ടെക്സാസ് മിന്നല്‍ പ്രളയത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 80 കടന്നു. നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കൃത്യമായി മരണസംഖ്യ കണ്ടെത്താനായിട്ടില്ലെങ്കിലും ഇനിയും അതുയരാനുള്ള സാധ്യതയുണ്ടെന്നാണ് അധികൃതരുടെ നിഗമനം.

ദുരന്തത്തിന്‍റെ വ്യാപ്തി ഇനിയും മനസിലാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ എന്തുകൊണ്ട് ഇത്തരമൊരു ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ സാധിച്ചില്ലെന്നതില്‍ വിമര്‍ശനം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ദുരന്തത്തിന്‍റെ കാരണങ്ങള്‍ നിരീക്ഷിക്കുന്ന ഒരു മലയാളിക്ക് കഴിഞ്ഞ വര്‍ഷം കേരളത്തേയാകെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ ദുരന്തത്തെ ഓര്‍മ വന്നുകാണും.

മുണ്ടക്കൈ ദുരന്തത്തിനോട് സാമ്യമുള്ള പല സംഭവങ്ങളും ടെക്സാസ് മിന്നല്‍പ്രളയത്തിലും അരങ്ങേറിയിട്ടുണ്ട്. കാലാവസ്ഥാനിരീക്ഷകരുടെ വിലയിരുത്തല്‍ പ്രകാരം പല മാസങ്ങളിലായി പെയ്യേണ്ട മഴയുടെ അളവ് ഒറ്റ ദിവസം കൊണ്ടാണ് പ്രദേശത്ത് പെയ്തത്. ഗ്വാന്‍ഡലൂപെ നദിയില്‍ 26 അടി (8 മീറ്റര്‍) അടി ഉയരത്തില്‍ ജലം ഇരച്ചെത്തി. ഇതോടെ നദിയുടെ വശങ്ങള്‍ ഇടിഞ്ഞു. കുത്തിയൊഴുകിയ നദിയിലേക്ക് മരങ്ങളും പാറകളും മറ്റും വീഴുകയും ഇത് ശക്തമായ പ്രളയമായി മാറുകയുമായിരുന്നു. എന്നാല്‍ മിന്നല്‍ പ്രളയങ്ങളെക്കുറിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നതാണ് ദുരന്തത്തെ കൂടുതല്‍ വേദനാജനകമാക്കുന്നത്.

രണ്ടാം തിയതി തന്നെ മഴമുന്നറിയിപ്പ് കണക്കിലെടുത്ത് വടക്ക്, മധ്യ ടെക്സാസില്‍ ടെക്സാസ് ദുരന്ത നിവാരണ സമിതി മിന്നല്‍ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. തൊട്ടടുത്ത ദിവസം ദേശീയ കാലാവസ്ഥാ വിഭാഗം അപകടം നടന്ന കെര്‍ കൗണ്ടി മേഖലയില്‍ മിന്നല്‍ പ്രളയമുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് അപകടത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഉച്ചയോടുകൂടി കെര്‍ കൗണ്ടിയിലും മിന്നല്‍ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തുടര്‍ന്ന് വൈകീട്ട് അഞ്ചരയോടെ ഗ്വാണ്ടലൂപെ നദിയില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പുണ്ടായി. അര്‍ധരാത്രിയോടെ പ്രളയമുണ്ടായി. എന്തുകൊണ്ടാണ് മുന്നറിയിപ്പുണ്ടായിട്ടും ആളുകള്‍ നദീതീരത്ത് തന്നെ രാത്രി കഴിച്ചൂകൂട്ടാന്‍ തീരുമാനിച്ചെന്നതില്‍ അധികൃതര്‍ക്ക് വ്യക്തത ലഭിച്ചിട്ടില്ല. പ്രാന്തപ്രദേശമായതിനാല്‍ മൊബൈല്‍ സിഗ്നലുകള്‍ ലഭിക്കാത്തതിനാല്‍ അപായമുന്നറിയിപ്പ് ഇവരിലേക്ക് എത്തിയില്ലായിരിക്കാം എന്നതാണ് പ്രാഥമിക നിഗമനം.

ഇത് കൂടാതെ നിരവധി മുന്നറിയിപ്പുകള്‍ വന്നിട്ടും പ്രശ്നങ്ങളുണ്ടാകാതിരുന്നതിനാല്‍ ആളുകള്‍ മുന്നറിയിപ്പ് അവഗണിച്ചതാകാമെന്നും നിഗമനമുണ്ട്. കാലാവസ്ഥാവകുപ്പിനെ ദുരന്തത്തില്‍ വിമര്‍ശിച്ച് നിരവധി പേരെത്തിയെങ്കിലും പുറത്തുവിട്ട മുന്നറിയിപ്പുകള്‍ നിരത്തിയാണ് കാലവസ്ഥാ വകുപ്പ് പ്രതികരിച്ചത്. എന്നാല്‍ ഇത്രയും വലിയ മഴ എത്തും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. ട്രംപ് ഭരണകൂടം അധികാരത്തിലെത്തിയതിന് പിന്നാലെ കാലാവസ്ഥാ പ്രകൃതിദുരന്ത പ്രവചന വകുപ്പുകള്‍ക്ക് ഫണ്ട് വെട്ടിച്ചുരുക്കിയത് ഇതോടെ ചര്‍ച്ചയായിട്ടുണ്ട്. ഇതിനിടെ ‌മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി ഡയറക്ടർ ഫ്രീമാൻ മാർട്ടിൻ ഞായറാഴ്ച പറഞ്ഞു. അതേസമയം രണ്ട് ദിവസത്തിനുള്ളില്‍ ടെക്സസില്‍ കനത്ത കാറ്റ് വീശുമെന്ന് മുന്നറിയിപ്പുണ്ട്.‌ മേഖലകളിലെ പ്രളയബാധിത പ്രദേശങ്ങളെ കുറിച്ച് മൊബൈല്‍ ഫോണുകളില്‍ അലര്‍ട്ട് നല്‍കുന്നതും തുടരുകയാണ്.

പ്രളയത്തില്‍ മരിച്ചര്‍ക്ക് അമേരിക്കന്‍ പ്രസിഡന്‍റെ ഡോണൾഡ് ട്രംപ് അനുശോചനം രേഖപ്പെടുത്തി. ‘സംഭവിച്ചത് വളരെ ഭയാനകമായ ഒന്നാണ്. ഈ കഠിനമായ സാഹചര്യത്തില്‍, ദുരിതത്തിലൂടെ കടന്നുപോകുന്ന ഏവരുടേയും കൂടെ ദൈവമുണ്ടാകട്ടെ’, ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉടന്‍ ദുരന്തഭൂമി സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 850 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇനിയും മിന്നൽ പ്രളയം ഉണ്ടാകാമെന്ന മുന്നറിയിപ്പുണ്ട്. അധികൃതരുമായി സഹകരിച്ചു പ്രവർത്തിക്കുകയാണെന്ന് ട്രംപ് അറിയിച്ചു. തിരച്ചിലിന് കോസ്റ്റ് ഗാർഡിനെയും വിന്യസിച്ചിട്ടുണ്ട്.