Image Credit: x.com/Abbaskh
പെഷാവറിലെ അര്‍ധ സൈനികവിഭാഗം ആസ്ഥാനത്തുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. തോക്കുധാരികളും ചാവേറുകളുമാണ് ആക്രമണം നടത്തിയതെന്നാണ് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ഫോടനത്തിന് സമാനമായ ശബ്ദമാണ് കേട്ടതെന്ന് പ്രദേശവാസികള്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. രണ്ട് തവണ സ്ഫോടനമുണ്ടായെന്നും വെടിവയ്പ്പിന്‍റെ ശബ്ദം കിലോമീറ്ററുകളോളം കേള്‍ക്കാമായിരുന്നുവെന്നും എക്സ് പോസ്റ്റുകളില്‍ പറയുന്നു. രണ്ടു സ്ഫോടനങ്ങള്‍ ഉണ്ടായതായി റോയിറ്റേഴ്സും സ്ഥിരീകരിച്ചു. രണ്ട് ചാവേറുകളാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഫ്രോണ്ടിയര്‍ കോര്‍പ്സിന്‍റെ ആസ്ഥാനത്തേക്ക് എത്തിയ ചാവേറുകളിലൊരാള്‍ പ്രധാന കവാടത്തില്‍ വച്ചും മറ്റൊരാള്‍ കെട്ടിടത്തിലേക്ക് കടന്നതിന് പിന്നാലെയും പൊട്ടിത്തെറിച്ചുവെന്നാണ് പാക്കിസ്ഥാനില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥന്‍ റോയിറ്റേഴ്സിനോട് വെളിപ്പെടുത്തിയത്. സ്ഫോടനത്തിന് പിന്നാലെ പട്ടാളവും പൊലീസും സ്ഥലം വളഞ്ഞുവെന്നും ഉള്ളില്‍ കടന്ന ഭീകരവാദികളെ കീഴടക്കിയെന്നുമാണ് പാക്കിസ്ഥാനില്‍ നിന്നുള്ള റിപ്പോര്‍ട്ട്. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. സുരക്ഷാകാരണങ്ങള്‍ കണക്കിലെടുത്ത് പ്രദേശത്തേക്കുള്ള റോഡ് ഗതാഗതം താല്‍കാലികമായി നിരോധിച്ചിട്ടുണ്ട്.
ക്വേറ്റയിലെ അര്‍ധസൈനിക വിഭാഗത്തിന്‍റെ ആസ്ഥാനത്ത് ഈ വര്‍ഷമാദ്യം നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ പത്തുപേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ മൂന്നിന് ക്വേറ്റയില്‍ നടന്ന ബലൂചിസ്ഥാന്‍ നാഷനല്‍ പാര്‍ട്ടി അനുകൂലികളുടെ റാലിക്കിടെയും ചാവേറാക്രമണം ഉണ്ടായിരുന്നു. അന്ന് 11 പേര്‍ കൊല്ലപ്പെടുകയും 40ലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.