കുസാറ്റ് ബി ടെക് പൂര്‍വവിദ്യാര്‍ഥികളുടെ ദുബായിലെ പരിപാടിയിൽ പാക് ക്രിക്കറ്റ് താരം അഫ്രീദി പങ്കെടുത്തതിൽ പ്രധാനമന്ത്രിക്ക് പരാതിയുമായി എ.ബി.വി.പി. അസോസിയേഷൻ ഭാരവാഹികളുടെ പാസ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. അതേസമയം, ക്ഷണിക്കാതെയാണ് അഫ്രിദി പരിപാടിക്കെത്തിയതെന്നാണ് വിശദീകരണം.
ദുബായ് പാക് അസോസിയേഷന്‍ ഹാളില്‍ കഴിഞ്ഞ ഞായറാഴ്ച ഓര്‍മ്മച്ചുവടുകളെന്ന പേരില്‍ നടത്തിയ പരിപാടിക്കിടെയാണ് മുന്‍ പാക് താരങ്ങളായ ഷഹീദ് അഫ്രീദിയും ഉമര്‍ ഗുല്ലുമെത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയെ കുറ്റപ്പെടുത്തി തുടര്‍ച്ചയായി സംസാരിച്ച അഫ്രീദിയെ മലയാളികളികളായ സംഘാടകര്‍ വേദിയിലെത്തിച്ചതോടെയാണ് സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. ഇന്ത്യന്‍ ജനത ഒരിക്കലും പൊറുക്കാത്ത തെറ്റാണ് കുസാറ്റ് ബി ടെക് പൂര്‍വവിദ്യാര്‍ഥികളുടെ അസോസിയേഷന്‍ നടത്തിയതെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. ആര്‍എസ്എസ് മുഖപത്രമായ ഒര്‍ഗനൈസറും വിമര്‍ശനം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് എബിവിപി പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും പരാതി നല്‍കിയത്.
അതേസമയം, പാക് അസോസിയേഷന്‍റെ മറ്റൊരു ഹാളില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അഫ്രിദിയും ഉമര്‍ ഗുലും ക്ഷണിക്കാതെയാണ് തങ്ങളുടെ പരിപാടിക്കെത്തിയതെന്നാണ് സംഘാടകരുടെ വിശദീകരണം. സംഭവിച്ചകാര്യങ്ങള്‍ കാരണം അര്‍ക്കെങ്കിലും വേദനിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നതായും സംഘാടകര്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം തുടരുന്നതിനിടെയാണ് സംഘാടകരുടെ ക്ഷമാപണം.