ഇന്ത്യയ്ക്കെതിരായ സംഘര്‍ഷത്തില്‍ കനത്ത അടിയേറ്റിട്ടും പാക്കിസ്ഥാനില്‍ ആഘോഷത്തിന് കുറവൊന്നുമില്ല. ഈയിടെയാണ് സൈനിക മേധാവിയായിരുന്ന അസിം മുനീറിനെ പാക്ക് പ്രധാനമന്ത്രി ഫീല്‍ഡ് മാര്‍ഷലാക്കി സ്ഥാനം കയറ്റം നല്‍കിയത്. ഇതിന് ശേഷം കഴിഞ്ഞ ദിവസം പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വീട്ടില്‍ വിളിച്ച് വിരുന്നും നല്‍കി. ഈ ചടങ്ങില്‍ പാക്ക് പ്രധാനമന്ത്രി അസിം മുനീറിന് സമ്മാനിച്ച ചിത്രത്തിന്‍റെ പേരിലാണ് ട്രോള്‍.
പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ നടത്തിയ ഓപ്പറേഷന്‍ ബുന്യാന്‍ ഉന്‍ മര്‍സൂസിന്‍റെ ചിത്രം എന്ന പേരിലാണ് അസിം മുനീറിന് ചിത്രം സമ്മാനിച്ചത്. എന്നാല്‍ 2019 ല്‍ ചൈന നടത്തിയ സൈനികാഭ്യാസത്തിന്‍റെ ചിത്രമാണ് പാക്ക് പ്രധാനമന്ത്രി ഫ്രെയിം ചെയ്ത് സമ്മാനിച്ചത്. പുതിയ പദവിയിലെത്തിയ അസിം മുനീറിന് പ്രധാനമന്ത്രിയൊരുക്കിയ വിരുന്നിലാണ് ചിത്രം കൈമാറിയത്.
ഇന്ത്യയ്ക്കെതിരെ പാക്ക് സൈന്യം നടത്തിയ ആക്രമണങ്ങളെ അഭിനന്ദിക്കുന്നതിന് കൂടിയായിരുന്നു ചടങ്ങ്. പാക്കിസ്ഥാനിലെ രാഷ്ട്രീയ സൈനിക നേതൃത്വം മുഴുവനും ചടങ്ങിനുണ്ടായിരുന്നു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ കൂടാതെ പ്രസിഡന്റ് ആസിഫ് അലി സർദാരി, വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ, സെനറ്റ് ചെയർമാൻ യൂസഫ് റാസ ഗിലാനി എന്നിവരും പങ്കെടുത്ത ചടങ്ങിലാണ് വ്യാജ ചിത്രം സമ്മാനിച്ചത്.
ചിത്രം പുറത്തുവന്നതോടെ ഇന്ത്യന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കള്ളകളി പൊളിച്ചു. ഗൂഗിള്‍ ഇമേജ് സെര്‍ച്ച് സംവിധാനം വഴി ചൈനീസ് സൈനികാഭ്യാസമാണിതെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തി. 2019 ല്‍ ചൈനീസ് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടതാണ് ചിത്രം. പിഎച്ച്എല്‍-03 ലോങ് റേഞ്ച് മള്‍ട്ടിപ്പിള്‍ റോഞ്ച് റോക്കറ്റ് സംവിധാനമാണ് ചിത്രത്തിലുള്ളത്.
ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക്കിസ്ഥാന്‍ നടത്തിയ തിരിച്ചടിയെ വിശേഷിപ്പിക്കുന്ന പേരാണ് ഓപ്പറേഷന്‍ ബുന്യാന്‍ ഉന്‍ മര്‍സൂസ്.