Image Credit : X/Twitter

അമേരിക്കയില്‍ കോവിഡിനെക്കാള്‍ മാരകമായത് സംഭവിക്കാമെന്ന മുന്നറിയിപ്പുമായി അമേരിക്കയിലുളള ചൈനീസ് പൊളിറ്റിക്കൽ അനലിസ്റ്റ് ഗോർഡൻ ജി. ചാങ്. അപകടകരമായ ഫം​ഗസ് കടത്തിയത്തിന്‍റെ പേരില്‍ രണ്ട് ചൈനീസ് ശാസ്ത്രജ്ഞര്‍ അമേരിക്കയില്‍ പിടിയിലായ സാഹചര്യത്തിലാണ് ഗോര്‍ഡന്‍റെ മുന്നറിയിപ്പ്. ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് യു.എസ് നീങ്ങണം. ഇത്തരം കാര്യങ്ങളില്‍ അതീവശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ കോവിഡിനെക്കാള്‍ മാരകമായതിനെ അമേരിക്ക നേരിടേണ്ടി വരുമെന്നാണ് ഗോര്‍ന്‍ മുന്നറിയിപ്പ് നല്‍കിയത്.

കാര്‍ഷിക മേഖലയെ ആകമാനം താറുമാറാക്കുന്ന ഫംഗസാണ് രണ്ട് ചൈനീസ് ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് അമേരിക്കയിലേക്ക് കടത്താന്‍ ശ്രമിച്ചത്. ചൈനയിലെ സര്‍വകലാശാലയില്‍ ഗവേഷകനായ സുയോങ് ലിയു ഇയാളുടെ പെണ്‍സുഹൃത്തും യുഎസിലെ മിഷിഗന്‍ സര്‍വകലാശാലയിലെ ഗവേഷകയുമായ യുങ് കിങ് ജിയാന്‍ എന്നിവരാണ് പിടിയിലായത്. മനുഷ്യരാശിക്ക് വലിയ ആപത്തുവരുത്തുന്ന ഫംഗസാണ് ഇരുവരും ചേര്‍ന്ന് കടത്താന്‍ ശ്രമിച്ചത്. കൃഷി നശിക്കുകയും, ഈ ഫംഗസ് ബാധയേറ്റ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് വഴി മനുഷ്യന്‍റെ ആന്തരീക അയവങ്ങള്‍ തകരാറിലാകുകയും ചെയ്യും എന്നതാണ് ഈ ഫംഗസിന്‍റെ പ്രത്യേകത. കോവിഡ് പടര്‍ന്നുപിടിക്കാന്‍ കാരണം ചൈനയാണെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് മറ്റൊരു ജൈവയുദ്ധത്തിന് സമാനമായ നടപടി ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ഗോര്‍ഡന്‍ ചൂണ്ടിക്കാട്ടി.

'ഫ്യൂസേറിയം ഗ്രാമിനിയാരം' എന്ന ഫംഗസാണ് ഇരുവരും ചേര്‍ന്ന് കടത്താന്‍ ശ്രമിച്ചത്. ഇത് മനുഷ്യരാശിക്ക് വലിയ ആപത്തുവരുത്തിവയ്ക്കുമെന്നും അത് കോവിഡിനെക്കാള്‍ മാരകമായിരിക്കുമെന്നും ഗോര്‍ഡന്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യന്‍റെ പ്രത്യുല്‍പ്പാദനശേഷിയെ തകരാറിലാക്കാനുളള കഴിവും ഈ ഫംഗസിനുണ്ട്. 2020-ൽ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലേക്കും ചൈനയിൽ നിന്ന് വിത്തുകൾ എത്തിയിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എസ് ആവശ്യപ്പെടാതെയാണ് ഇവ എത്തിയത്. സസ്യങ്ങളെ നശിപ്പിക്കുക, അപകടകാരികളായ സസ്യങ്ങളെ പടര്‍ന്നുപിടിക്കാന്‍ അവസരമൊരുക്കുക എന്നതായിരുന്നു അവ എത്തിച്ചവരുടെ ലക്ഷ്യമെന്നും ഗോര്‍ഡന്‍ പറയുന്നു. 

ഈ വര്‍ഷവും ഇത്തരത്തില്‍ ഒരു ചൈനീസ് ഓൺലൈൻ റീട്ടെയിലറിൽനിന്ന് യു.എസ്സിലേക്ക് വിത്തുകളെത്തിയെത്തും അദ്ദേഹം ചൂണ്ടിക്കാട്ടി. അതീവ ഗൗരവകരമായ വിഷയമാണിതെന്നും ഇത് തടയാനുള്ള ഏക മാർ​ഗം ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുക എന്നതാണെന്നും ഗോര്‍ഡന്‍ പറയുന്നു. 

ENGLISH SUMMARY:

China Expert Warns Of "Something Worse" Than Covid After US Fungus Smuggling CaseChina Expert Warns Of "Something Worse" Than Covid After US Fungus Smuggling Case