തെക്കുകിഴക്കൻ റോമിലെ സെന്റോസെല്ലെയില്‍ ഇന്ധനം നിറയ്ക്കുന്നിതിനിടെ പെട്രോള്‍ പമ്പില്‍ സ്ഫോടനം. വെള്ളിയാഴ്ച ഉണ്ടായ സ്ഫോടനത്തിൽ 21 പേർക്ക് പരുക്കേറ്റതായും സമീപത്തെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കാര്യമായ നാശനഷ്ടമുണ്ടായതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരുടേയും പരുക്ക് ഗുരുതരമല്ല.
പ്രാദേശിക സമയം രാവിലെ 8:20 ഓടെ പമ്പില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന്‍റെ ശബ്ദത്തില്‍ നഗരം തന്നെ വിറച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കിലോമീറ്ററുകളോളം പ്രകമ്പനമുണ്ടായി. പമ്പിന് സമീപത്തെ അപ്പാർട്ടുമെന്റുകളിലെ താമസക്കാർക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. ആരുടെയും പരുക്കുകള്‍ ഗുരുതരമല്ല. എട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഒരു അഗ്നിശമന സേനാംഗത്തിനും പരുക്കേറ്റിട്ടുണ്ട്.
ആദ്യ സ്ഫോടനത്തിന് ശേഷം തുടര്‍ച്ചയായി സ്ഫോടനങ്ങളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. സ്ഫോടനത്തിന്‍റെ ശബ്ദവും പ്രകമ്പനങ്ങളും ഭൂമി കുലുങ്ങുന്നതുപോലെ തോന്നിച്ചെന്ന് പ്രദേശവാസികള്‍ പറയുന്നു. റോമിൽ തുടരുന്ന ഉഷ്ണതരംഗം രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്.