ഗാർഹികപീഡനം നടത്തിയെന്നു സംശയിച്ച് അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ കഴുത്തിൽ മുട്ടമർത്തിയ ഇന്ത്യക്കാരൻ അത്യാസന്ന നിലയിൽ. അഡ്‌ലെയ്ഡിലെ പെയ്നെഹാം റോഡിൽ കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിലാണ് ഇന്ത്യൻ വംശജനായ കെ.ഗൗരവ് പൊലീസിന്റെ ആക്രമണത്തിനിരയായത്. മസ്തിഷ്കക്ഷതം സംഭവിച്ചെന്നാണ് വിവരം.
അറസ്റ്റിലാകുന്ന സമയത്ത് ഇയാള്‍ക്കൊപ്പം ഭാര്യ അമൃത്പാൽ കൗറും കൂടെയുണ്ടായിരുന്നു. ഗൗരവിനെ റോഡിൽ വീഴ്ത്തി പൊലീസുകാരൻ കഴുത്തിൽ മുട്ടമർത്തി. തല കാറിലും റോഡിലും ഇടിക്കുകയും ചെയ്തെന്നു ഭാര്യ പറഞ്ഞു. ബോധം നശിച്ചതിനെത്തുടർന്നാണു ഗൗരവിനെ റോയൽ അഡ്‌ലെയ്ഡ് ഹോസ്പിറ്റലിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വീട്ടിൽനിന്നു മദ്യപിച്ചശേഷം പുറത്തിറങ്ങിയ ഗൗരവ് തന്നോട് ഉച്ചത്തിൽ സംസാരിക്കുന്നതു കേട്ടു പൊലീസ് തെറ്റിദ്ധരിക്കുകയായിരുന്നെന്നു ഭാര്യ പറഞ്ഞു.