ഇറാന്റെയും ലോകത്തിന്റെതന്നെയും സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതം ഏല്‍പ്പിക്കുന്ന ആക്രമണമാണ് ഇസ്രയേല്‍ അഴിച്ചുവിടുന്നത്.  ഇസ്രയേല്‍ ഉന്നംവയ്ക്കുന്നത് ഇറാനിലെ  എണ്ണപ്പാടങ്ങളും റിഫൈനറികളുമാണ് എന്നതുതന്നെ ഇതിന് കാരണം.  ഇറാനിലെ  പാര്‍സ് ഗ്യാസ് ഫീല്‍ഡിലെ റിഫൈനറിക്കുണ്ടായ കേടുപാടുകളുടെ ആഘാതം ഒട്ടും വൈകാതെ ആഗോള ഊര്‍ജവിപണിയില്‍ പ്രതിഫലിക്കും. 

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരങ്ങളില്‍ ഒന്നാണ് ഇറാനിലെ സൗത്ത് പാര്‍സ്.  ദക്ഷിണ ഇറാനിലെ ബുഷൈര്‍ പ്രവിശ്യയിലെ കടലിലാണ് ഈ പ്രകൃതിവാതകശേഖരം.  യു.എസും റഷ്യയും കഴിഞ്ഞാല്‍  ലോകത്തിലെ ഏറ്റവുംവലിയ പ്രകൃതിവാതക ഉല്‍പാദന രാജ്യമായി ഇറാന്‍ മാറിയതും  സൗത്ത് പാര്‍സിന്റെ കരുത്തിലാണ്.  അവരുടെ ആഭ്യന്തര പ്രകൃതി വാതക ഉല്‍പാദനത്തിന്റെ  മൂന്നില്‍ രണ്ട് ഭാഗവും സൗത്ത് പാര്‍സില്‍ നിന്നാണ്. സൗത്ത് പാര്‍സടക്കം ഇറാനിലെ സുപ്രധാന എണ്ണ–വാതക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഈ ആക്രമണം എണ്ണവിപണിയെ  ബാധിച്ചുകഴിഞ്ഞു.  സംഘര്‍ഷം തുടങ്ങി നാലുദിവസം പിന്നിടുമ്പോള്‍ത്തന്നെ ക്രൂഡ്ഓയില്‍ വില ഏഴുശതമാനമാണ് കൂടിയത്. ഇറാനില്‍നിന്നുള്ള എണ്ണ – വാതകവിതരണം തടസ്സപ്പെടുന്നത്  ആഗോള ഊര്‍ജവിതരണ ശൃംഖലയിലും വന്‍ പ്രതിസന്ധി സൃഷ്ടിക്കും. 

ഇതും രാജ്യാന്തരതലത്തില്‍ ഇന്ധനക്ഷാമത്തിനും വില വര്‍ധനവിനും ഇടയാക്കും.  ഇറാനില്‍ നിന്നുള്ള എണ്ണയുടെ പ്രധാന ഇറക്കുമതിക്കാരായ ചൈനയെപ്പോലുള്ള രാജ്യങ്ങളേയും ഈ ആക്രമണം ദോഷകരമായി ബാധിക്കും.  ഇത് രാജ്യാന്തരതലത്തിലെ കാര്യം. ഇറാന്റെ കാര്യമെടുത്താല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാണ്. ഊര്‍ജക്കയറ്റുമതി തടസ്സപ്പെടുന്നതോടെ ഇറാന്റെ വിദേശനാണ്യ വരുമാനത്തില്‍ വന്‍ ഇടിവ് നേരിടും. 

സാമ്പത്തികമായി ദുര്‍ബലമാകുന്നത് ആണവ മിസൈല്‍ ശേഷി വീണ്ടെടുക്കാനുള്ള അവരുടെ ശ്രമങ്ങളെ തടസ്സപ്പെടുത്തുമെന്നും  വിദഗ്ധര്‍ വിലയിരുത്തുന്നു. സൗത്ത് പാര്‍സ് റിഫൈനറിയിലെ ഉല്‍പാദനം ഭാഗികമായി നിലച്ചത് ഇറാനെ കടുത്ത  ഊര്‍ജപ്രതിസന്ധിയിലേക്കും തള്ളിവിടും. ദശാബ്ദത്തിലെ ഏറ്റവും വലിയ വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഇറാന്  ഇത് താങ്ങാനാവുന്നതിലും അപ്പുറമാണ്.  ഇറാന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ കണക്കുപ്രകാരം പ്രതിദിനം 250 ദശലക്ഷം ഡോളറിന്റെ വരുമാനനഷ്ടമാണ്  രാജ്യം നേരിടുന്നത്. 

റിഫൈനറിക്കുണ്ടായ കേടുപാട്  ആഭ്യന്തരആവശ്യങ്ങള്‍ക്കുള്ള ഇന്ധനലഭ്യതയിലും ഇടിവുണ്ടാക്കും ഒപ്പം  കുത്തനെയുള്ള വിലക്കയറ്റത്തിനും ഇടവരുത്തും.  

സംഘര്‍ഷം കൂടുതല്‍ വഷളായാല്‍  ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചേക്കുമെന്ന മുന്നറിയിപ്പാണ് ലോകം നേരിടാനിരിക്കുന്ന മറ്റൊരു പ്രത്യാഘാതം. ആഗോള എണ്ണ കയറ്റുമതിയുടെ 21 ശതമാനവും കടന്നുപോകുന്ന ഈ കടലിടുക്ക് അടച്ചാല്‍ ആഗോള എണ്ണ വിതരണത്തെ സാരമായി ബാധിക്കാമെന്നും എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് കുതിച്ചുയരാന്‍ കാരണമാകുമെന്നും വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. 

അതേസമയം, സൗത്ത് പാര്‍സ് ഗ്യാസ് ഫീല്‍ഡില്‍ ഉല്‍പാദനം തുടരുന്നുണ്ടെന്നും നാശനഷ്ടങ്ങള്‍ അത്ര വലുതല്ലെന്നുമാണ്  ഇറാന്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണെങ്കില്‍ ഇറാന്റെ ഊര്‍ജ ഉല്‍പാദന ശേഷി പൂര്‍ണമായും നശിപ്പിക്കപ്പെടാന്‍ ഇടയുണ്ടെന്നാണ് മറ്റൊരു മുന്നറിയിപ്പ്. അങ്ങനെ സംഭവിച്ചാല്‍ ലോകത്തിന്റെ നിലതന്നെ പരുങ്ങലിലായേക്കാം. 

ENGLISH SUMMARY:

Israel's latest offensive is delivering a severe blow to both Iran’s and the global economy. The primary targets are Iran's oil fields and refineries, which are central to the nation's energy infrastructure. Damage to the Pars Gas Field refinery is expected to impact the global energy market soon, with ripple effects likely to be felt across oil and gas prices worldwide.