A first responder searches an area along the Guadalupe River that hit by flash flooding, Friday, July 4, 2025, in Kerrville, Texas. AP/PTI(AP07_05_2025_000069A)
അമേരിക്കയിലെ ടെക്സസില്‍ ഗ്വാഡലൂപ്പെ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ വന്‍തോതില്‍ ഉയര്‍ന്നേക്കുമെന്ന് ആശങ്ക. ഇതുവരെ 24 മരണം സ്ഥിരീകരിച്ചു. നദീതീരത്ത് നടന്ന സമ്മര്‍ക്യാംപില്‍ പങ്കെടുത്ത ഇരുപത്തഞ്ചോളം കുട്ടികളടക്കം ഡസന്‍ കണക്കിനാളുകളെ കാണാനില്ല. 237 പേരെ രക്ഷപെടുത്തിയെന്ന് ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് അറിയിച്ചു. 167 പേരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷിച്ചത്. വെള്ളപ്പാച്ചിലില്‍പ്പെട്ട് പലയിടങ്ങളിലായി കുടുങ്ങിയ ഒട്ടേറെപ്പേരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
Debris is left behind by a raging Guadalupe River, Friday, July 4, 2025, in Kerrville, Texas. (AP Photo/Eric Gay)
പുലര്‍ച്ചെയാണ് ഗ്വാഡലൂപ്പെ നദിയില്‍ അപ്രതീക്ഷിതമായി വെള്ളപ്പാച്ചിലുണ്ടായത്. വെള്ളിയാഴ്ച രാവിലെ ദുരന്തപ്രതിരോധ വിഭാഗം മുന്നറിയിപ്പുകള്‍ നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. വെറും 45 മിനിറ്റുകൊണ്ട് നദിയിലെ ജലനിരപ്പ് 26 അടിയോളം ഉയര്‍ന്നു. കെര്‍ കൗണ്ടിയില്‍ നദീതീരത്ത് പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ചിരുന്ന സമ്മര്‍ ക്യാംപിലെ ടെന്‍റുകള്‍ അപ്പാടെ ഒഴുകിപ്പോയി. 750 കുട്ടികള്‍ ഇവിടെയുണ്ടായിരുന്നു. ഇതില്‍ ഇരുപത്തഞ്ചോളം പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. വെള്ളപ്പൊക്കമുണ്ടാകുന്നതിന് മുന്‍പ് ഒരു തുള്ളി മഴപോലും പെയ്തിരുന്നില്ലെന്ന് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ഡാന്‍ പാട്രിക് പറഞ്ഞു.
A man surveys debris along the Guadalupe River after a flash flood struck the area, Friday, July 4, 2025, in Kerrville, Texas. (AP/PTI) (AP07_05_2025_000022B)
ഗ്വാഡലൂപ്പെ നിരന്തരം വെള്ളപ്പൊക്കമുണ്ടാകുന്ന നദിയാണ്. കെര്‍വില്‍ ഉള്‍പ്പെടെ നദി ഒഴുകുന്ന പട്ടണങ്ങളിലും ജനവാസകേന്ദ്രങ്ങളിലുമെല്ലാം വെള്ളപ്പൊക്കം സാധാരണയാണ്. പക്ഷേ ഇത്രവേഗത്തില്‍ ഇത്രആഘാതമുണ്ടാക്കുന്ന മിന്നല്‍ പ്രളയം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലെന്ന് ടെക്സസ് ദുരന്തപ്രതിരോധവിഭാഗവും കാലാവസ്ഥാ വകുപ്പും പറയുന്നു. ‘പ്രളയ മുന്നറിയിപ്പ് നല്‍കുമ്പോള്‍ നദിയിലെ ജലനിരപ്പ് ഏഴടി മാത്രമായിരുന്നു. എന്നാല്‍ കണ്ണടച്ചുതുറക്കുംമുന്‍പ് അത് 29 അടിയായി. 1987ലെ പ്രളയത്തിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന ജലനിരപ്പാണിത്’. – കെര്‍വില്‍ സിറ്റി മാനേജര്‍ ഡാള്‍ട്ടണ്‍ റൈസ് പറഞ്ഞു.
A man surveys damage left by a raging Guadalupe River, Friday, July 4, 2025, in Kerrville, Texas. (AP Photo/Eric Gay)
ടെക്സസില്‍ ഗ്വാഡലൂപ്പെ തീരത്തെ ഒട്ടേറെ കൗണ്ടികളെ ദുരന്തബാധിതമായി പ്രഖ്യാപിച്ച് ഗവര്‍ണര്‍ വിജ്ഞാപനമിറക്കി. നൂറോളം സൈനികര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഡ്രോണുകള്‍, ഹെലികോപ്റ്ററുകള്‍, വെള്ളപ്പൊക്കത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ബോട്ടുകള്‍, ഡൈവര്‍മാര്‍ തുടങ്ങി ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചാണ് തിരച്ചിലും രക്ഷാപ്രവര്‍ത്തനവും നടക്കുന്നത്. കാണാതായ എല്ലാവരെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
Men survey damage left by a raging Guadalupe River, Friday, July 4, 2025, in Kerrville, Texas. (AP Photo/Eric Gay)
ക്യാംപ് മിസ്റ്റിക് എന്ന സമ്മര്‍ ക്യാംപില്‍ കുടുങ്ങിയവരെ അത്യന്തം അധ്വാനിച്ചാണ് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയത്. പെണ്‍കുട്ടികള്‍ക്കായി മാത്രം എല്ലാ വര്‍ഷവും നടത്താറുള്ള വാര്‍ഷിക ക്യാംപായിരുന്നു ഇത്. സമാനമായ ഒട്ടേറെ ക്യാംപുകള്‍ ഈ സമയത്ത് ഗ്വാഡലൂപ്പെ തീരത്തും സമീപപ്രദേശങ്ങളിലുമായി നടത്താറുണ്ട്. ആയിരക്കണക്കിന് കുട്ടികള്‍ പങ്കെടുക്കുന്ന ക്യാംപുകളാണിവ. ക്യാംപ് മിസ്റ്റിക്കില്‍ മിന്നല്‍ പ്രളയമുണ്ടായപ്പോള്‍ ഒട്ടേറെ മരങ്ങള്‍ കടപുഴകി വീണതായി റിപ്പോര്‍ട്ടുണ്ട്. വൈദ്യുതിയും കുടിവെള്ളവും വൈഫൈയും എല്ലാം ഒരുനിമിഷം കൊണ്ട് ഇല്ലാതായി. ഹൈവേയും തകര്‍ന്നതോടെ രക്ഷാപ്രവര്‍ത്തകര്‍ ഇവിടേക്ക് എത്താനും ബുദ്ധിമുട്ടി.
KERRVILLE, TEXAS - JULY 04: Trees emerge from flood waters along the Guadalupe River on July 4, 2025 in Kerrville, Texas. Heavy rainfall caused flooding along the Guadalupe River in central Texas with multiple fatalities reported. Eric Vryn/Getty Images/AFP (Photo by Eric Vryn / GETTY IMAGES NORTH AMERICA / Getty Images via AFP)
സെന്‍ട്രല്‍ ടെക്സസിന്‍റെ പലപ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. വെള്ളിയാഴ്ച ഏതാനും മണിക്കൂറുകള്‍ കൊണ്ട് ഒരുമാസം പെയ്യാറുള്ള മഴ പെയ്തുവെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ദുരന്തമുണ്ടായ കെര്‍വിലിന്റെ സമീപപട്ടണമായ ഹണ്ടില്‍ മൂന്നുമണിക്കൂറില്‍ പെയ്തത് 6.5 ഇഞ്ച് മഴയാണ്. നൂറുവര്‍ഷത്തിനിടെ മാത്രം സംഭവിക്കാവുന്ന പ്രതിഭാസമാണ് ഇതെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം. കനത്ത മഴ ഏതാനും ദിവസം കൂടി തുടരുമെന്നാണ് പ്രവചനം.