AI Generated Image
വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ജോലിക്കാരെ ക്ഷണിച്ചുക്കൊണ്ടുള്ള പരസ്യം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. മധ്യ ചൈനയിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രത്തിലേക്കാണ് ഇത്തരത്തില്‍ ജോലിക്കാരെ ആവശ്യമുള്ളത്. താല്പര്യമുള്ളവർക്ക് പ്രതിദിന വേതനമായി വാഗ്ദാനം ചെയ്യുന്നത് 500 യുവാൻ അതായത് ഏകദേശം 6000 രൂപയാണ്. ജോലിയുടെ സ്വഭാവം എങ്ങനെയാണെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്.
സൗത്ത് ചൈന മോണിംങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി അംഗീകരിക്കപ്പെട്ടതും ഹുബെയ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്നതുമായ ഷെനോങ്ജിയ നാഷണൽ നേച്ചർ റിസർവിൽ ആണ് ഇത്തരത്തിൽ ഒരു പോസ്റ്റിലേക്ക് ജോലിക്കാരെ തേടിയിരിക്കുന്നത്. ലഭിക്കുന്ന അപേക്ഷകളിൽ നിന്നും 16 വ്യക്തികളെ മാത്രമാണ് തിരഞ്ഞെടുക്കുക.
തിരഞ്ഞെടുക്കുന്നവര്‍ വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന ടൂറിസ്റ്റുകളുടെ മുന്‍പില്‍ കാട്ടാളന്‍മാരായും മറ്റ് ചില വേഷങ്ങളും കെട്ടി അഭിനയിക്കണം. വനപ്രദേശങ്ങളിൽ കൂടി ചുറ്റി നടക്കണം. കൂടാതെ ടൂറിസ്റ്റുകള്‍ക്ക് മുൻപിൽ നൃത്തം ചെയ്യുകയും അവരുമായി ഇടപഴകുകയും വേണം. ടൂറിസ്റ്റുകള്‍ എന്തു ഭക്ഷണം നല്‍കിയാലും അത് സ്വീകരിക്കുകയും കഴിക്കുകയും ചെയ്യണം. ജൂലൈ മുതൽ ഓഗസ്റ്റ് വരെയാണ് ജോലിയുടെ കാലാവധി.
ഉദ്യോഗാർത്ഥികളുടെ പ്രായമോ ലിംഗമോ പ്രശ്നമല്ല. എന്നാൽ മറ്റു രോഗങ്ങൾ ഒന്നുമില്ലെന്ന് തെളിയിക്കുന്ന മെഡിക്കൽ രേഖകൾ ഹാജരാക്കണം. അതോടൊപ്പം തന്നെ ചെറിയ വിഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിവുള്ളവർക്കും ദീർഘകാലം കാട്ടിൽ ജീവിച്ചു പരിചയമുള്ളവർക്കും പച്ചമാംസം കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്കും മുൻഗണന ലഭിക്കും എന്നാണ് പരസ്യത്തിൽ പറയുന്നത്.
ഇതിനെല്ലാം പുറമേ ചില നിയന്ത്രണങ്ങളും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ജോലിസമയം ഇവര്‍ക്ക് സംസാരിക്കാൻ അനുവാദം ഉണ്ടായിരിക്കില്ല. ടോയ്‌ലറ്റിലേക്കുള്ള വഴി ചോദിക്കുമ്പോൾ ഒഴികെ, അവർക്ക് ഒരു മൂളൽ ശബ്ദം മാത്രമേ പുറപ്പെടുവിക്കാൻ കഴിയൂ. വന്യമൃഗങ്ങളെ സ്പർശിക്കാൻ പാടില്ല, കൂടാതെ അക്രമകാരികളായ ജീവികളെ കണ്ടാൽ ഓടിപ്പോകുകയും വേണം. ജോലി സമയം രാവിലെ 8 മുതൽ വൈകുന്നേരം 5 വരെയാണ്.
ജൂൺ 7 മുതൽ ഈ തസ്തികയിലേക്കുള്ള നിയമനം ആരംഭിച്ചതായാണ് സൗത്ത് ചൈന മോണിംങ് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഇതിനോടകം തന്നെ ഏകദേശം 10,000 പേര്‍ ഈ ജോലിക്കായി അപേക്ഷിച്ചതായും റിസർവിന്റെ മാനേജ്മെന്റ് കമ്പനി വ്യക്തമാക്കി.