അറസ്റ്റിലായ ബ്രൂക്ക് ആൻഡേഴ്‌സൺ | Imag: facebook.com/HCSOSheriff
ഫ്ലോറിഡയില്‍ ക്ലാസ്മുറിയില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപിക അറസ്റ്റില്‍. ഫ്ലോറിഡയിലെ റിവർവ്യൂ ഹൈസ്കൂളിലെ അധ്യാപിക ബ്രൂക്ക് ആൻഡേഴ്‌സൺ (27) ആണ് അറസ്റ്റിലായത്. രാവിലെ സ്കൂള്‍ ആരംഭിക്കുന്നതിന് മുന്‍പാണ് അധ്യാപിക കുറ്റകൃത്യത്തിലേര്‍പ്പെട്ടതെന്നും കുട്ടിയുമായി മാസങ്ങളോളം ലൈംഗിക ബന്ധം പുലർത്തിയിരുന്നതായും ഹിൽസ്ബറോ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
മെയ് 16 ന് രാവിലെയാണ് അധ്യാപിക ക്ലാസ്മുറിയില്‍ വച്ച് വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി ആരോപിക്കുന്നത്. പിന്നാലെ ഹിൽസ്ബറോ കൗണ്ടി ഷെരീഫ് ഓഫീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. 2024 സെപ്റ്റംബര്‍ മുതല്‍ അധ്യാപിക തന്നോട് സെക്സ് ചാറ്റുകള്‍ നടത്തിയിരുന്നതായി വിദ്യാര്‍ഥി പറഞ്ഞു. അറസ്റ്റിന് മുമ്പുള്ള ആഴ്ചകളിൽ വിദ്യാര്‍ഥിയുമായി ഒന്നിലധികം തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ അധ്യാപികയെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്.
റിവർവ്യൂ ഹൈസ്‌കൂളിലെ സയൻസ് അധ്യാപികയാണ് അറസ്റ്റിലായ ബ്രൂക്ക് ആൻഡേഴ്‌സൺ. അറസ്റ്റിന് തൊട്ടുപിന്നാലെ ഇവരുടെ പേര് സ്കൂള്‍ ഡയറക്ടറിയിൽ നിന്ന് നീക്കം ചെയ്തതായി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. നിലവില്‍ സ്കൂള്‍ അധികൃതര്‍ അധ്യാപികയെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഒരു വിദ്യാർഥിയുടെയും സ്കൂളിന്റെയും, മുഴുവൻ സമൂഹത്തിന്റെയും വിശ്വാസത്തെ അധ്യാപിക വഞ്ചിച്ചുവെന്നും പഠനത്തിന് സുരക്ഷിതവും പിന്തുണ നൽകേണ്ടതുമായ സ്കൂള്‍ അന്തരീക്ഷത്തെ ഇവര്‍ ചൂഷണം ചെയ്തുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ ഇരകളുണ്ടെങ്കില്‍ അവരോട് മുന്നോട്ട് വരാന്‍ ആവശ്യപ്പെടുന്നതായും പൂര്‍ണ പിന്തുണയുണ്ടാകുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
വിദ്യാർഥികളുമായി നിയമവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന അധ്യാപകർ അമേരിക്കയുടെ വിദ്യാഭ്യാസ രംഗത്ത് ഭയം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. 2014 നും 2019 നും ഇടയിൽ 500 ലധികം ഇത്തരം കേസുകള്‍ യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 10 വിദ്യാർഥികളിൽ ഒരാൾക്ക് അധ്യാപകരില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.