ശീതയുദ്ധത്തിന് ശേഷം ലോകം ഇത്രത്തോളം യുദ്ധഭീതിയിലമര്‍ന്നൊരു കാലമില്ല. വിജയിക്കാത്ത യുദ്ധങ്ങള്‍ അവസാനിപ്പിച്ച് ഇറാക്കില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കയും സഖ്യകക്ഷികളും മടങ്ങിയ ശേഷം താല്‍കാലികമായെങ്കിലും ഒഴിഞ്ഞു നിന്ന യുദ്ധഭീതി ഇന്ന് ലോകമാകെ പടരുകയാണ് . യുക്രയിനെതിരെ റഷ്യ തുടങ്ങിയ ആക്രമണം മൂന്നാംവര്‍ഷവും രക്തരൂക്ഷിതമായി തുടരുന്നു . സാമ്പത്തികമായി തകര്‍ന്നെങ്കിലും സഖ്യകക്ഷി പിന്‍ബലത്തില്‍ യുക്രയിന്‍ പോരാടിക്കൊണ്ടേയിരിക്കുന്നു. ഏഷ്യയിലും യുറോപ്പിലും അശാന്തി വിതയ്ക്കുന്ന പോരാട്ടമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയും ചില്ലറയല്ല.
ഒന്നവസാനിക്കും മുമ്പേ അടുത്തതെന്ന രീതിയിലായിരുന്നു ഇസ്രയേല്‍ പലസ്തീന്‍ പോരാട്ടം .2023 ഒക്‌ടോബർ 7ന് ഹമാസ് ഇസ്രയേലിനെ ആക്രമിക്കുകയും പൗരന്‍മാരെ ബന്ദികളാക്കുകയും ചെയ്തതിനെ തുടര്‍ന്ന് ആരംഭിച്ചയുദ്ധം ഗാസയിലും സിറിയയിലും ലബനണിലുമായി പതിനായിരങ്ങളെ കൊന്നൊടുക്കി ഇന്നും തുടരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി ഇറാന്‍റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ തുടങ്ങിയ ആക്രമണം.
ലോകത്തെ ആകെ ഉലച്ചാണ് ഇസ്രയേല്‍ ഇറാന്‍ പോരാട്ടം മുന്നേറുന്നത്. ദിവസങ്ങള്‍ മാത്രം പിന്നിട്ട പോരാട്ടം ഇരുഭാഗത്തും കനത്തനാശം വിതച്ചു. മരിച്ചുവീഴുന്നവരില്‍ സാധാരണക്കാരുമുണ്ട് . ജീവന്‍ തിരിച്ചുകിട്ടുന്നവര്‍ക്ക് ബാക്കിയാകുന്നത് മുറിവേറ്റ മനസും, കടുത്ത പട്ടിണിയും,സങ്കടങ്ങളും മാത്രം. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ഇറാനുമേല്‍ തുടങ്ങിയ ആക്രമണം ഇസ്രയേല്‍ പ്രതീക്ഷിച്ചതിനും അപ്പുറത്തേക്ക് വളരുകയാണ്. സൈനിക മേധവിയെയും ആണവശാസ്ത്രജ്ഞരെയും വധിച്ച് ഇസ്രയേല്‍ തുടക്കമിട്ടെങ്കിലും ഇറാന്‍റെ തിരിച്ചടി അവരുടെ പ്രതീക്ഷകളെ ആകെ തകര്‍ത്തു, ജറുസലേമിലും ടെല്‍ അവീവിലും ഇറാന്‍റെ മിസൈലുകള്‍ കനത്ത നാശം വിതച്ചു.
ഇറാനോട് കീഴടങ്ങാനാണ് അമേരിക്കയും ഇസ്രയേലും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് . സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ഇറാന്‍ എന്തിന് കീഴടങ്ങണണെന്നാണ് തിരിച്ചുള്ള ചോദ്യം. ആരുടെയും ആക്രമണങ്ങൾക്ക് മുന്നില്‍ കീഴടങ്ങില്ല. തിരിച്ചിടിക്കും അതാണ് ആത്മീയ നേതാവു കൂടിയായ ആയത്തുല്ല അലി ഖമനയിയുടെ നിലപാട് .വാക്കുകള്‍ പോലെ ഇറാന്‍റെ തിരിച്ചടിയും കനത്തതായിരുന്നു. ആക്രമണങ്ങള്‍ ആശുപത്രിക്കും ജനവാസകേന്ദ്രങ്ങള്‍ക്കും നേരേയായത് ഇസ്രയേല്‍ ആയുധമാക്കുന്നുമുണ്ട്. ആണവനയത്തില്‍ വിട്ടുവീഴ്ചയില്ലെങ്കില്‍ അമേരിക്കല്‍ ഇടപെടല്‍ ആസന്നമെന്ന സന്ദേശം ട്രംപും നല്‍കിക്കഴിഞ്ഞു. യുദ്ധത്തിന്‍റെ ഗതിമാറുന്നു എന്ന് ചുരുക്കം
യുദ്ധതന്ത്രങ്ങളില്‍ ഇസ്രയിലിനോളം വരില്ലെങ്കിലും സൈനിക ആയുധശേഷിയില്‍ ഇറാനെ എഴുതിത്തള്ളാനാകില്ല . സ്വന്തമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലുകളുടെ ശേഖരമാണ് ഇറാന്‍റെ കരുത്ത് . നാശംവിതച്ച് ഇസ്രയേല്‍ ക്ലസ്റ്റര്‍ ബോംബുകളും വര്‍ഷിച്ചെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു. ഇറാന്‍റെ ആകാശം കൈപ്പിടിയിലെന്ന് അമേരിക്ക അവകാശപ്പെടുമ്പൊഴും വ്യോമപ്രതിരോധ സംവിധാനമായ അയണ്‍ഡോമിനെ ഭേദിച്ചെത്തുന്ന മിസൈലുകള്‍ ഇസ്രയേലിനെ തെല്ലൊന്നുമല്ല വലയ്ക്കുന്നതും ആശങ്കപ്പെടുത്തുന്നതും .
ഖമനേയി എവിടെയെന്ന് അറിയാമെന്നും വധിക്കാത്തത് ഔദാര്യമെന്ന് അമേരിക്കയും ഇസ്രയേലും ആവര്‍ത്തിക്കുമ്പൊഴും പിന്നോട്ടില്ലെന്നാണ് പൂര്‍ണാധികാരം കയ്യാളുന്ന ഇറാനിയന്‍ ഭരണനേതൃത്വത്തിന്‍റെ നിലപാട്. എന്നാല്‍ നിലപാടുകൊണ്ടു മാത്രം യുദ്ധം നീട്ടിക്കൊണ്ടുപോകവുന്ന നിലയിലല്ല ഇറാന്‍ . സഖ്യകക്ഷികള്‍ ഒന്നായി ആക്രമണത്തിനെത്തിയാല്‍ നിലനില്‍പ്പ് പരുങ്ങലിലാകുമെന്ന ചിന്ത അവര്‍ക്കുമുണ്ട്
നേര്‍ക്കുനേര്‍ ഏറ്റുമുട്ടാറില്ലെങ്കിലും ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ തുടങ്ങിയിട്ട് കാലമേറെയായി. ഒരു കാലത്ത് സുഹൃത്തുക്കളും സഖ്യകക്ഷികളുമായിരുന്ന് രണ്ട് രാഷ്ട്രങ്ങളായിരുന്നു ഇറാനും ഇസ്രയേലും. ഇറാനിലെ വ്യാപാര, അടിസ്ഥാന സൗകര്യങ്ങളുടെ വളര്‍ച്ചയ്ക്ക് ആ കാലങ്ങളില്‍ ഇസ്രയേല്‍ പിന്തുണ നല്‍കിയിരുന്നു. ഇസ്രയേല്‍ രൂപീകരണ സമയത്ത് മിക്ക മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളും ഇസ്രയേലിനെ അംഗീകരിക്കാന്‍ വിസമ്മതിച്ചിരുന്നു. അന്ന് ഇസ്രയേലിനെ അനുകൂലിച്ച രണ്ട് രാജ്യങ്ങളായിരുന്നു ഇറാനും തുര്‍ക്കിയും. സഹകരണത്തിന്‍റെ കാലങ്ങളിലും ഇറാനിൽ പലസ്തീനികൾക്കുവേണ്ടി വാദിക്കുന്ന ഇസ്ലാമിക ഘടകങ്ങൾ ഉണ്ടായിരുന്നു, പലപ്പോഴും അവര്‍ക്കായി ഇറാന്‍ ഫണ്ടും സ്വരൂപിച്ചിരുന്നു. 1979-ൽ ഇറാനിൽ ഇസ്ലാമിക വിപ്ലവം ആഞ്ഞടിച്ചതോടെ ഇസ്രായേൽ ബന്ധത്തില്‍ വിള്ളലുണ്ടായി . പിന്നീട് ഇസ്രായേൽ പാസ്‌പോർട്ടുകൾ സ്വീകരിക്കാൻ ഇറാൻ വിസമ്മതിച്ചു.
ഒടുവില്‍ പലസ്തീനെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളെ ചെറുക്കുമെന്ന നിലപാടിലേക്ക് ഇറാനെത്തി. ഇസ്രയേലിനെ 'ലിറ്റില്‍ സാത്താന്‍' എന്നും വിശേഷിപ്പിച്ചു. മിത്രങ്ങള്‍ ശത്രുക്കളായതുമുതലാണ് നിഴല്‍യുദ്ധങ്ങള്‍ക്ക് തുടക്കമായത്. 2023ല്‍ പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായതോടെ ഇസ്രയേല്‍ വിരുദ്ധപക്ഷത്ത് ഇറാന്‍ ശക്തമായ സാന്നിധ്യമായി. ഇസ്രയേല്‍ വിരുദ്ധ പോരാട്ടത്തിനിറങ്ങിയ ഹിസ്ബുല്ലയുടെ ശക്തിയും ഇറാനായിരുന്നു.
യുദ്ധം ഒരാഴ്ച പിന്നിടുമ്പൊഴും വെടിനിര്‍ത്തല്‍ സാധ്യതകളൊന്നും ഉരുത്തിരിയുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇറാനെ അനുകൂലിക്കുന്ന റഷ്യ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് അറിയിച്ചെങ്കിലും അമേരിക്കയോ സഖ്യകക്ഷികളോ പ്രതികരിച്ചിട്ടില്ല . ഇറാനെ തളയ്ക്കാന്‍ ആരുടെയും സഹായം വേണ്ടെന്ന് ഇസ്രയേല്‍ പറയുമ്പോഴും ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണത്തിന് അമേരിക്കയും കോപ്പുകൂട്ടുന്നുണ്ട് . സമാധാനം അകലെയെന്നുറപ്പിച്ച് ഇറാന് പിന്നാലെ ഇസ്രയേലില്‍ നിന്നും പൗരന്‍മാരെ ഒഴിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍.