Image Credit: Instagram
പാക്കിസ്ഥാനില്‍ പതിനേഴുകാരിയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറെ വെടിവച്ച് കൊന്നു. ടിക്ടോക് താരവും ആക്ടിവിസ്റ്റുമായ സന യൂസഫാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയായിരുന്നു സംഭവം. പ്രണയാഭ്യര്‍ഥന നിരസിക്കപ്പെട്ടതിന് പിന്നാലെയാണ് 22കാരനായ ഉമര്‍ ഹയാത്ത് സനയ്ക്ക് നേരെ വെടിയുതിര്‍ത്തത്.
ദുരഭിമാനക്കൊലയാണെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ പുറത്തുവന്നതെങ്കിലും പ്രണയാഭ്യര്‍ഥന നിരസിക്കപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. സനയോട് കടുത്ത ആരാധന തോന്നിയ ഉമര്‍ പലവട്ടം സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചു. മേയ് 29ന് സനയുടെ പിറന്നാള്‍ പാര്‍ട്ടി നടക്കുന്നതറിഞ്ഞ ഉമര്‍ വീടിന് സമീപം എത്തുകയും ചെയ്തു. എട്ടുമണിക്കൂറോളം പുറത്ത് കാത്തുനിന്നിട്ടും ഉമറിനെ കാണാന്‍ സന കൂട്ടാക്കിയില്ല. തുടര്‍ന്ന് ഞായറാഴ്ച സനയുടെ വീട്ടിലേക്ക് ഉമര്‍ വീണ്ടുമെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. Also Read: ട്രംപിന്റെ പേരക്കുട്ടിയെ കല്യാണം കഴിക്കണം; മാര്‍ എ ലാഗോ മതില്‍ക്കെട്ട് ചാടിക്കടന്ന് 23കാരന്‍
മണിക്കൂറുകള്‍ കാത്തുനിന്ന് വീണ്ടും പ്രണയാഭ്യര്‍ഥന നടത്തി. നിരസിച്ചതോടെ ക്ലോസ് റേഞ്ചില്‍ നിന്ന് രണ്ടുവട്ടം വെടിയുതിര്‍ത്തു. മരിച്ചുവെന്ന് ഉറപ്പായതോടെ ഉമര്‍ ഓടി രക്ഷപെട്ടുവെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇസ്ലമാബാദില് നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ഫൈസലാബാദില്‍ വച്ച് ഉമറിനെ പിടികൂടുകയായിരുന്നുവെന്ന് ഇസ്ലമാബാദ് ഐജി സയീദ് അല്‍ നാസിര്‍ റിസ്വി പറഞ്ഞു.
ഖൈബര്‍ പക്തൂണ്‍ പ്രവിശ്യയിലെ അപ്പര്‍ ചിത്രാള്‍ സ്വദേശിയാണ് കൊല്ലപ്പെട്ട സന. ചിത്രാളിലെ നാടന്‍ കലകള്‍, പരമ്പരാഗത വസ്ത്രങ്ങള്‍, നൃത്തം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീകളുടെ അവകാശങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിഡിയോകളാണ് സന പതിവായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നത്. അഞ്ചുലക്ഷത്തിലേറെ ഫോളോവേഴ്സാണ് സനയ്ക്ക് ടിക്ടോക്കില്‍ ഉണ്ടായിരുന്നത്.
അതേസമയം, സനയുടെ മരണം ദുരഭിമാനക്കൊല തന്നെയാണെന്നും സനയ്ക്ക് നീതി വേണമെന്നുമുള്ള ഹാഷ്ടാഗുകളും ക്യാംപെയിനുകളും പാക്കിസ്ഥാനിലെ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. പാക്കിസ്ഥാനിലെ യാഥാസ്ഥിതിക വിഭാഗങ്ങള്‍ക്ക് സ്ത്രീകള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രത്യക്ഷപ്പെടുന്നത് സഹിക്കാന്‍ കഴിയുന്നില്ലെന്നും അതുകൊണ്ട് ഇല്ലായ്മ ചെയ്യുകയാണെന്നുമാണ് ആളുകള്‍ കമന്‍റ് ചെയ്തിരിക്കുന്നത്.
ഇതാദ്യമായല്ല പാക്കിസ്ഥാനില്‍ ഇന്‍ഫ്ലുവന്‍സര്‍മാരായ സ്ത്രീകള്‍ക്ക് നേരെ ആക്രമണം ഉണ്ടാവുന്നത്. ജനുവരിയില്‍ ഖ്വേറ്റയിലെ ഇന്‍ഫ്ലുവന്‍സറായ ഹിനയും വെടിയേറ്റ് മരിച്ചിരുന്നു. ടിക്ടോക് വിഡിയോ അവസാനിപ്പിക്കണമെന്ന അച്ഛന്‍റെയും അമ്മാവന്‍റെയും ആവശ്യം നിരസിച്ചതിനായിരുന്നു ഹിനയെ വെടിവച്ച് കൊന്നത്. ഇരുവരെയും പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. 2016 ല്‍ സമൂഹമാധ്യമ താരവും സ്ത്രീകളുടെ അവകാശങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്ന ഖ്വണ്ടീല്‍ ബലൂചിനെ സഹോദരന്‍ കഴുത്തു ഞെരിച്ച് കൊന്നിരുന്നു. ദുരഭിമാനക്കൊലകളാണിതെന്ന് മനുഷ്യാവകാശ സംഘടനകളും ആരോപിച്ചിരുന്നു.