Image Credit: IANS
ബംഗ്ലദേശിനെ പൂര്‍ണമായും ശരീഅത്ത് നിയമത്തിന് കീഴില്‍ കൊണ്ടുവരുമെന്ന് തീവ്ര ഇസ്ലാമിക ഗ്രൂപ്പായ ജമാ അത്ത് ചാര്‍ മൊനായ്. താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനെപ്പോലെ ബംഗ്ലദേശിനെ മാറ്റുമെന്നും അതാണ് ലക്ഷ്യമെന്നും തിക്കാന ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ചാര്‍ മൊനായ് പീര്‍ മുഫ്തി സയീദ് മുഹമ്മദ് ഫൈസുല്‍ കരീം പറഞ്ഞു. തിരഞ്ഞെടുപ്പിലൂടെയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതെങ്കില്‍ ശരീ അത്ത് നിയമം രാജ്യത്ത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇസ്ലാമിക് മൂവ്മെന്റ് ബംഗ്ലദേശ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ ഹിന്ദുക്കള്‍ക്കായി ശരീഅത്ത് നിയമങ്ങളില്‍ അവകാശങ്ങള്‍ വ്യവസ്ഥ ചെയ്യുമെന്നും ന്യൂനപക്ഷങ്ങള്‍ക്ക് ക്ഷേമം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനും വിദ്യാഭ്യാസം തുടരുന്നതിനും സ്ഥാപനങ്ങളും സംരംഭങ്ങളും നടത്തുന്നതിനും വിലക്കുണ്ട്. ബംഗ്ലദേശിനെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിക്കുന്ന നീക്കമാണ് മത സംഘടന പ്രഖ്യാപിച്ചിരിക്കുന്നതെന്നും ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുകയാണെന്നും അവാമി ലീഗ് ആരോപിച്ചു. മുഹമ്മദ് യൂനിസിന്‍റെ ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടാന്‍ തുടങ്ങിയെന്നും അമ്പലങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായെന്നും അവാമി ലീഗ് ആരോപിച്ചു.
ജൂണ്‍ മാസം മാത്രം 63 ബലാല്‍സംഗങ്ങള്‍ ബംഗ്ലദേശിലുണ്ടായെന്നും ഇതില്‍ 17 എണ്ണം കൂട്ടബലാല്‍സംഗങ്ങളാണെന്നും അതിജീവിതമാരില്‍ ഏഴു സ്ത്രീകള്‍ ശാരീരികമായ വെല്ലുവിളികള്‍ നേരിടുന്നവരായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് നേതാക്കള്‍ പറയുന്നു. ബലാല്‍സംഗം ചെയ്യപ്പെട്ടവരില്‍ 19 കുട്ടികളും 23 കൗമാരക്കാരികളുമുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.