People search in flooded area following a downpour in Mokwa, Nigeria, Friday, May 30, 2025. (AP Photo/Chenemi Bamaiyi)
നൈജീരിയയിലെ നൈജർ സംസ്ഥാനത്തെ പട്ടണമായ മോക്വയിൽ കനത്ത വെള്ളപ്പൊക്കം. 115 പേർ കൊല്ലപ്പെട്ടതായും ആയിരക്കണക്കിന് വീടുകൾ നശിച്ചതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളുടെ കണക്കാണ് 115, മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും നൈജർ സംസ്ഥാന തലസ്ഥാനമായ മിന്നയിലെ ഓപ്പറേഷൻസ് ഓഫീസ് മേധാവി ഹുസൈനി ഇസ അറിയിച്ചു.
ബുധനാഴ്ച രാത്രി മണിക്കൂറുകളോളം നീണ്ടുനിന്ന പേമാരിയിലും വെള്ളപ്പൊക്കത്തിലും മോക്വയിൽ നിരവധി വീടുകൾ ഒലിച്ചുപോയിട്ടുണ്ട്. നിരവധി പേരെ ഇപ്പോഴും കണ്ടെത്താനുണ്ട്. അടുത്തുള്ള മറ്റൊരു പട്ടണത്തിൽ അണക്കെട്ട് തകർന്നതാണ് സ്ഥിതിഗതികൾ അതിവേഗം വഷളായിക്കിയത്. റോഡുകളും വീടുകളും കൃഷിയിടങ്ങളും ഒലിച്ചുപോയതായും നിരവധി താമസക്കാരെ മാറ്റിപ്പാർപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റീസ് പറയുന്നത് പ്രകാരം കുറഞ്ഞത് 1,500 പേരെയെങ്കിലും വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. 200 ഓളം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 50 ഓളം വീടുകൾ നശിച്ചു. കൃഷിയിടങ്ങളും പ്രധാന അടിസ്ഥാന സൗകര്യങ്ങളും തകർന്നു. രാജ്യത്തിന്റെ മധ്യ, തെക്കൻ ഭാഗങ്ങളിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നുണ്ട്. മഴ പെയ്യാൻ തുടങ്ങുമ്പോൾ തന്നെ ജനങ്ങള്‍, പ്രത്യേകിച്ച് നദീതീരങ്ങളിൽ താമസിക്കുന്നവർ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് അധികാരികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നൈജീരിയയിലെ സുപ്രധാന വാണിജ്യ കേന്ദ്രമാണ് മോക്വ. അതിനാൽ ദുരന്തത്തിന്റെ ആഘാതം മാനുഷികമായും സാമ്പത്തികമായും രാജ്യത്തെ തളര്‍ത്തുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ, വടക്കുകിഴക്കൻ നൈജീരിയയിലെ മൈദുഗുരിയിൽ ഉണ്ടായ കനത്ത മഴയെയും അണക്കെട്ട് തകര്‍ന്നതിനെയും തുടര്‍ന്ന് കുറഞ്ഞത് 30 പേര്‍ മരിക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. പലയിടങ്ങളിലും ശരിയായ ഡ്രെയിനേജ് സംവിധാനമില്ലാത്തതാണ് മിന്നല്‍ പ്രളയങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി തുടർച്ചയായി വെള്ളപ്പൊക്കവും നൈജീരിയില്‍ ഉണ്ടായിട്ടുണ്ട്. എല്ലാ വർഷവും ശക്തമായ കൊടുങ്കാറ്റുകൾ അനുഭവപ്പെടുന്ന രാജ്യം കൂടിയാണ് നൈജീരിയ.