ്ടു മക്കള്‍ എന്നിവരാണ് ഡാലസില്‍ വച്ച് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറിലേക്ക് ട്രക്ക് പാഞ്ഞുകയറിയതിന് പിന്നാലെ തീ പിടിച്ച് കത്തുകയായിരുന്നു.

അറ്റ്ലാന്‍റയിലുള്ള ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം മടങ്ങി ഹോട്ടലിലേക്ക് പോവുകയായിരുന്നു വെങ്കട്ടും കുടുംബവും. കാര്‍ കത്തിയതോടെ ഇവര്‍ക്ക് പുറത്തുകടക്കാനായില്ല. രക്ഷാപ്രവര്‍ത്തകരെത്തി പുറത്തെടുത്തുവെങ്കിലും നാലുപേരും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുകയും ഹൈദരാബാദിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ ഡിഎന്‍എ പരിശോധന ഉള്‍പ്പടെ വേണ്ടി വന്നേക്കും.

ട്രക്ക് ട്രാക്ക് മാറിയെത്തിയതാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഗ്രീന്‍ കൗണ്ടിക്ക് സമീപം വച്ചാണ് അപകടമുണ്ടായത്. അതേസമയം, വെങ്കടും കുടുംബവും സഞ്ചരിച്ച കാര്‍ അമിത വേഗതയിലായിരുന്നുവെന്നും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഇടിച്ചതിന് പിന്നാലെ കാര്‍ അഗ്നിഗോളമായി മാറുകയായിരുന്നുവെന്ന് സിസിടിവി ദൃക്സാക്ഷികള്‍ പറയുന്നു.

ENGLISH SUMMARY:

A four-member Indian family from Hyderabad, on vacation in the US, tragically died in a fiery car accident in Dallas. Sree Venkat, Tejaswini, and their two children were killed when a truck crashed into their car, causing it to ignite, trapping them inside.