യുദ്ധക്കളത്തിലെ രഹസ്യനീക്കങ്ങൾക്കും വിവരശേഖരണത്തിനും പുതിയ രീതി നൽകിക്കൊണ്ട്, കൊതുകിന്റെ വലുപ്പമുള്ള ഡ്രോൺ വികസിപ്പിച്ച് ചൈന. ഒറ്റനോട്ടത്തിൽ ഒരു പ്രാണിയാണെന്ന് മാത്രം തോന്നിക്കുന്ന ഈ കുഞ്ഞൻ ഡ്രോൺ ചൈനയുടെ രഹസ്യായുധ ശേഖരത്തിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളിൽ ഒന്നാണ്. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഡിഫൻസ് ടെക്നോളജി (NUDT) ആണ് ഇത് വികസിപ്പിച്ചത്.
കറുത്ത വടിപോലുള്ള ശരീരവും ഇലകളുടെ ആകൃതിയിലുള്ള മഞ്ഞ നിറത്തിലുള്ള നേർത്ത ചിറകുകളും വയറുകൾ കൊണ്ടുള്ള നാല് കാലുകളും ചേർന്നതാണ് ഈ ഡ്രോണിന്റെ രൂപം. ഒരു പ്രാണിയെപ്പോലെ തോന്നിക്കുന്ന ഇതില്‍ രഹസ്യാന്വേഷണ ശേഖരണത്തിനും യുദ്ധങ്ങളിലെ രഹസ്യ പ്രവർത്തനങ്ങൾക്കുമായി രൂപകൽപ്പന ചെയ്ത അത്യാധുനിക സാങ്കേതിക വിദ്യയാണ് ഉൾക്കൊള്ളുന്നത്.
യുദ്ധക്കളത്തിലെ വിവര നിരീക്ഷണത്തിനും പ്രത്യേക ദൗത്യങ്ങൾക്കും ഇത്തരം ഡ്രോണുകൾക്ക് വലിയ സാധ്യതയുണ്ടെന്ന് NUDT വ്യക്തമാക്കി. ചൈനീസ് സ്റ്റേറ്റ് മീഡിയ പുറത്തുവിട്ട ഒരു വീഡിയോയിലാണ് ഈ ഡ്രോണിന്റെ ദൃശ്യങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
ഈ സാങ്കേതികവിദ്യ വലിയ നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഇതിന് കാര്യമായ അപകട സാധ്യതകളുണ്ടെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഉപകരണങ്ങൾ ഉപയോഗിച്ച് സംഭാഷണങ്ങളും പാസ്‌വേഡുകളും ഉൾപ്പെടെയുള്ള രഹസ്യ വിവരങ്ങൾ ചോർത്താൻ സാധിക്കുമെന്നതാണ് പ്രധാന ആശങ്ക. ഭാവിയിലെ യുദ്ധങ്ങളിലും ചാരവൃത്തിയിലും ഇത് നിർണായകമായേക്കാമെന്നും വിലയിരുത്തപ്പെടുന്നു. യുദ്ധങ്ങള്‍ ജയിക്കാന്‍ സാങകേതിക വിദ്യയുടെ പ്രാധാന്യവുമേറിയതോടെ ചൈനയുടെ ഈ നീക്കം ലോകശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.