തടവുകാരനുമായി ഫോണ്‍ സെക്സ് നടത്തിയ ജയില്‍ പൊലീസ് ഉദ്യോഗസ്ഥയുടെ ജോലി തെറിച്ചതിനു പിന്നാലെ അഴിക്കുള്ളിലായി. ഇംഗ്ലണ്ടിലെ വെസ്റ്റ് യോര്‍ക്ക്ഷെയറിലെ എച്ച് എം പ്രിസണ്‍ വീല്‍സ്റ്റണിലാണ് സംഭവം. തടവുകാരന്റെ സെല്ലിലെത്തുകയും നിരോധിത മേഖലകളിലുള്‍പ്പെടെ ഇയാള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുകയും ഫോണ്‍ സെക്സ് നടത്തുകയും ചെയ്തു എന്നതാണ് 26കാരിയായ മേഗന്‍ ഗിബ്സനെതിരെ ഉയര്‍ന്ന പരാതി.
ഇതുമാത്രമല്ല തടവുകാരന്റെ അമ്മയ്ക്ക് ഏകദേശം 900ത്തിലധികം സന്ദേശങ്ങളയച്ചതായും അന്വേഷണത്തില്‍ വ്യക്തമായി. താനും തടവുകാരനും തമ്മിലുള്ള ബന്ധം നിലനിര്‍ത്തിപോകാനാണ് അമ്മയ്ക്ക് സന്ദേശമയച്ചതെന്നാണ് മേഗന്‍ പറയുന്നത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിലെല്ലാം മേഗന്‍ കുറ്റസമ്മതം നടത്തി. കൂടാതെ കഞ്ചാവ് ഉപയോഗിച്ചതായും അന്വേഷണസംഘത്തോട് സമ്മതിച്ചു. കുറ്റസമ്മതം നടത്തിയ മേഗന് ഓഗസ്റ്റ് മാസത്തിലാവും ശിക്ഷ പ്രഖ്യാപിക്കുകയെന്ന് ദ് ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മിസ് മേഗന്‍ ചെയ്തത് ഗുരുതരമായ കുറ്റമാണെന്നും ജയിൽശിക്ഷ തന്നെ ലഭിക്കുമെന്നും നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ലീഡ്സ് ക്രൗൺ കോടതി ജഡ്ജി മുന്നറിയിപ്പ് നല്‍കി. എച്ച്എം പ്രിസണ്‍ ജീവനക്കാരിയായിരിക്കെ തടവുകാരനുമായി പാടില്ലാത്ത ബന്ധം സൃഷ്ടിച്ചെന്നും ഫോണിലൂടെ മോശം രീതിയില്‍ സംസാരിച്ചെന്നും മേഗനെതിരായ കുറ്റങ്ങളില്‍ പറയുന്നു. അതേസമയം മുന്‍ബന്ധങ്ങളില്‍ നിന്നുമുണ്ടായ മോശം അനുഭവങ്ങളെത്തുടര്‍ന്ന് മേഗന് ചില മാനസികബുദ്ധിമുട്ടുകളുണ്ടെന്ന് മേഗന്റെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു.
യുകെയില്‍ സമാനമായ ആരോപണങ്ങളില്‍പ്പെട്ട് ജോലി തെറിക്കുന്ന ആദ്യത്തെ ജയില്‍ജീവനക്കാരിയല്ല മേഗനെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലായി 29 വനിതാ ഉദ്യോഗസ്ഥകള്‍ക്ക് ഈ രീതിയില്‍ ജോലി നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ്് റിപ്പോര്‍ട്ട് ചെയ്യുന്നു. തടവുകാരുമായുള്ള ലൈംഗികബന്ധത്തെത്തുടര്‍ന്നും ലഹരി വസ്തുക്കള്‍ കൈമാറിയതുമായി ബന്ധപ്പെട്ടുമാണ് ഈ കേസുകളേറെയും.