അമേരിക്കയിലെ ടെക്സസിലെ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 78 ആയി.‌‌ ഇതില്‍ 28 പേര്‍ കുട്ടികളാണ്. വിദേശരാജ്യങ്ങളിലെ 10 പേരും ഇതില്‍ ഉള്‍പ്പെടും. നാല്‍പ്പത്തിയൊന്ന് പേര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ‌മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി ഡയറക്ടർ ഫ്രീമാൻ മാർട്ടിൻ ഞായറാഴ്ച പറഞ്ഞു. അതേസമയം രണ്ട് ദിവസത്തിനുള്ളില്‍ ടെക്സസില്‍ കനത്ത കാറ്റ് വീശുമെന്ന് മുന്നറിയിപ്പുണ്ട്.‌ മേഖലകളിലെ പ്രളയബാധിത പ്രദേശങ്ങളെ കുറിച്ച് മൊബൈല്‍ ഫോണുകളില്‍ അലര്‍ട്ട് നല്‍കുന്നതും തുടരുകയാണ്.

പ്രളയത്തില്‍ മരിച്ചര്‍ക്ക് അമേരിക്കന്‍ പ്രസിഡന്‍റെ ഡോണൾഡ് ട്രംപ് അനുശോചനം രേഖപ്പെടുത്തി. ‘സംഭവിച്ചത് വളരെ ഭയാനകമായ ഒന്നാണ്. ഈ കഠിനമായ സാഹചര്യത്തില്‍, ദുരിതത്തിലൂടെ കടന്നുപോകുന്ന ഏവരുടേയും കൂടെ ദൈവമുണ്ടാകട്ടെ’, ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉടന്‍ ദുരന്തഭൂമി സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 850 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇനിയും മിന്നൽ പ്രളയം ഉണ്ടാകാമെന്ന മുന്നറിയിപ്പുണ്ട്. അധികൃതരുമായി സഹകരിച്ചു പ്രവർത്തിക്കുകയാണെന്ന് ട്രംപ് അറിയിച്ചു. തിരച്ചിലിന് കോസ്റ്റ് ഗാർഡിനെയും വിന്യസിച്ചിട്ടുണ്ട്.

യുഎസ് സ്വാതന്ത്ര്യദിനമായ വെള്ളിയാഴ്ച സെൻട്രൽ ടെക്സസ് പ്രദേശത്ത് പെയ്ത പേമാരിയെ തുടർന്ന് സമീപത്തുള്ള ഗ്വാഡലൂപ്പ് നദി കരകവിഞ്ഞതിനെ തുടർന്നാണ് മിന്നല്‍ പ്രളയമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ പേമാരിയിൽ ഗ്വാഡലൂപ് നദിയിലെ ജലനിരപ്പ് 2 മണിക്കൂർ കൊണ്ട് 6.7 മീറ്റർ വരെയാണ് കുതിച്ചുയർന്നത്. കനത്ത മഴ പ്രവചിച്ചിരുന്നെങ്കിലും കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചായിരുന്നു മിന്നൽപ്രളയമുണ്ടായത്. പുലര്‍ച്ചെയായതിനാലും പലരും ഉറക്കത്തിലായിരുന്നുതും ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടുകയായിരുന്നു.

ENGLISH SUMMARY:

The death toll from the catastrophic flash floods in Texas has risen to 78, including 28 children and 10 foreign nationals. According to Freeman Martin, Director of the Texas Department of Public Safety, 41 people remain missing, and the death toll may continue to rise. Heavy winds are forecast for the region in the next two days, prompting continued mobile alerts for flood-affected areas.