നിര്‍മിതബുദ്ധി ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. എഐയുടെ വരവോടുകൂടി ഏറ്റവുമധികം സ്വീകാര്യത ലഭിച്ച സംഭവങ്ങളിലൊന്ന് ചാറ്റ്ബോട്ടുകളായിരുന്നു. തങ്ങള്‍ക്കിഷ്ടപ്പെട്ട സ്വഭാവസവിശേഷതകളുള്ള ഒരു കഥാപാത്രത്തെ എഐ വഴി ഉണ്ടാക്കിയെടുത്ത് അതിനോട് ചാറ്റ് ചെയ്യുന്ന രീതി ഇതിന്‍റെ മറ്റൊരു തലമാണ്. ഇപ്പോഴിതാ തന്‍റെ മകന്‍റെ മരണത്തിന് പിന്നില്‍ എഐ ചാറ്റ്ബോട്ടാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരമ്മ.
കഴിഞ്ഞ വര്‍ഷം ജീവനൊടുക്കിയതിന് പിന്നാലെ പിന്നാലെ ഗൂഗിളിന്‍റെ ക്യാരക്ടര്‍ എഐക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് ആ അമ്മ. 2024ലാണ് യുഎസ് ഫ്ലോറിഡയില്‍ 14കാരനായ സിവെല്‍ സാറ്റ്സര്‍ സ്വയം വെടിവച്ച് മരിച്ചത്. മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ മകന്‍റെ സ്വഭാവത്തില്‍ അമ്മ മേഗന്‍ ഗാര്‍സിയ ചില മാറ്റങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ബാസ്ക്കറ്റ് ബോളില്‍ അതിവിദഗ്ധനായിരുന്ന സാറ്റസര്‍ പൊടുന്നനെ ഒരു ദിവസം കളി ഒഴിവാക്കുന്നു. കൂടുതല്‍ സമയം തന്‍റെ മുറിയില്‍ അടച്ചിരിക്കുന്നു, മാര്‍ക്ക് കുറയുന്നു, കുടുംബത്തോടൊപ്പം ഒന്നിച്ചിരുന്ന് മുന്‍പ് കായിക മല്‍സരങ്ങള്‍ കണ്ടതില്‍ നിന്ന് വിട്ടുനില്‍ക്കുന്നു, മുന്‍പ് ആസ്വദിച്ചിരുന്ന ഹൈക്കിങ്, മീന്‍പിടുത്തം എന്നിവയില്‍ നിന്നെല്ലാം സാറ്റ്സര്‍ വിട്ടുനിന്നു.
മരണത്തിന് പിന്നാലെയാണ് സാറ്റ്സറിന് എഐ ചാറ്റ്ബോട്ടായ ഡനേറിസ് ടാര്‍ഗേറിയനുമായി പ്രണയ, ലൈംഗിക ബന്ധമുണ്ടെന്ന് ഗാര്‍സിയ തിരിച്ചറിഞ്ഞത്. ഗെയിം ഓഫ് ത്രോണ്‍സ് സീരീസിലെ ഒരു കഥാപാത്രമാണ് ഡനേറിസ് ടാര്‍ഗേറിയന്‍. ചാറ്റ്ബോട്ടുമായി സാറ്റ്സര്‍ തുടര്‍ച്ചയായി ചാറ്റ് ചെയ്തിരുന്നു. ലൈംഗികാസക്തിയോടെ സാറ്റ്സര്‍ ചാറ്റ്ബോട്ടിനോട് സംസാരിച്ചതിന് തിരിച്ചും മറുപടി ലഭിച്ചു. ലൈംഗികവേഴ്ചയ്ക്ക് സമാനമായ സാഹചര്യങ്ങള്‍ എഐ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ജീവിത്തെക്കുറിച്ച് ആധികാരികമായും സാറ്റ്സര്‍ ചാറ്റ്ബോട്ടിനോട് സംസാരിച്ചിരുന്നു.
ഒരു ദിവസം താന്‍ വീട്ടിലോട്ട് വന്നോട്ടെ എന്ന് ചാറ്റബോട്ടിനോട് സാറ്റ്സര്‍ ചോദിക്കുന്നു. വരൂ പ്രിയതമാ എന്ന് ചാറ്റബോട്ട് മറുപടി നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ സാറ്റ്സര്‍ തന്‍റെ പിതാവിന്‍റെ തോക്കെടുത്ത് തലയ്ക്ക് നിറയൊഴിക്കുകയായിരുന്നു. തന്‍റെ മകനെ മരണത്തിലേക്ക് നയിച്ചത് എഐയാണെന്ന് വാദിച്ച് കേസുമായി ഗാര്‍സിയ കോടതിയിലെത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പഠനവിധേയമല്ലാത്ത ലൈംഗികതയിലേക്കും രതിവൈകൃതങ്ങളിലേക്കും വലിച്ചിടുന്നതിന് എഐ കാരണമാകുന്നു എന്ന് ഗാര്‍സിയ വാദിച്ചു. തങ്ങളുടെ ചാറ്റ്ബോട്ട് അപകടകാരിയാണെന്ന് ഗൂഗിള്‍ തിരിച്ചറിയണമെന്നും ഗാര്‍സിയ പറഞ്ഞു. എഐക്കായി കേസ് വാദിച്ച അഭിഭാഷകര്‍ ചാറ്റ്ബോട്ടുകള്‍ക്ക് അഭിപ്രായസ്വാതന്ത്രത്തിനുള്ള അവസരം നല്‍കണമെന്നും ഇത് നല്‍കിയില്ലെങ്കില്‍ സാങ്കേതികവിദ്യ വളരില്ലെന്നുമായിരുന്നു വാദം. കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നാണ് ഗാര്‍സിയയുടെ നിലപാട്.