ഇസ്രയേലിനെ പ്രത്യാക്രമണത്തിലൂടെ പ്രഹരമേല്‍പിച്ച് ഇറാന്‍. മിസൈല്‍ ആക്രമണത്തില്‍ മൂന്നുപേര്‍കൊല്ലപ്പെട്ടു. എഴുപതിലേറെപ്പേര്‍ക്ക് പരുക്കേറ്റു. വീണ്ടും ആക്രമണം തുടങ്ങിയ ഇസ്രയേല്‍ ഇറാനിലെ എണ്ണശുദ്ധീകരണകേന്ദ്രമടക്കം ലക്ഷ്യമിട്ടു. ഇസ്രയേലിന് പിന്തുണനല്‍കിയാല്‍ മേഖലയിലെ സൈനികതാവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
Read Also: ഇറാന്‍റെ മിസൈലുകളെ വീഴ്ത്തിയത് അമേരിക്ക?
മേഖലയെ ആശങ്കയിലാഴ്ത്തി ആക്രമണപ്രത്യാക്രമണങ്ങള്‍ അതിശക്തമായി തുടരുന്നു. കഴിഞ്ഞ രാത്രിയിലും പുലര്‍ച്ചെയുമായി 150ഇടങ്ങളില്‍ നടത്തിയ ഇറാന്‍ പ്രത്യാക്രമണത്തില്‍ ടെല്‍ അവീവിലും ജറുസലേമിലും കനത്ത നാശനഷ്ടമുണ്ടായി. ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. ടെല്‍ അവീവിലെ ഇസ്രയേല്‍ പ്രതിരോധആസ്ഥാനത്തിന് സമീപവും മിസൈലാക്രമണം നടത്തി. അതീവജാഗ്രതാനിര്‍ദേശം തുടരുന്ന ഇസ്രയേലില്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. ബെന്‍ ഗുരിയോന്‍ വിമാനത്താവളം അടച്ചു. ഓപ്പറേഷന്‍ ട്രൂ പ്രോമിസ് തുടരുമെന്നാണ് ഇറാന്‍റെ മുന്നറിയിപ്പ്.
ഉച്ചയ്ക്ക് ശേഷം തബ്രിസിലെ എണ്ണശുദ്ധീകരണകേന്ദ്രം ഇസ്രയേല്‍ ആക്രമിച്ചു. വലിയ സ്ഫോടനശബ്ദം കേട്ടെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കുപടിഞ്ഞാറന്‍ നഗരമായ ഖാസ്വിനിലെ അല്‍ബോര്‍സ് വ്യവസായ മേഖലയിലും മിസൈല്‍ ആക്രമണം നടത്തി. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനിലെ മൂന്ന് ആണവശാസ്ത്രജ്ഞര്‍ കൂടി കൊല്ലപ്പെട്ടു. 78പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
ഇറാന്‍ ആക്രമണം തുടര്‍ന്നാല്‍ ടെഹ്റാന്‍ കത്തിക്കുമെന്നാണ് ഇസ്രയേല്‍ ഭീഷണി. ഇറാനെതിരായ ആക്രമണത്തില്‍ ഇസ്രയേലിനെ പിന്തുണച്ചാല്‍ മേഖലയിലെ സൈനികതാവളങ്ങള്‍ ആക്രമിക്കുമെന്ന് യുഎസ്, യുകെ, ഫ്രാന്‍സ് രാജ്യങ്ങള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ആണവകരാരുമായി ബന്ധപ്പെട്ട് നാളെ ഒമാനില്‍ നടക്കേണ്ട ചര്‍ച്ചയില്‍ പങ്കെടുക്കുമോയെന്ന് ഉറപ്പില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സൗദി,യുഎഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളുടെ ഭരണാധികാരികള്‍ വിവിധരാജ്യങ്ങളിലെ ഭരണാധികാരികളുമായി നിലവില സാഹചര്യങ്ങള്‍ വിലയിരുത്തി.