അറസ്റ്റിലായ പ്രതി ടാക്കഹിറോ ഷിറെയ്ഷിയെ കോടതിയിലേക്ക് കൊണ്ടുപോകുന്നു

ട്വിറ്റര്‍ കില്ലര്‍ എന്ന് അറിയപ്പെടുന്ന കൊടുംകുറ്റവാളിയെ ജപ്പാന്‍ തൂക്കിലേറ്റി. എട്ട് സ്ത്രീകളടക്കം 9 പേരെ അതിക്രൂരമായി കൊലപ്പെടുത്തിയ ടാക്കഹിറോ ഷിറെയ്ഷി എന്ന 30കാരനെയാണ്  വധശിക്ഷയ്ക്ക് വിധേയമാക്കിയത്.  ജപ്പാനില്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടെ നടപ്പിലാക്കിയ ആദ്യത്തെ വധശിക്ഷയാണ് ഷിറെയ്ഷിയുടേത്. 2022 മുതല്‍ ജപ്പാനില്‍ വധശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. 

സമൂഹമാധ്യമമായ ട്വിറ്റര്‍ (എക്സ്) വഴിയാണ് ഷിറെയ്ഷി തന്‍റെ ഇരകളെ കണ്ടെത്തിയിരുന്നത്. 'വേദന അനുഭവിക്കുന്നവരെ സഹായിക്കാന്‍ ഞാനുണ്ട് കൂടെ' എന്നെഴുതിയ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആത്മഹത്യാ പ്രേരണ സ്വഭാവമുളളവരെ കണ്ടെത്തി വകവരുത്തുകയായിരുന്നു ഷിറെയ്ഷിയുടെ രീതി. 15നും 26നും ഇടയില്‍ പ്രായമുളളവരാണ് ഷിറെയ്ഷിയുടെ ഇരകള്‍. 2017 മുതലാണ് ഷിറെയ്ഷിയുടെ കൊലപാതക പരമ്പരകളുടെ തുടക്കം. 8 സ്ത്രീകളെയും ഒരു ചെറുപ്പക്കാരനെയുമാണ് ഷിറെയ്ഷി വകവരുത്തിയത്. ഇരകളെ ട്വിറ്റര്‍ വഴി പരിചയപ്പെട്ട ശേഷം മരിക്കാന്‍ താന്‍ സഹായിക്കാം എന്നുപറഞ്ഞ് അപ്പാര്‍ട്മെന്‍റിലേക്ക് വിളിച്ചുവരുത്തിയാണ് ഷിറെയ്ഷി കൃത്യം നിറവേറ്റിയിരുന്നത്. നിങ്ങള്‍ക്കൊപ്പം ഞാനും മരിക്കുമെന്ന് ചില ഇരകളോട് ഷിറെയ്ഷി പറഞ്ഞിരുന്നെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

കൊലപാതകത്തിന് മുന്‍പും ശേഷവും ഇരയെ ലൈംഗികമായി പ്രതി ഉപയോഗിച്ചിരുന്നതായും പൊലീസ് പറയുന്നു. കൊലപ്പെടുത്തിയ ശേഷം ഇരയുടെ ശരീരം കഷ്ണങ്ങളാക്കി ഫ്രീസറിലും മറ്റും സൂക്ഷിക്കും കുറച്ച് ഭാഗങ്ങള്‍ ആളില്ലാത്ത ഇടങ്ങളില്‍ ഉപേക്ഷിക്കും ഇതായിരുന്നു ഷിറെയ്ഷിയുടെ രീതി. 2020ഓടെയാണ് ഇയാളുടെ കൊലപാതകപരമ്പരയെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. മരിച്ച പെണ്‍കുട്ടികളില്‍ ഒരാളുടെ സഹോദരനാണ് പ്രതിയെക്കുറിച്ചുളള വിവരങ്ങള്‍ പൊലീസിന് നല്‍കിയത്. മരിച്ച പെണ്‍കുട്ടിയുടെ ട്വിറ്റര്‍ അക്കൗണ്ട് പരിശോധിച്ച സഹോദരന് പെണ്‍കുട്ടിയുടെ തിരോധാനവുമായി ഷിറെയ്ഷിക്ക് പങ്കുണ്ടെന്ന് സംശയം തോന്നുകയും ഇത് പൊലീസില്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണം നേരെ ചെന്നെത്തിയത് ടോക്കിയോയിലെ സാമ നഗരത്തിലെ  ഷിറെയ്ഷിയുടെ അപ്പാര്‍ട്​മെന്‍റിലാണ്. പരിശോധനയില്‍ കാണാകായ 8 സ്ത്രീകളുടെയും ഒരു യുവാവിന്‍റെയും തല പൊലീസിന് അപ്പാര്‍ട്‌മെന്‍റിലെ ഫ്രീസറില്‍ നിന്നും ലഭിച്ചു.

ഇരകളുടെ കൈകാലുകളും അസ്ഥികളും പലകഷ്ണങ്ങളായി ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്നതും പൊലീസ് കണ്ടെത്തി. ഷിറെയ്ഷി എന്ന സീരിയല്‍ കില്ലറുടെ തനിനിറം പുറംലോകം അറിഞ്ഞതോടെ പ്രതിക്ക് ട്വിറ്റര്‍ കില്ലറെന്ന പേരും പ്രതിക്ക് ലഭിച്ചു. ഷിറെയ്ഷിയുടെ ഇരകളായ 8 പെണ്‍കുട്ടികളില്‍ ഒരാളുടെ സുഹൃത്താണ് മരിച്ച 9 പേരില്‍ ഒരാള്‍.  സുഹൃത്തായ പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഷിറെയ്ഷിയുടെ അപ്പാര്‍ട്​മെന്‍റിലെത്തിയ ഇയാളെ പ്രതി കൊലപ്പെടുത്തുകയായിരുന്നു. 9 പേരെ വശീകരിച്ച് അപ്പാര്‍ട്മെന്‍റിലെത്തിച്ച് കൊലപ്പെടുത്തിയെന്ന കുറ്റമാണ് പ്രതിക്കെതിരെ ആരോപിച്ചത്.  എന്നാല്‍ കൊലപാതകങ്ങളെല്ലാം തന്നെ ഇരകളുടെ സമ്മതത്തോടെയായിരുന്നു എന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. മരിക്കാന്‍ ആഗ്രഹിച്ചിരുന്നവരെ അവരുടെ സമ്മതത്തോടെയാണ് ഷിറെയ്ഷി വകവരുത്തിയതെന്ന് പ്രതിഭാഗം വാദിച്ചു.

400ലധികം പേരാണ് ട്വിറ്റര്‍ കില്ലറുടെ  കേസിലെ  വിധി കേള്‍ക്കാന്‍ കോടതിമുറ്റത്ത് തടിച്ചുകൂടിയത്. വിചാരണയുടെ തുടക്കത്തിലെല്ലാം പ്രതി ഇരകളുടെ സമ്മതത്തോടെയാണ് കൊല നടത്തിയതെന്ന് വാദിച്ചെങ്കിലും ഒടുക്കം കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. പണത്തിനും ലൈംഗികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് 2025 ജൂണ്‍ 27 ന് ജാപ്പനീസ് ഭരണകൂടം ട്വിറ്റര്‍ കില്ലറെന്ന ടാക്കഹിറോ ഷിറെയ്ഷിയുടെ വധശിക്ഷ നടപ്പാക്കി. 

ENGLISH SUMMARY:

Japan hangs ‘Twitter killer’ in first execution since 2022