പാക്കിസ്ഥാനിൽ ആനകള്‍ക്ക് ക്ഷയരോഗം; ദിവസവും പഴത്തില്‍ ഒളിപ്പിച്ച് കൊടുക്കുന്നത് 400 ഗുളികള്‍. പാക്കിസ്ഥാനിൽ ആനകൾക്കിടയിൽ ക്ഷയരോഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് പുതിയ ചികിത്സാ രീതികള്‍ പരീക്ഷിച്ച് മൃഗഡോക്ടർമാരുടെയും സംഘം. ക്ഷയരോഗം ബാധിച്ച ആനകൾക്ക് ഒരു ദിവസം കുറഞ്ഞത് 400 ഗുളികകൾ നൽകുന്ന ചികിത്സാരീതിയാണ് ഇപ്പോൾ നടത്തുന്നത്. ക്ഷയരോഗബാധിതരായ മനുഷ്യർക്ക് നൽകുന്ന മരുന്നു തന്നെയാണ് ആനകൾക്കും നൽകുന്നത്. ഡോസിലും നൽകുന്ന രീതിയിലും വ്യത്യാസമുണ്ട്
റാച്ചി സഫാരി പാർക്കിലെ ക്ഷയരോഗ ബാധിതരായ മധുബാല, മാലിക എന്നീ രണ്ട് ആനകൾക്കാണ് ഇപ്പോൾ ഈ ചികിത്സാരീതി നൽകി വരുന്നത്. ആദ്യ ദിവസങ്ങളിൽ കൈപ്പേറിയ മരുന്ന് രുചിച്ച ആനകൾ അവ തുപ്പിക്കളഞ്ഞെങ്കിലും ഇപ്പോൾ മധുര പലഹാരങ്ങളിലും പഴങ്ങളിലും ഒളിപ്പിച്ചു നൽകുന്ന മരുന്ന് അവ കഴിക്കുന്നുണ്ടെന്നാണ് സഫാരി പാർക്കിലെ ജീവനക്കാർ പറയുന്നത്. ടിബി ബാധിതരായ ആനകളെ ചികിത്സിക്കുന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്ന ശ്രീലങ്കൻ വെറ്റിനറി സർജൻ ബുദ്ധിക ബണ്ഡാര പറയുന്നത്.
2009ലാണ് ടാൻസാനിയയിൽ നിന്നും നാല് ആഫ്രിക്കൻ ആനകളെ കറാച്ചിയിൽ എത്തിച്ചത്. 2023 ൽ 17 വയസ്സുള്ളപ്പോൾ അതിൽ നൂർ ജഹാൻ എന്ന് വിളിപ്പേരുള്ള ആന ചെരിഞ്ഞു. തുടർന്ന് 2024 അവസാനത്തോടെ സോണിയ എന്ന മറ്റൊരു ആനയും ചെരിഞ്ഞു. പോസ്റ്റ്മോർട്ടത്തിൽ രണ്ട് ആനകൾക്കും ക്ഷയരോഗം ബാധിച്ചാണ് മരണം സംഭവിച്ചത് എന്ന് കണ്ടെത്തുകയായിരുന്നു