ഈയടുത്താണ് ലോകപ്രശസ്ത ഇറ്റാലിയന്‍ ഫാഷന്‍ ബ്രാന്‍റായ പ്രാഡ കോലാപുരി ചെരുപ്പുകളെ കോപ്പിയടിച്ചതിന്‍റെ പേരില്‍ വിമര്‍ശനങ്ങളേറ്റുവാങ്ങിയത്. കോലാപുരി ചെരുപ്പുകളുടെ ഈച്ചക്കോപ്പിക്ക് 1.2 ലക്ഷമാണ് പ്രാഡ വിലയിട്ടത്. ഇതോടെ പ്രാഡയ്ക്കെതിരെ നിയമനടപടിയും പുരോഗമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ പ്രാഡയുടെ പാത പിന്തുടര്‍ന്ന് കോപ്പിയടി വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് മറ്റൊരു ഫാഷന്‍ ബ്രാന്‍ഡായ ലൂയി വിറ്റോണ്‍. ഓട്ടോറിക്ഷയുടെ ഡിസൈനിലാണ് ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡ് പുതിയ ബാഗ് ഇറക്കിയിരിക്കുന്നത്. ലക്ഷങ്ങളാണ് ബാഗിന് വില പ്രതീക്ഷിക്കുന്നത്.
2026 മെന്‍സ് / സ്പ്രിങ് കലക്ഷനിലാണ് ലൂയി വിറ്റോണ്‍ ഓട്ടോറിക്ഷ ഡിസൈനില്‍ ഹാന്‍ഡ്ബാഗ് പുറത്തിറങ്ങിയത്. ഇന്ത്യന്‍ സംസ്കാരത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് പുതിയ ഡിസൈനുകള്‍ എന്നാണ് ലൂയി വിറ്റോണ്‍ അവകാശപ്പെടുന്നത്. എന്നാല്‍ പ്രചോദനം എന്നതിന് വിപരീതമായി ഇന്ത്യന്‍ വസ്തുക്കളെ പച്ചയായി തുന്നിയുണ്ടാക്കി ഹാന്‍ഡില്‍ പിടിപ്പിച്ചിരിക്കുകയാണ് ലൂയി വിറ്റോണ്‍ എന്ന് വ്യക്തം.
എന്നാല്‍ കോല്‍ഹാപൂര്‍ ചെരുപ്പുകള്‍ക്കുണ്ടായ കോപ്പിയടി എന്നതിന് വിപരീതമായി ഓട്ടോബാഗിന് വന്‍ ആരാധകരാണ് ഇതിനോടകം ഉയര്‍ന്നുവന്നിരിക്കുന്നത്. ബാഗായും ഉപയോഗിക്കാം ഉരുട്ടിക്കൊണ്ടുപോകാം വേണമെങ്കില്‍ മക്കള്‍ക്ക് കളിക്കാനുമുപയോഗിക്കാം എന്ന് ബാഗിനെ കളിയാക്കിയും പ്രശംസിച്ചും കമന്‍റുകളുണ്ട്.
എന്നാല്‍ സാധാരണക്കാരുടെ ജീവിതത്തിന്‍റെ ഭാഗം ധനികര്‍ക്ക് ഷോ കാണിക്കാനുള്ള ഉപാധിയാക്കി കാണിച്ച് അധിക്ഷേപിക്കുകയാണെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്. എന്താണ് പെട്ടെന്ന് പശ്ചാത്യ രാജ്യങ്ങള്‍ക്ക് ഇന്ത്യയോടും മറ്റ് ഏഷ്യന്‍ രാജ്യങ്ങളോടും ഒരു താല്‍പര്യം എന്നും വിമര്‍ശമുണ്ട്.
'മീറ്റര്‍ ചാര്‍ജാണോ വില ഈടാക്കുക', 'റോഡിലിറങ്ങിയപ്പോഴാണ് റിക്ഷ വീട്ടില്‍ വച്ച് മറന്നത്' എന്നടക്കം ചിരിപടര്‍ത്തുന്ന കമന്‍റുകളുമുണ്ട്. ആശയദാരിദ്ര്യം മൂലമാണ് ഇത്തരം ഡിസൈനുകള്‍ ഉണ്ടാക്കുന്നതെന്നും വിമര്‍ശനമുണ്ട്.