Image: planthlete_maria
അപൂര്‍വയിനം ചെള്ളിന്‍റെ കടിയേറ്റതിനെ തുടര്‍ന്ന് ശരീരം തളര്‍ന്നുപോയതായി ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സറുടെ വെളിപ്പെടുത്തല്‍. കലിഫോര്‍ണിയ സ്വദേശിയായ മരിയ പാലനാണ് ഭാഗികമായി താന്‍ തളര്‍ന്നുപോയ വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 2024 സെപ്റ്റംബറില്‍, ശരീരം തളര്‍ന്ന വിവരം ഇവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. തുടക്കത്തില്‍ ചെറിയ ശരീരം വേദനമാത്രമേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ പെട്ടെന്ന് എട്ടുകിലോയോളം ശരീരഭാരം കുറയുകയും ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയുണ്ടാവുകയും ചെയ്തുവെന്നായിരുന്നു മരിയയുടെ വെളിപ്പെടുത്തല്‍.
ശരീരത്തിന്‍റെ പ്രതിരോധശേഷി നഷ്ടപ്പെട്ടതാണെന്നായിരുന്നു ഡോക്ടര്‍മാര്‍ ആദ്യം സംശയിച്ചത്. എന്നാല്‍ പിന്നീടാണ് ചെള്ളുകടിച്ചതാണ് കാരണമെന്ന് സ്ഥിരീകരിച്ചത്. ചെള്ളുകടിയേറ്റതിന് പിന്നാലെ മരിയയുടെ ശരീരത്തിലെ ചുവന്ന രക്താണുക്കള്‍ക്ക് കൂട്ടത്തോടെ നശിച്ചു. ഇതോടെ പ്രതിരോധശേഷിയും കുറഞ്ഞു. ഇതോടെ ഫോണ്‍ കയ്യിലെടുക്കുമ്പോഴും കാറോടിക്കുമ്പോഴുമെല്ലാം മരിയ വേദന കൊണ്ട പുളഞ്ഞു. ഒടുവില്‍ പനി ബാധിച്ച് കിടപ്പിലാകുകയായിരുന്നു. അരയ്ക്ക് താഴേക്ക് തളര്‍ന്നുവെന്നും മരിയ കുറിക്കുന്നു.
പരിശോധനയില്‍ നട്ടെല്ലിലെ ദ്രാവകത്തില്‍ വരെ ഉയര്‍ന്ന തോതില്‍ ശ്വേതരക്താണുക്കളെ കണ്ടെത്തി. അണുബാധ തീവ്രമായതോടെ ചലിക്കാന്‍ പോലും സാധിക്കാതെ വന്നിരുന്നു. പൂര്‍ണമായും ആരോഗ്യം വീണ്ടെടുക്കാനുള്ള സാധ്യത മൂന്നിലൊന്നേയുള്ളൂവെന്നും ചിലപ്പോള്‍ തുടര്‍ന്നുള്ള കാലം കിടപ്പുരോഗിയായി പോയേക്കാമെന്നും ഡോക്ടര്‍മാര്‍ കുടുംബാംഗങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കൃത്യമായ ചികില്‍സയിലൂടെ മെല്ലെ മരിയ ജീവിതം തിരിച്ചുപിടിച്ചു. ശുഭാപ്തി വിശ്വാസവും ചികില്‍സയും തുണച്ചുവെന്നും കൊച്ചുകുട്ടിയെ പോലെ താന്‍ വീണ്ടും നടക്കാന്‍ ആരംഭിച്ചുവെന്നും മരിയ വെളിപ്പെടുത്തുന്നു. ചികില്‍സ പുരോഗമിക്കുകയാണെന്നും ശാരീരികക്ഷമത പൂര്‍ണമായും വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.