AI Image Credit: Gemini

രാജ്യത്തെ ജനന നിരക്ക് കുത്തനെ ഇടിഞ്ഞത് പരിഹരിക്കാന്‍ കൗമാരക്കാരികളായ അമ്മമാരെ പ്രോല്‍സാഹിപ്പിക്കാന്‍ റഷ്യ. ഏകദേശം ഒരു ലക്ഷത്തിലേറെ രൂപയാണ് പ്രസവിക്കുന്നതിനും കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനുമായി സ്കൂള്‍ വിദ്യാര്‍ഥിനികളായ അമ്മമാര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. തുടക്കത്തില്‍ റഷ്യയിലെ തിരഞ്ഞെടുത്ത  പത്ത് പ്രദേശങ്ങളെയാണ് പദ്ധതി നടപ്പിലാക്കുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 

രാജ്യത്തെ രക്ഷിക്കാന്‍ മറ്റുവഴിയില്ല!

2025 മാര്‍ച്ചിലാണ് ഇത് സംബന്ധിച്ച നയം ആദ്യമായി കൊണ്ടുവന്നത്. തുടക്കത്തില്‍ ഇത് പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍  2.05 വേണം ജനന നിരക്ക് എന്നിരിക്കെ 1.41 ആണ് 2023 ലെ കണക്കനുസരിച്ച് റഷ്യയിലെ ജനന നിരക്ക്. ഇത് മറികടക്കുന്നതിനായാണ് കുറച്ചു കൂടി വിശാലമായി റഷ്യ ചിന്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇക്കാര്യത്തില്‍ കടുത്ത ഭിന്നാഭിപ്രായം റഷ്യയില്‍ തന്നെ രൂപപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. റഷ്യന്‍ പബ്ലിക് ഒപിനിയന്‍ റിസര്‍ച്ച് സെന്‍റര്‍ നടത്തിയ പഠനത്തില്‍ 40 ശതമാനം പേര്‍ നയത്തെ എതിര്‍ത്തു. 43 ശതമാനം പേര്‍ പിന്തുണയും അറിയിച്ചിട്ടുണ്ട്. കൗമാരക്കാരായ അമ്മമാരെ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കുന്നതില്‍ ധാര്‍മിക പ്രശ്നമുണ്ടെന്ന് എതിര്‍ക്കുന്നവര്‍ വാദിക്കുമ്പോള്‍ രാജ്യത്തെ രക്ഷിക്കാന്‍ മറ്റു വഴിയില്ലെന്നാണ് നയത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. 

അതേസമയം, ജനസംഖ്യ കുത്തനെ കുറയുന്നത് ദേശീയ പ്രാധാന്യമുള്ള വിഷയമായി കണ്ട് ജനങ്ങള്‍ സഹകരിക്കണമെന്നാണ് പുട്ടിന്‍റെ നിലപാട്. രാജ്യത്തിന്‍റെ സൈനിക ശേഷി പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് മനുഷ്യരുടെ എണ്ണവുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. യുക്രെയ്നുമായി തുടരുന്ന യുദ്ധവും റഷ്യയുടെ ജനസംഖ്യാ വര്‍ധനവിന് തടസം സൃഷ്ടിച്ചിട്ടുണ്ടെന്നതാണ് വാസ്തവം. 250,000 ലേറെ സൈനികര്‍ യുക്രെയ്നുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. നിര്‍ബന്ധിത സൈനിക സേവനം ഭയന്ന് ആയിരക്കണക്കിന് യുവാക്കള്‍ രാജ്യം വിടുകയും ചെയ്തു.

Putin (Image Credit: Reuters)

ഗര്‍ഭധാരണവും കുട്ടികളെ വളര്‍ത്തലും പ്രോല്‍സാഹിപ്പിക്കുന്നതിനായി സാമ്പത്തിക സഹായത്തിന് പുറമെ ധാര്‍മികതയുടെ ഭാഗമാണെന്ന പ്രചാരണവും സര്‍ക്കാര്‍ വിവിധ സംഘടനകളിലൂടെ നടത്തുന്നു. സ്റ്റാലിന്‍റെ ഭരണകാലത്ത് പത്തോ അതിലധികമോ മക്കള്‍ ഉള്ള അമ്മാരെ ആദരിച്ചിരുന്നതിന് സമാനമായ നയവും റഷ്യ കൊണ്ടുവന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാത്രവുമല്ല, സ്വകാര്യ ക്ലിനികുകളില്‍ ഗര്‍ഭഛിദ്രം നടത്തുന്നതിന് കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തി. വിദ്യാഭ്യാസത്തിനായും കരിയറിനായും കുട്ടികളെ വേണ്ടെന്ന് വയ്ക്കുന്ന സ്ത്രീകള്‍ക്കെതിരെയും ഗര്‍ഭധാരണം വൈകിപ്പിക്കുന്നവര്‍ക്കെതിരെയും പ്രതിഷേധവും 'ഉയര്‍ത്തിക്കൊണ്ടു'വരുന്നു. 

അതേസമയം, ജനസംഖ്യയിലുണ്ടാകുന്ന ഈ ഇടിവ് റഷ്യയുടെ മാത്രം തലവേദനയല്ലെന്നാണ് ആഗോള കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2050 ഓടെ ലോകത്തെ 75 ശതമാനം രാജ്യങ്ങളിലും ജനസംഖ്യ കുറയുമെന്നും ഗര്‍ഭധാരണ നിരക്ക് കുറയുന്നതിനെ തുടര്‍ന്നാണിത് സംഭവിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനെ ചെറുക്കുന്നതിനായി ഇപ്പോഴേ സര്‍ക്കാരുകള്‍ നയരൂപീകരണം തുടങ്ങിയിട്ടുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. 

കുടുംബം 'വലുതാ'ക്കുന്നതിനായി ട്രംപ് പ്രഖ്യാപിച്ച കുട്ടിയൊന്നിന് 5000 ഡോളര്‍ സഹായമെന്ന പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ് അമേരിക്കയില്‍ ലഭിച്ചത്. ഹംഗറിയാവട്ടെ വന്‍ നികുതിയിളവുകളാണ് മൂന്നോ അതില്‍ കൂടുതലോ മക്കള്‍ ഉള്ളവര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. പോളണ്ടില്‍ രണ്ടാമത്തെ കുട്ടിക്ക് മുതല്‍ 11,000ത്തിലേറെ രൂപയാണ് കുടുംബങ്ങള്‍ക്ക് നല്‍കുക. അതേസമയം ഇത്തരം വാഗ്ദാനങ്ങളോട് പോളണ്ടിലെ ഉയര്‍ന്ന വരുമാനമുള്ള സ്ത്രീകള്‍ അത്ര അനുകൂലമായല്ല പ്രതികരിച്ചത്. സ്പെയിനാവട്ടെ ജനസംഖ്യ കുറയുന്നതിന് ചെറുക്കാന്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വം വാഗ്ദാനം ചെയ്യുന്ന നയമാണ് കൊണ്ടുവന്നത്. എന്നാല്‍ ഇത്തരം സഹായങ്ങളിലും വേറുകൃത്യങ്ങളുണ്ടെന്നും ഹംഗറി ഹെട്രോ സെക്ഷ്വലായ ദമ്പതികള്‍ക്ക് മാത്രമേ സഹായങ്ങള്‍ നല്‍കുന്നുള്ളൂവെന്നും സ്പെയിനാവട്ടെ സ്പാനിഷ് സംസാരിക്കുന്ന, കത്തോലിക്കരായ കുടിയേറ്റക്കാര്‍ക്ക് മാത്രമേ ആനുകൂല്യം നല്‍കുന്നുള്ളൂവെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 

ENGLISH SUMMARY:

To counter plummeting birth rates, Russia is offering over ₹1 lakh to schoolgirl mothers to encourage childbirth and raising children. The controversial scheme, initially rolled out in 10 regions, aims to boost the 1.41 birth rate, but faces significant ethical opposition within Russia, with Putin urging cooperation on population growth