Image Credit:instagram.com/apsahh
ബസ് യാത്രയ്ക്കിടെ സഹയാത്രക്കാരനില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവത്തിന്‍റെ വിഡിയോ പങ്കുവച്ചതിനെത്തുടര്‍ന്ന് നേരിട്ട സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് യുവതി. റീച്ചിനും ഫോളോവേഴ്സിനെ കൂട്ടാനുമാണ് വിഡിയോ പോസ്റ്റ് ചെയ്തതെന്നാണ് വിഡിയോ പോസ്റ്റില്‍ കമന്‍റ് ചെയ്ത പലരുടെയും ആരോപണം. അതിക്രമം ഉണ്ടായപ്പോള്‍ പ്രതികരിക്കാതെ പഴം വിഴുങ്ങിയിരിക്കുകയായിരുന്നോ എന്നുവരെ ചോദിച്ചവരുണ്ട്. വാസ്തവത്തില്‍ ഇക്കൂട്ടരെയാണ് പേടിക്കേണ്ടതെന്നും അവരാണ് ഏറ്റവും വലിയ ക്രിമിനല്‍സ് എന്നും അപ്‍സ പ്രതികരിച്ചു. വസ്തുത അന്വേഷിക്കാതെ റിയാക്ഷന്‍ വിഡിയോ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു പലരും. തന്നെപ്പോലെ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇവിടം ഒട്ടും സുരക്ഷിതമല്ലെന്നും അപ്‌സ പരിതപിച്ചു.
വിഡിയോയില്‍ പറയുന്നത് ഇങ്ങനെ: 'ലൈഫില്‍ ഒരു തവണയെങ്കിലും അനുഭവിച്ചിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രമേ ഇത് കുറച്ചെങ്കിലും മനസിലാക്കാന്‍ പറ്റൂ. എന്‍റെ ലൈഫില്‍ നടന്ന ഒരു യഥാര്‍ഥ സംഭവം വിഡിയോയായി കാണിച്ചു. അതിന്‍റെ കമന്‍റ് ബോക്സില്‍ മുഴുവന്‍ റീച്ച് കിട്ടാനും ഫോളോവേഴ്സിനെ കൂട്ടാനും വേണ്ടിയാ എന്നൊക്കെ പറഞ്ഞ് കുറേ കമന്‍റ്സ്. ഒരു കാര്യവും അറിയാതെ റിയാക്ഷന്‍ വിഡിയോ ചെയ്ത കുറേപ്പേരുണ്ട്. അവരെന്നോട് ഒരു തവണയെങ്കിലും ആ വിഡിയോയില്‍ എന്തെങ്കിലും സത്യമുണ്ടോയെന്ന് ചോദിച്ചിട്ടുണ്ടോ? ഇല്ല. ചോദിക്കില്ല. എന്താണ് കാരണം? അവര്‍ക്ക് കണ്ടന്‍റ് വേണം. കണ്ടന്‍റില്ലാതിരുന്ന സമയത്ത് പുതിയ കണ്ടന്‍റ് കിട്ടി. അതുകൊണ്ട് അവരത് ആഘോഷിക്കുന്നു. അത്രേയുള്ളൂ.
വേറെ കുറേപ്പേര്‍ ആ വിഡിയോ കണ്ടിട്ട് ചോദിക്കുന്നുണ്ടല്ലോ, ഞാന്‍ റിയാക്ട് ചെയ്തില്ലല്ലോ എന്ന്... നിങ്ങള്‍ കണ്ടോ ഞാന്‍ റിയാക്ട് ചെയ്തോ ഇല്ലയോ എന്ന്? ഞാന്‍ നിങ്ങളെ കാണിച്ച കുറച്ച് സെക്കന്‍റ്സ് വിഡിയോ മാത്രമേ നിങ്ങള്‍ കണ്ടിട്ടുള്ളൂ. ഞാന്‍ അയാള്‍ക്ക് അവിടെ വച്ച് കൊടുക്കേണ്ട മറുപടി കൊടുത്തിട്ടുണ്ട്. ഈ വിഡിയോ കണ്ടിട്ട് നിങ്ങളെന്നെ ജഡ്ജ് ചെയ്യാന്‍ വരേണ്ട.
പിന്നെ വേറെ കുറേപ്പേര്‍ പറയുന്നു, അയാള്‍ മാന്യമായിട്ടാണല്ലോ ഇരിക്കുന്നേ, അയാള്‍ ഒന്നും ചെയ്യുന്നില്ലല്ലോ എന്നൊക്കെ. ഇപ്പോ എനിക്ക് തോന്നുന്നുണ്ട്, അയാള്‍ ഇവരെക്കാള്‍ മാന്യനായിരുന്നു. എന്‍റെ കമന്‍റ് സെക്ഷനിലുള്ള കുറേ ആളുകളുണ്ടല്ലോ, അവരാണ് ഏറ്റവും വൃത്തികെട്ടവര്‍, ഏറ്റവും വലിയ ക്രിമിനല്‍സ്. നമ്മള്‍ പേടിക്കേണ്ടത് അവരെയാണ്. ഞാനൊരു കാര്യം ചോദിച്ചോട്ടെ? നിങ്ങളുടെ അമ്മയ്ക്കോ പെങ്ങള്‍ക്കോ നാളെ ഇതുപോലെയൊരു അവസ്ഥ ഉണ്ടായെന്ന് നിങ്ങളോട് വന്ന് പറയുന്നു. അപ്പോ നിങ്ങള്‍ ആദ്യം തെളിവ് ചോദിക്കുമോ? അതോ അവരൊന്നും പ്രതികരിച്ചില്ലെന്ന് പറയുമ്പോള്‍ നിങ്ങളെന്തേ പഴം വിഴുങ്ങിയിരുന്നേ എന്ന് ചോദിക്കുമോ? നിങ്ങള്‍ അതായിരിക്കും ചോദിക്കാന്‍ പോകുന്നത്.
ഇത് കാണുന്ന എന്‍റെ അനിയത്തിമാരോട് എനിക്കൊരു കാര്യമേ പറയാനുള്ളൂ. നിങ്ങളും എന്നെപ്പോലെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഉപയോഗിക്കുന്ന സാധാരണക്കാരി ആണെങ്കില്‍ നിങ്ങള്‍ ഇവിടെ ഒട്ടും സേഫല്ല. നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ നിങ്ങള്‍ കോഴ്സെടുത്തോ, ജോലിക്കായിട്ടോ, വേറെ ഏതെങ്കിലും രാജ്യത്തേക്ക് ഓടി രക്ഷപെടാന്‍ നോക്ക്. നിങ്ങള്‍ക്ക് ഇതുപോലത്തെ ഒരു അനുഭവം ഉണ്ടാകുമ്പോള്‍ നിങ്ങളെ സപ്പോര്‍ട്ട് ചെയ്യാന്‍ ആരും ഉണ്ടാകില്ല. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് എന്‍റെ കമന്‍റ് ബോക്സ്.'