Kell Morris, upper right in a brown hat, trapped under a 700 pound rock near Seward, Alaska. (Jason Harrington/Seward Fire Department via AP)
അലാസ്കയില്‍ 700 പൗണ്ട് (ഏകദേശം 317 കിലോയിലേറെ) ഭാരമുള്ള കൂറ്റന്‍ പാറയ്ക്കടിയില്‍ മൂന്ന് മണിക്കൂർ കുടുങ്ങിയയാള്‍ക്ക് അദ്ഭുത രക്ഷ. അലാസ്ക സ്വദേശിയായ കെല്‍ മോറിസാണ് അതിശയകരമായി രക്ഷപെട്ടത്. ഭാര്യയുടെ അവസരോചിതമായ പ്രവര്‍ത്തനങ്ങളും കൃത്യസമയത്ത് ലഭിച്ച സഹായവുമാണ് മോറിസിനെ തുണച്ചത്. ഭാര്യയുമൊത്ത് നടക്കാനിറങ്ങിയ മോറിസ് പാറക്കെട്ടില്‍ തെന്നി വീഴുകയായിരുന്നു. പിന്നാലെ കൂറ്റന്‍ പാറ പുറത്തേക്കും പതിച്ചു.
Kell Morris, left, and his wife Jo Roop, in Sandpoint, Idaho. (Kell Morris via AP)
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവമുണ്ടായതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആള്‍ക്കൂട്ടം ഒഴിവാക്കി ശാന്തമായി നടക്കുന്നതിനായണ് മോറിസും ഭാര്യയും ഗോഡ്വിന് ഗ്ലേസിയറിന് സമീപത്തുള്ള പാത തിരഞ്ഞെടുത്തത്. ഹിമാനികള്‍ നിറഞ്ഞ പാറക്കെട്ടുകളാണ് ഈ പ്രദേശങ്ങളുടെ പ്രത്യേകത. അരുവിയുടെ തീരത്ത് 1,000 പൗണ്ട് വരെ ഭാരമുള്ള അപകടകരമായ പാറക്കെട്ടുകൾ താൻ ശ്രദ്ധിച്ചിരുന്നുവെന്നും പരമാവധി അവയെ ഒഴിവാക്കിയാണ് നടന്നതെന്നും മോറിസ് പറയുന്നു. എന്നാല്‍ തിരിച്ചു വരുമ്പോഴാണ് തെന്നി പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒഴുകുന്ന അരുവിയിലെ വെള്ളത്തിലേക്ക് കമിഴ്ന്ന് വീഴുന്നത്. വീഴ്ചയ്ക്ക് പിന്നാലെ ഹിമപാതം പോലെ അനുഭവപ്പെട്ടുവെന്നും മോറിസ് ഓര്‍ത്തെടുക്കുന്നു. പെട്ടെന്ന് ഒരുവലിയ പാറക്കല്ല് തന്‍റെ പിന്നില്‍ വന്നിടിച്ചതായി മോറിസിന് തോന്നു. എന്നാല്‍ മോറിസ് മറിഞ്ഞുവീണ് കിടന്നിരുന്ന പാറകള്‍ ഈ കൂറ്റന്‍ പാറയെ താങ്ങിയതോടെ ഗുരുതര പരുക്കേല്‍ക്കുന്നതില്‍ നിന്നും മോറിസ് രക്ഷപെട്ടു. എന്നാല്‍ പാറ ശരീരത്തില്‍ നിന്ന് നീക്കാതെ രക്ഷപെടാനും വയ്യാത്ത അവസ്ഥയിലായിരുന്നു.
മോറിസ് അപകടത്തില്‍പ്പെട്ടെന്ന് ഉറപ്പിച്ചതും ഭാര്യ ജോ അര മണിക്കൂറോളം മോറിസിനെ രക്ഷിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കി. ശ്രമങ്ങള്‍ പാഴായതോടെ അടിയന്തര സഹായം തേടി 911 ലേക്ക് വിളിക്കുകയായിരുന്നു. സഹായം തേടി വിളിയെത്തിയതിന് പിന്നാലെ ബെയർ ക്രീക്ക് ഫയർ ഡിപ്പാർട്ട്‌മെന്റില്‍ നിന്നും ഒരു ഹെലികോപ്റ്റര്‍ സ്ഥലത്തേക്ക് തിരിച്ചു. ഈ സമയം, ഹിമാനിയിൽ നിന്ന് ഒഴുകുന്ന തണുത്ത വെള്ളം കാരണം മോറിസിന് ഹൈപ്പോതെര്‍മിയ ബാധിച്ചിരുന്നു. ശരീരത്തിന്‍റെ ഊഷ്മാവ് 35 ഡിഗ്രി സെൽഷ്യസിൽ (96 F) താഴുന്ന അവസ്ഥയാണിത്. അരുവിയിലേക്ക് താഴ്ന്നു കിടന്നിരുന്ന മോറിസിന്‍റെ മുഖം സ്വന്തം കൈകളില്‍ ഉയര്‍ത്തിപ്പിടിച്ച് രക്ഷാപ്രവര്‍ത്തകരെത്തുവോളം ജോ കാത്തിരുന്നു.
രക്ഷാപ്രവര്‍ത്തകര്‍ എത്തി പാറ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ആദ്യം ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് എയര്‍ ബാഗുകള്‍ ഉപയോഗിച്ച് ഏഴുപേര്‍ ചേര്‍ന്നാണ് പാറ ഉയര്‍ത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പാറ വീണതിന്‍റെ ആഘാതത്തില്‍ മോറിസിന്‍റെ ഇടതുകാല്‍ ഒടിഞ്ഞു. മോറിസിനെ രണ്ട് രാത്രി നിരീക്ഷണത്തിനായി ആശുപത്രിയില്‍ കിടത്തി. പൂര്‍ണ ആരോഗ്യവാനാണ് മോറിസെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി. ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ഭാഗ്യവാനായ പുരുഷൻ താനാണെന്നും ഇങ്ങനെയൊരു ഭാര്യയെ ലഭിച്ചതില്‍ താന്‍ ഭാഗ്യവാനാണെന്നും ദൈവം തന്‍റെ കൂടെയുണ്ടെന്നും മോറിസ് പറയുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ മോറിസ് ഇനി നടക്കാനിറങ്ങുമ്പോള്‍ കൃത്യമായ നടപ്പാത മാത്രമേ താന്‍ തിരഞ്ഞെടുക്കുകയുള്ളൂവെന്നും കൂട്ടിച്ചേര്‍ത്തു.