ഹാഫിസ് സയീദ്, ബിലാവൽ ഭൂട്ടോ, മസൂദ് അസ്ഹര്‍
ഇന്ത്യ സഹകരിക്കാന്‍ തയ്യാറാണെങ്കില്‍ രാജ്യം തേടുന്ന കൊടും ഭീകരൻ മസൂദ് അസ്ഹറടക്കമുള്ള ഭീകരരെ വിട്ടയക്കാന്‍ തയ്യാറാണെന്ന് പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ. ഇത്തരമൊരു നീക്കം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഫലപ്രദമായ സംഭാഷണത്തിനും ഇരുരാജ്യങ്ങളും തമ്മില്‍ വിശ്വാസം കെട്ടിപ്പെടുക്കാനും വഴിയൊരുക്കുമെന്നും അദ്ദേഹം അല്‍ജസീറയോട് പറഞ്ഞു. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ തലവൻ കൂടിയാണ് ബിലാവല്‍ ഭൂട്ടോ.
ലഷ്കറെ തയിബ തലവൻ ഹാഫിസ് സയീദ്, ജയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹര്‍ തുടങ്ങിയ ഭീകരരെ കൈമാറാന്‍ സാധ്യമാണോ എന്ന ചോദ്യത്തിന് മറുപടിയായി തീവ്രവാദം ഞങ്ങള്‍ ചർച്ച ചെയ്യുന്ന വിഷയമാണെന്നും ഇന്ത്യ സഹകരിച്ചാല്‍ ഈ കൈമാറ്റത്തെ പാക് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഈ ഭീകരര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് ഭീകരവാദത്തിനുള്ള ധനസഹായം പോലെ പാകിസ്ഥാനുമായി ബന്ധപ്പെട്ടവയാണ് കുറ്റങ്ങളാണ്. എന്നാല്‍ അതിനുള്ള ശിക്ഷ വിധിക്കാനായി ഇന്ത്യയ്ക്കും ചിലത് ചെയ്യാനുണ്ട്. ഇന്ത്യൻ സാക്ഷികളെ പാകിസ്ഥാനില്‍ എത്തിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ഇവ പാലിക്കാന്‍ പാലിക്കാൻ ഇന്ത്യ വിസമ്മതിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഈ പ്രക്രിയയില്‍ ഇന്ത്യ സഹകരിക്കാൻ തയ്യാറാണെങ്കിൽ ഇവരെ കൈമാറുന്നതിൽ ഒരു തടസ്സവും ഉണ്ടാകില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാഷണൽ കൗണ്ടർ ടെററിസം അതോറിറ്റി (നാക്റ്റ) പ്രകാരം ലഷ്കറെ തയിബയെയും ജയ്ഷെ മുഹമ്മദിനെയും പാകിസ്ഥാൻ നിരോധിച്ചിട്ടുണ്ട്. 26/11 മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ ലഷ്കറെ തയിബ തലവൻ ഹാഫിസ് സയീദ് നിലവിൽ ഭീകരവാദത്തിനുള്ള ധനസഹായത്തിന് പാകിസ്ഥാനിൽ 33 വർഷത്തെ തടവ് അനുഭവിക്കുകയാണ്. ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസ്ഹറിനെയും നാക്റ്റ പ്രകാരം നിരോധിച്ചിട്ടുണ്ട്. അതേസമയം, അസ്ഹര്‍ എവിടെയാണെന്ന് സംബന്ധിച്ച ചോദ്യങ്ങൾക്ക് അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് തഞങ്ങളുടെ വിശ്വാസം എന്നാണ് ബിലാവൽ മറുപടി നല്‍കിയത്. അസ്ഹറിനെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പാകിസ്ഥാന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും. പാകിസ്ഥാനിലുണ്ടെന്ന് ഇന്ത്യ തെളിയിച്ചാല്‍ മസൂദിനെ അറസ്റ്റ് ചെയ്യുന്നതില്‍ രാജ്യം സന്തോഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലഷ്കറെ തയിബ തലവൻ ഹാഫിസ് സയീദ് സ്വതന്ത്രനാണെന്ന ആരോപണങ്ങളും ബിലാവല്‍ ഭൂട്ടോ തള്ളി. ഹാഫിസ് സയീദ് ഒരു സ്വതന്ത്രനാണെന്നത് വസ്തുതാപരമായി ശരിയല്ലെന്നും അയാള്‍ പാകിസ്ഥാന്‍റെ കസ്റ്റഡിയിലാണെന്നുമാണ് ബിലാവല്‍ പറഞ്ഞത്. പാക്– ഇന്ത്യ ബന്ധത്തിലെ നിലവിലെ സാഹചര്യം ചൂണ്ടിക്കാട്ടി ‘പുതിയ അസാധാരണത്വം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇത് പാകിസ്ഥാന്‍റെയോ ഇന്ത്യയുടേയോ താല്‍പര്യങ്ങളെ സംരക്ഷിക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യ സഹകരിക്കുന്നില്ലെന്ന ബിലാവല്‍ ഭൂട്ടോയുടെ അവകാശവാദങ്ങള്‍ ഇന്ത്യ പലതവണ നിരാകരിച്ചിട്ടുണ്ട്. 26/11 മുംബൈ ആക്രമണത്തിനുശേഷം പാകിസ്ഥാനുമായി സഹകരിക്കാൻ പലതവണ ശ്രമിച്ചതായും ആക്രമണത്തില്‍ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരരുടെ പങ്കാളിത്തം തെളിയിക്കുന്ന 1,000-ത്തിലധികം രേഖകൾ സമർപ്പിച്ചതായും ഇന്ത്യ അവകാശപ്പെട്ടു. എന്നാൽ, യാതൊരു നടപടിയും സ്വീകരിക്കാതെ രേഖകളുടെ മറവിൽ പാകിസ്ഥാൻ ഇക്കാര്യം വലിച്ചിഴയ്ക്കുകയാണെന്നാണ് ഇന്ത്യ പറയുന്നതെന്ന് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.