പാട്ട് ഇഷ്ടപ്പെടുന്നവര്‍ക്ക് സമീപകാലത്ത് സുപരിചിതനാണ് ദിവാകൃഷ്ണ. ഇന്‍സ്റ്റഗ്രാമിലെ പാട്ടുവര്‍ത്തമാനം എന്ന് പറഞ്ഞാല്‍ തിരിച്ചറിയാന്‍ എളുപ്പമായി. ചില ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ദിവാകൃഷ്ണ ഈയിടെ ആശുപത്രിയിലായിരുന്നു. ഡിസ്ചാര്‍ജ് ചെയ്ത ശേഷം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ ആരോഗ്യാവസ്ഥയെ പറ്റി ദിവാകൃഷ്ണ സംസാരിച്ചിരുന്നു.
ആരോഗ്യാവസ്ഥ അല്‍പം ഗുരുതരമായിരുന്നുവെന്നും ഇപ്പോള്‍ ഭേദമാണെന്നും ദിവാകൃഷ്ണ പറയുന്നു. 'ടൈഫോയിഡ് വന്നു. അത് കുടലിനെയും ലിവറിനെ ബാധിച്ചു. കുറച്ചു ദിവസം ആശുപത്രിയിലായിരുന്നു. ഇപ്പോ റിക്കവറായി വരുന്നു. നീണ്ട കാലത്തേക്ക് ചികിത്സ നടത്തേണ്ടി വരും' എന്നാണ് ദിവാകൃഷ്ണ പറയുന്നത്.
ഭാര്യയുടെ ചെക്കപ്പിന് പോയപ്പോഴാണ് ഡോക്ടറെ കണ്ടത്. എല്ലാ മാസവും, ആഴ്ചയും പനി വരുന്ന അവസ്ഥയായിരുന്നു. ഡോക്ടറെ കണ്ടപ്പോള്‍ രക്തം പരിശോധിച്ചു. റിസള്‍ട്ട് കണ്ട ഡോക്ടര്‍ അപ്പോള്‍ തന്നെ അഡ്മിറ്റാകാന്‍ പറഞ്ഞു. 10 ദിവസത്തോളം ആശുപത്രിയിലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
'കുടലില്‍ മുറിവുണ്ടാക്കി. അത് പുണ്ണായിരിക്കുകയാണ്. മരുന്നുകള്‍ കഴിക്കുന്നുണ്ട്. പതിയെ മാറും. ഇത് മാറിയിട്ട് വേണം ഫാറ്റി ലിവറിന് ചികിത്സ തുടങ്ങാന്‍. ഫാറ്റി ലിവര്‍ ഡ്രേഡ് 3 ആണ്. ഇപ്പോള്‍ ഗുരുതരമായ പ്രശ്നങ്ങളില്ല'. ചികിത്സയുടെ ഭാഗമായി കഠിനമായ ഡയറ്റിലാണെന്നും ദിവാകൃഷ്ണ. 'ഇപ്പോ ഒന്നര മാസമായി ഡയറ്റാണ്. നോണ്‍വെജ് ഇല്ല. മുളക് പൊടി, മല്ലിപൊടി, മസാലപൊടി അങ്ങനെയൊന്നും ഉപയോഗിക്കാന്‍ പാടില്ല. എരിവ് കഴിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.