സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇസ്രയേലിന് മേല്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഇറാന്‍. ഇസ്രയേലിനെ അപലപിക്കാന്‍ രാജ്യങ്ങള്‍ തയാറാകണമെന്നും ഉപ സ്ഥാനപതി ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളെ തിരികെയെത്തിക്കാന്‍ ഇന്ത്യയ്ക്കുമാത്രമായി ഇറാന്‍ വ്യോമാതിര്‍ത്തി തുറന്നുനല്‍കി. ഇന്ത്യ ഓപ്പറേഷന്‍ സിന്ധു ദൗത്യം ആരംഭിച്ചതിന് പിന്നാലെയാണ് ഇറാന്‍ വ്യോമപാത തുറന്നുനല്‍കുന്നത്. വിദ്യാര്‍ഥികളെ തിരികെ കൊണ്ടുവരാന്‍ മാത്രമാണ് ഇളവ്.
ഇറാന്‍റെ ഔദ്യോഗിക വിമാനക്കമ്പനിയായ മഹാന്‍ എയര്‍ലൈന്‍ വഴി രണ്ടുദിവസത്തിനുള്ളില്‍ ആയിരം വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കും. ആദ്യ വിമാനം ഇന്നുരാത്രിയും രണ്ടെണ്ണം നാളെയും എത്തും. ഇറാന്‍ വ്യോമപാത അടച്ചതോടെ കരമാര്‍ഗം ആളുകളെ അയല്‍രാജ്യങ്ങളായ അര്‍മേനിയയിലും തുര്‍ക്മെനിസ്ഥാനിലും എത്തിച്ച് അവിടെനിന്ന് വ്യോമമാര്‍ഗം ഡല്‍ഹിയിലേക്ക് കൊണ്ടുവരാനായിരുന്നു ഇന്ത്യയുടെ തീരുമാനം. ഇത്തരത്തില്‍ 110 വിദ്യാര്‍ഥികളുടെ ആദ്യസംഘം കഴിഞ്ഞദിവസം ഡല്‍ഹിയില്‍ എത്തുകയും ചെയ്തു.
അതിനിടെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സൗത്തിന്‍റെ ശബ്ദമായ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇടപെടണമെന്ന് ഇറാന്‍ ഉപ സ്ഥാനപതി മൊഹമ്മദ് ജാവേദ് ഹൊസൈനി ആവശ്യപ്പെട്ടു. ആദ്യം ഇസ്രയേലിനെ അപലപിക്കാന്‍ രാജ്യങ്ങള്‍ തയാറാവണം. ഏകപക്ഷീയമായി സമാധാനം അടിച്ചേല്‍പ്പിക്കാവില്ലെന്നും ഹൊസൈനി പറഞ്ഞു. പുറംലോകമറിയാത്ത ആയുധങ്ങള്‍ ഇറാനുണ്ട്. പാക്കിസ്ഥാന്‍ അമേരിക്കയ്ക്കൊപ്പം നില്‍ക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹൊസൈനി വ്യക്തമാക്കി