Image Credit: AFP

അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് നേരെ ഇന്ത്യ നടത്തിയ തിരിച്ചടി താങ്ങാനാകുന്നതിനുമപ്പുറമായിരുന്നുവെന്ന് ഒടുവില്‍ സമ്മതിച്ച് പാക്കിസ്ഥാന്‍. ചിന്തിക്കാനോ, പ്രവര്‍ത്തിക്കാനോ കഴിയുന്നതിന് മുന്‍പ് ഇന്ത്യ ആക്രമിച്ചുവെന്ന് പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായ റാണ സനാവുള്ളയാണ്  അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. നൂര്‍ഖാന്‍ വ്യോമത്താവളത്തിലേക്ക് ഇന്ത്യ ബ്രഹ്മോസ് തൊടുത്തപ്പോള്‍ ചെറുക്കാന്‍ ആകെ കിട്ടിയത് നിമിഷങ്ങള്‍ മാത്രമാണ്. അത്ര ഭീകരമായിരുന്നു അവസ്ഥയെന്നാണ് തുറന്നുപറച്ചില്‍. ആണവായുധമാണോ ഇന്ത്യ പ്രയോഗിച്ചതെന്നുവരെ ഭയന്നുപോയെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബ്രഹ്മോസിന്‍റെ തീവ്രത സനാവുള്ള സമ്മതിച്ചത്. ' തീര്‍ത്തും അപ്രതീക്ഷിതമായാണ് ബ്രഹ്മോസ് പാഞ്ഞെത്തിയത്. അത് ആണവായുധമാണോ അല്ലയോ എന്ന് ചിന്തിക്കാന്‍ കിട്ടിയത് കേവലം 30 മുതല്‍ 45 സെക്കന്‍റ് വരെ മാത്രമാണ്.  ആണവായുധം തൊടുക്കാതിരുന്നതിനാല്‍ ഇന്ത്യ ചെയ്തത് നല്ല കാര്യമാണെന്ന് ഞാന്‍ പറയുന്നില്ല. അത് ആണവായുധമാണെന്ന് തെറ്റിദ്ധരിച്ച് പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടായിരുന്നുവെങ്കില്‍ അത് ലോകത്തെ ആണവയുദ്ധത്തിലേക്കും വലിയ വിനാശത്തിലേക്കും കൊണ്ടെത്തിച്ചേനെ'- സനാവുള്ള  വിശദീകരിച്ചു.

ചിന്തിക്കാനോ, പ്രവര്‍ത്തിക്കാനോ കഴിയുന്നതിന് മുന്‍പ് ഇന്ത്യ ആക്രമിച്ചു

ആണവയുദ്ധത്തിലേക്ക് പോകാന്‍ പര്യാപ്തമായിരുന്നു ഇന്ത്യ–പാക് സംഘര്‍ഷമെന്നും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപാണ് വലിയ വിപത്തില്‍ നിന്നും ലോകത്തെ രക്ഷിച്ചതെന്നും സനാവുള്ള പറയുന്നു. ട്രംപിന്‍റെ നിര്‍ദേശം ഇരുരാജ്യങ്ങളും ചെവിക്കൊണ്ട് സ്വതന്ത്രമായി പിന്നീട് തീരുമാനിക്കുകയായിരുന്നുവെന്നും വെടിനിര്‍ത്തലില്‍ ട്രംപിന് പങ്കുണ്ടെന്നും സനാവുള്ള പറയുന്നു. ട്രംപിന്‍റെ നീക്കം അംഗീകരിക്കപ്പെടേണ്ടതാണെന്നും അതിനാലാണ് ട്രംപിനെ സമാധാന നൊബേലിന് ഷഹബാസ് ഷെരീഫ് നാമനിര്‍ദേശം ചെയ്തതെന്നും സനാവുള്ള പറഞ്ഞു. 

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ റാവല്‍പിണ്ടിയിലുള്ള നൂര്‍ ഖാന്‍ വ്യോമത്താവളത്തിലേക്കാണ് ബ്രഹ്മോസ് തൊടുത്തത്. പാക്കിസ്ഥാന്‍റെ തന്ത്രപ്രധാന വ്യോമത്താവളമായ നൂര്‍ ഖാനിലെ തിരഞ്ഞെടുത്ത സ്ഥലമാണ് ബ്രഹ്മോസ് ഉപയോഗിച്ച് ഇന്ത്യ തകര്‍ത്തത്. ഇതോടെ പാക്കിസ്ഥാന്‍ ഭയപ്പാടിലാവുകയും വെടിനിര്‍ത്തലിനായി ഇന്ത്യയെ സമീപിക്കുകയുമായിരുന്നു. 

പാക്കിസ്ഥാന്‍റെ സുപ്രധാന വ്യോമത്താവളങ്ങളെ ആക്രമിച്ചുവെന്ന വാര്‍ത്തകളെ രണ്ടാഴ്ച മുന്‍പ് പാക് ഉപ പ്രധാനമന്ത്രി ഇഷ്ഹാഖ് ധറും സ്ഥിരീകരിച്ചിരുന്നു. ഇന്ത്യന്‍ തിരിച്ചടിയില്‍ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്ന പാക് സൈനിക മേധാവിയടക്കമുള്ളവരുടെ അവകാശവാദങ്ങള്‍ ഇതോടെ പൊളിക്കുന്നതായിരുന്നു ഇത്. തിരിച്ചടി നടത്തിയതിന് തൊട്ടടുത്ത ദിവസം തന്നെ പാക്കിസ്ഥാനില്‍ നാശം വിതച്ചതിന്‍റെ കൃത്യമായ ദൃശ്യങ്ങളും കണക്കുകളും ഇന്ത്യ പുറത്തുവിട്ടിരുന്നു. മേയ് പത്തിനായിരുന്നു ഓപറേഷന്‍ സിന്ദൂറിന്‍റെ ഭാഗമായി ഇന്ത്യ പാക് വ്യോമത്താവളങ്ങളിലും ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പാക്കിസ്ഥാനിലെ റണ്‍വേകള്‍, ബങ്കറുകള്‍, വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹാങ്ങറുകള്‍ എന്നിവയടക്കം തകര്‍ന്നിരുന്നു.

ENGLISH SUMMARY:

Pakistan has finally admitted India's cross-border counter-terrorism strikes were "unbearable," with PM's advisor Rana Sanaullah revealing India's BrahMos missile left only 30-45 seconds to react at Nur Khan airbase. He also credited Donald Trump with averting a potential nuclear war between the nations.