Photo: Facebook
തന്‍റെ മുന്‍ കാമുകി തനിക്ക് ലഭിച്ച 30 കോടി രൂപയുടെ ജാക്ക്പോട്ടുമായി പുതിയ കാമുകനൊപ്പം ഒളിച്ചോടിയെന്ന പരാതിയുമായി യുവാവ്. കനേഡിയൻ പൗരനായ വിന്നിപെഗിൽ നിന്നുള്ള ലോറൻസ് കാംബെല്ലാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ടിക്കറ്റ് മാറി പണമെടുക്കുന്നതിന് ചില നിയമപരമായ തടസങ്ങളുണ്ടായതുകൊണ്ടാണ് താന്‍ ടിക്കറ്റ് കാമുകിയെ ഏല്‍പ്പിച്ചതെന്നാണ് യുവാവ് പറയുന്നത്. എന്നാല്‍ ടിക്കറ്റ് തനിക്ക് യുവാവ് തന്ന ജന്മദിന സമ്മാനമാണെന്ന് പറഞ്ഞുകൊണ്ട് യുവതി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
സംഭവത്തെക്കുറിച്ച് യുവാവ് പറയുന്നതിങ്ങനെ... 2024ലാണ് താന്‍ ടിക്കറ്റെടുക്കുന്നത്. സമ്മാനം ലഭിച്ചെങ്കിലും സാധുവായ തിരിച്ചറിയൽ കാർഡ് ഇല്ലാത്തതിനാൽ തനിക്ക് ടിക്കറ്റ് മാറിയെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ലോട്ടറി ഉദ്യോഗസ്ഥരുടെ ഉപദേശപ്രകാരം കാമുകിയായ ക്രിസ്റ്റൽ ആൻ മക്കേയോട് കാനഡ ലോട്ടറി കോർപ്പറേഷനിൽ ലോട്ടറി മാറ്റി പണം വാങ്ങാന്‍ ആവശ്യപ്പെട്ടു. ആനിനെ താൻ പൂർണമായും വിശ്വസിച്ചിരുന്നുവെന്നും ഒന്നര വർഷത്തിലേറെയായി സ്നേഹത്തിലായിരുന്നു തങ്ങളെന്നും പരസ്പരം പൂര്‍ണ വിശ്വാസമുള്ള പങ്കാളികളാണെന്നുമാണ് ലോറൻസ് പറയുന്നത്.
പണം ലഭിച്ച ശേഷം തനിക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാൽ പണം അവളുടെ പേരിൽ നിക്ഷേപിക്കാൻ അനുവദിച്ചു. സമ്മാനം വാങ്ങുന്നതിന്‍റെതുള്‍പ്പെടെ സന്തോഷം പ്രകടിപ്പിക്കുന്ന ഫോട്ടോകള്‍ യുവതി പങ്കുവച്ചിരുന്നു. എന്നാല്‍ ലോറന്‍സ് അവര്‍ക്ക് നല്‍കിയ സമ്മാനമായിട്ടാണ് യുവതി ചിത്രങ്ങളെ വിശേഷിപ്പിച്ചത്. വീണ്ടും ടിക്കറ്റെടുക്കാന്‍ യുവതി തന്നെ നിര്‍ബന്ധിച്ചിരുന്നുവെന്നും പിന്നാലെ ദിവസങ്ങൾക്കുള്ളിൽ യുവതി അപ്രത്യക്ഷയായതായും ലോറന്‍സ് പറയുന്നു. താന്‍ ഫോണ്‍ വിളിച്ചെങ്കിലും അവള്‍ എടുക്കാതെയായി. സന്ദേശങ്ങൾക്കും മറുപടി നല്‍കിയില്ല. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ തന്നെ ബ്ലോക്ക് ചെയ്തു. ഒടുവില്‍ കാണുമ്പോള്‍ അവള്‍ പുതിയ കാമുകനൊപ്പമായിരുന്നുവെന്നും ലോറന്‍സ് പറഞ്ഞു.
അതേസമയം, യുവതിയാകട്ടെ എല്ലാ ആരോപണങ്ങളും നിഷേധിക്കുകയാണ്. മാനിറ്റോബയിലെ കോർട്ട് ഓഫ് കിംഗ്സ് ബെഞ്ചിൽ ഫയൽ ചെയ്ത കേസിൽ ലോട്ടറി അധികൃതരേയും പ്രതികളാക്കിയിട്ടുണ്ട്. ഏജൻസികൾ മോശം ഉപദേശം നൽകിയെന്നും തന്‍റെ പേരിൽ മറ്റാരെങ്കിലും ലോട്ടറി സമ്മാനം കൈക്കലാക്കാനുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയില്ലെന്നും ലോറന്‍സ് ആരോപിക്കുന്നു. 5 മില്യണ്‍ കനേഡിയന്‍ ഡോളറായിരുന്നു സമ്മാനത്തുക. അതായത് 30 കോടിയോളം ഇന്ത്യന്‍ രൂപ.