ഡോ. അലി ഉസ്മാൻ ഖാസ്മി, ഡോ. ഷാഹിദ് റഷീദ്

TOPICS COVERED

വിഭജനത്തിനു ശേഷം ആദ്യമായി പാക്കിസ്ഥാനിലെ ക്ലാസ് മുറികളിലേക്ക് സംസ്കൃതം തിരിച്ചെത്തുന്നു. ലാഹോർ യൂണിവേഴ്സിറ്റി ഓഫ് മാനേജ്മെന്റ് സയൻസസ് സംസ്കൃതത്തിനായി നാല് കോഴ്സുകള്‍ ആരംഭിച്ചു. മൂന്ന് മാസത്തോളം നടത്തിയ വാരാന്ത്യ ശില്‍പശാലകളില്‍ നിന്നാണ് ഈ പദ്ധതിക്ക് തുടക്കമായത്. 

പത്ത് പതിനഞ്ചു വര്‍ഷത്തിനിടെയില്‍ ഗീതയിലും മഹാഭാരതത്തിലും ഗവേഷണം നടത്തിയ പണ്ഡിതന്‍മാര്‍ പാക്കിസ്ഥാനിലുണ്ടാകുമെന്ന് ഗുർമാനി സെന്റർ ഡയറക്ടര്‍ ഡോ. അലി ഉസ്മാൻ ഖാസ്മി പറഞ്ഞു. പുതിയ കോഴ്സിന്റെ ഭാഗമായി മഹാഭാരതം ടെലിവിഷൻ പരമ്പരയിലെ ‘ഹേ കഥാ സംഗ്രാം കി’ എന്ന ഗാനത്തിന്റെ ഉറുദു പരിഭാഷയും വിദ്യാര്‍ഥികളെ പരിചയപ്പെടുത്തും. 

1930കളില്‍ പണ്ഡിതനായ ജെ.സി.ആർ വൂൾനർ സംസ്കൃതത്തിലെ താളിയോല ഗ്രന്ഥങ്ങളുടെ ഒരു വലിയ ശേഖരം സൂക്ഷിച്ചിരുന്നു. എന്നാല്‍ 1947ന് ശേഷം ഒരു അക്കാദമിക് വിദഗ്ധരും സംസ്കൃതത്തെ പരിഗണിച്ചിട്ടില്ലെന്നും ഖാസ്മി പറയുന്നു. ഇപ്പോള്‍ ഫോർമാൻ ക്രിസ്ത്യൻ കോളേജിലെ സോഷ്യോളജി അസോസിയേറ്റ് പ്രൊഫസറായ ഡോ. ഷാഹിദ് റഷീദിന്റെ പരിശ്രമത്തെത്തുടര്‍ന്നാണ് സംസ്കൃതം വീണ്ടും പരിഗണിക്കപ്പെടുന്നത്.  

സംസ്കൃതം പഠിക്കാനുള്ള തന്റെ തീരുമാനത്തെ ആളുകൾ പലപ്പോഴും ചോദ്യം ചെയ്യാറുണ്ടെന്ന് ഡോ. റഷീദ് പറഞ്ഞു. നമ്മൾ എന്തിന് പഠിക്കാതിരിക്കണം? ഇത് ഈ മുഴുവൻ പ്രദേശത്തെയും ബന്ധിപ്പിക്കുന്ന ഭാഷയാണ്. സംസ്കൃത വ്യാകരണ പണ്ഡിതനായ പാണിനിയുടെ ഗ്രാമം ഈ പ്രദേശത്തായിരുന്നുവെന്നും ഡോ റഷീദ് പറയുന്നു. 

സിന്ധുനദീതട സംസ്കാര കാലത്ത് ഇവിടെ ധാരാളം എഴുത്തുകൾ നടന്നിട്ടുണ്ട്. സംസ്കൃതം ഒരു പർവ്വതം പോലെയാണ് ,അത് നമ്മുടേത് കൂടിയാണ്, ഏതെങ്കിലും ഒരു പ്രത്യേക മതവുമായി ബന്ധപ്പെട്ടതല്ലെന്നും ഡോ. റഷീദ് പറയുന്നു. 

ENGLISH SUMMARY:

Sanskrit returns to Pakistan's classrooms after partition. Lahore University of Management Sciences introduces Sanskrit courses, marking a revival after decades of neglect and aiming to foster research on ancient texts.