ഷഹീന്‍ III. (ഫയല്‍ ചിത്രം)

ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യയുടെ നിര്‍ണായക ആക്രമണം പാക്കിസ്ഥാന്‍റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട വ്യോമ കേന്ദ്രങ്ങള്‍ക്കെതിരെയായിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ആവശ്യവുമായി മുന്നോട്ടുവന്നത്. ആണവായുധത്തിലേക്ക് നീങ്ങാവുന്ന സംഘര്‍ഷം താനാണ് അവസാനിപ്പിച്ചെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപും അവകാശപ്പെട്ടിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍റെ ആണവായുധങ്ങളുമായി ബന്ധപ്പെട്ട് നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍ സിഐഎ ഓഫീസറായ ജോണ്‍ കരിയാക്കോവ്. 

പാക്കിസ്ഥാന്‍റെ ആണവായുധങ്ങളുടെ നിയന്ത്രണം യുഎസ് ജനറലിന് ആണെന്നാണ് അദ്ദേഹത്തിന്‍റെ ഒരു വിഡിയോയില്‍ പറയുന്നത്. "പാക്കിസ്ഥാന്‍റെ ആണവായുധങ്ങളുടെ കമാന്‍ഡും നിയന്ത്രണവും പാക്ക് സര്‍ക്കാര്‍ ഒരു അമേരിക്കൻ ജനറലിനെ  ഏല്‍പ്പിച്ചിരിക്കുന്നു" എന്നാണ് ജോണ്‍ കരിയാക്കോവിന്‍റെ വാക്കുകള്‍. 

സിഐഎയുടെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 2000-കളുടെ തുടക്കത്തിൽ പാക്കിസ്ഥാനിൽ ജോലി ചെയ്ത ആളണ് ജോണ്‍ കരിയാക്കോവ്. സിഐഎ-ഐഎസ്ഐ സംയുക്ത പ്രവർത്തനങ്ങൾ കൈകാര്യം ചെയ്ത അദ്ദേഹം 2002-ൽ അൽ-ഖ്വയ്ദ ഭീകരനായ അബു സുബൈദയെ പിടികൂടുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 9/11 ആക്രമണത്തിന് ശേഷം പിടികൂടുന്ന ആദ്യത്തെ പ്രധാന ഭീകരനാണ് അബു സുബൈദ. 2012ൽ സിഐഎയുടെ രഹസ്യവിവരം മാധ്യമപ്രവർത്തകന് ചോർത്തി നൽകിയെന്ന കേസില്‍ ചാരവൃത്തി നിയമപ്രകാരം ജോണ്‍ അറസ്റ്റിലായിരുന്നു. 

ജോണിന്‍റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ ഈയിടെ പാക്കിസ്ഥാനില്‍ നിന്നുണ്ടായിട്ടുണ്ട്. പാക്കിസ്ഥാന്‍റെ തന്ത്ര പ്രധാന നൂര്‍ ഖാന്‍ എയര്‍ബേസ് അമേരിക്കയുടെ നിയന്ത്രണത്തിലാണെന്നും മുതിര്‍ന്ന പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പോലും അങ്ങോട്ട് പ്രവേശനമില്ലെന്നുമാണ് കഴിഞ്ഞ മാസം പാക്ക് സുരക്ഷ വിദഗ്ധനായ ഇംതിയാസ് ഗുല്‍ പറഞ്ഞത്. പാക്കിസ്ഥാന്‍റെ ആണവായുധങ്ങളുടെ ചുമതലയുള്ള സ്ട്രാറ്റജിക് പ്ലാന്‍ ഡിവിഷന് സമീപമാണ് നൂര്‍ ഖാന്‍ എയര്‍ബേസ്

1998 മുതല്‍ ആണവശക്തിയായ പാക്കിസ്ഥാന്റെ ആണവായുധങ്ങളെ സംബന്ധിച്ച് പല ചര്‍ച്ചകളും നടക്കുന്നുണ്ട്. പാക്കിസ്ഥാന്‍റെ ആണവായുധങ്ങളുമായി ബന്ധപ്പെട്ട് യുഎസിന് കൃത്യമായ പദ്ധതികളുണ്ടെന്നാണ് ഒരുവാദം. അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വഴി യുഎസിന് പാക്കിസ്ഥാന്‍റെ ആണവ ശക്തിയില്‍ നിയന്ത്രണമുണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്. നിലവില്‍ 170 ആണവായുധങ്ങള്‍ പാക്കിസ്ഥാന്‍റെ പക്കലുണ്ടെന്നാണ് സ്റ്റോക്ക് ഹാം ഇന്‍റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കണക്ക്. 

ENGLISH SUMMARY:

Following India's 'Operation Sindoor' strikes on Pakistan's nuclear-related airbases, former CIA officer John Kiriakou claims a US general commands Pakistan's nuclear weapons. This explosive revelation, backed by recent reports of US control over Nur Khan airbase, adds a new dimension to Pakistan's nuclear program.