നിലവിലെ ആഗോള വ്യോമഗതാഗതദൃശ്യം ആഗോള സംഘര്‍ഷങ്ങളുടെ നേര്‍ക്കാഴ്ച്ച കൂടിയാണ്. ഫ്ലൈറ്റ് റഡാര്‍24 പങ്കുവച്ച ഏറ്റവും പുതിയ വ്യോമഗതാഗത ദൃശ്യത്തില്‍ മുക്കാല്‍ ഭാഗവും കനത്ത ട്രാഫിക് ജാം അനുഭവപ്പെടുന്നപോലെ തോന്നും. എന്നാല്‍ മൂന്നിടത്ത് തീര്‍ത്തും ശൂന്യതകള്‍. ലോകത്ത് സംഘര്‍ഷമേഖലകളായ യുക്രയിന്‍, ഇറാന്‍, എന്നീ രാജ്യങ്ങള്‍ക്കു മുകളിലും ടിബറ്റിലുമാണ് ഈ ശൂന്യത കാണാനാവുന്നത്.
റഷ്യയും യുക്രെയിനും, ഇറാനും ഇസ്രായേലും തമ്മിലുളള വലിയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സ്ഥിതി. ജൂണ്‍ 13നാണ് ഇറാനുമേല്‍ ഇസ്രയേല്‍ ആക്രമണത്തിനു തുടക്കമിട്ടത്. ആണവസമ്പുഷ്ടീകരണ കേന്ദ്രങ്ങളേയും മിസൈല്‍ നിര്‍മിത സ്ഥാനങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ കടന്നാക്രമണം. ആക്രമണത്തിനു പിന്നാലെ ഇറാന്റെ ആകാശപാത ക്ലിയര്‍ ക്രിസ്റ്റല്‍. ഒരൊറ്റ സാധാരണക്കാരനും വ്യോമപാതയിലൂടെ സഞ്ചരിക്കുന്നില്ലെന്നു വ്യക്തമാകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
യുക്രയിനു മുകളിലുമുള്ള ആകാശപാത മരുഭൂമി പോലെ കിടക്കുകയാണ്. രണ്ടു വര്‍ഷത്തോളമായി റഷ്യ യുക്രയിന്‍ യുദ്ധം തുടരുകയാണ്. ജനതയുടെ ജീവിതവും പദ്ധതികളും എത്രമാത്രം നിലച്ചുവെന്നു കൂടി വ്യക്തമാകുന്നതാണ് യുക്രയിനു മുകളിലുള്ള ഈ ശൂന്യതയും. ഈ വഴികളിലൂടെ പോകേണ്ടിയിരുന്ന വിമാനങ്ങളെല്ലാം വഴിമാറ്റി പറക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇന്ധനനഷ്ടം, ഇന്ധനവിലക്കയറ്റം, സാമ്പത്തിക നഷ്ടം, കൂടിയ യാത്രാസമയം, അങ്ങനെ ബന്ധപ്പെട്ട മേഖലകളിലെല്ലാം പ്രതിസന്ധികള്‍ ഉടലെടുത്തു.
തിബറ്റ് ആവട്ടേ, ലോകത്തിലെ തന്നെ ഏറ്റവും ഉയരമേറിയ പ്രദേശങ്ങളിലൊന്നാണ്. സമുദ്രനിരപ്പില്‍ നിന്ന് 16,000 അടി ഉയരത്തിലാണ് തിബറ്റ് നിലകൊള്ളുന്നത്. വിമാനങ്ങള്‍ തകരാനുള്ള സാഹചര്യം മുന്നില്‍ക്കണ്ടാണ് തിബറ്റിന് മുകളിലൂടെ വ്യോമയാത്ര വിലക്കിയിരിക്കുന്നത്. വ്യോമയാത്ര നിരോധിച്ച മേഖലകള്‍ പലതുണ്ടെങ്കിലും ഗ്രാഫില്‍ പ്രതിഫലിക്കാന്‍ തക്ക സാധ്യതകളില്ലെന്നതാണ് ആ മേഖലകളൊന്നും കൃത്യമായി രേഖപ്പെടുത്താത്തതെന്നാണ് കാരണം.