എല്ലാ പാര്‍ട്ടികളും പിന്തുണയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ താന്‍ രാജിവച്ച് ഇറങ്ങിപ്പോകുമെന്ന ഭീഷണിയുമായി ബംഗ്ലദേശ് ഇടക്കാല സര്‍ക്കാരിന്‍റെ തലവന്‍ മുഹമ്മദ് യൂനുസ്. ഉപദേഷ്ടാവ് എന്ന നിലയിലാണ് യൂനസിന്‍റെ നിയമനമെങ്കിലും പ്രധാനമന്ത്രിക്കു തുല്യമായ അധികാരങ്ങളാണുള്ളത്. തിരഞ്ഞെടുപ്പ് നടത്തണമെന്ന സൈനികമേധാവിയുടെ ആവശ്യത്തിനും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ പ്രക്ഷോഭത്തിനും പിന്നാലെയാണ് യൂനിസിന്‍റെ ഭീഷണി. വിദ്യാര്‍ഥി നേതാക്കളുള്‍പ്പെടെ കഴിഞ്ഞ ദിവസം ധാക്കയിലെ സൈനിക കന്റോണ്‍മെന്റിലേക്ക് പ്രക്ഷോഭറാലി സംഘടിപ്പിച്ചിരുന്നു.
തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട സൈനികമേധാവിക്കെതിരായ പ്രതിഷേധമാണ് രാജ്യത്തിന്റെ ഒരു ഭാഗത്തുനിന്നും ഉയരുന്നത്. തിരഞ്ഞെടുപ്പ് നടത്തിക്കഴിഞ്ഞാല്‍ അതോടെ മുഹമ്മദ് യൂനുസിന്റെ കാര്യത്തില്‍ തീരുമാനമായേക്കും. രാജ്യത്ത് അനിയന്ത്രിതമായ രീതിയിലുള്ള പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും രാഷ്ട്രീയ എതിര്‍പ്പുകളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് യൂനുസ് രാജിഭീഷണിയുമായി രംഗത്തെത്തിയത്.
ഗ്രാമീണ്‍ ബാങ്കിന്‍റെ സ്ഥാപകനും നോബല്‍ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസ് ഷെയ്ഖ് ഹസീനയുടെ നാടകീയമായ വിടവാങ്ങലിനുപിന്നാലെയാണ് അധികാരതലപ്പത്തെത്തുന്നത്. രാജ്യത്ത് അടുത്ത കാലത്തൊന്നും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്താന്‍ താല്‍പര്യമില്ലെന്ന തരത്തിലാണ് യൂനുസിന്റെ പ്രസ്താവനകളെല്ലാം. പാക്കിസ്ഥാനും ചൈനയുമായി അടുത്ത ബന്ധം പുലര്‍ത്താനുള്ള നീക്കത്തിലുമാണ് യൂനുസ്. യൂനുസിന്റെ അധികാരകാലത്ത് ഈ രാജ്യങ്ങള്‍ അവരുടെ താല്‍പര്യം നിറവേറ്റാനും ശ്രമിക്കും. അതേസമയം രാജ്യത്ത് ഒരു ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ചൈനയുടെയും പാക്കിസ്ഥാന്റേയും താല്‍പര്യങ്ങള്‍ അസ്തമിച്ചേക്കും.ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം, യൂനുസ്, ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് പോലുള്ള ദീര്‍ഘകാല തന്ത്രപരമായ പദ്ധതികള്‍ എതിര്‍ക്കില്ലെന്നറിയാം.
വിദ്യാര്‍ഥി നേതാക്കളോട് മറ്റൊരു ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം രാജിവക്കാനൊരുങ്ങുകയാണെന്നും എന്‍സിപി നേതാവ് നഹീദ് ഇസ്ലാം ബിബിസി ബംഗ്ലായോട് പറഞ്ഞു. അതേസമയം രാജ്യത്ത് എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്താനുള്ള വ്യക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബിഎന്‍പി നേതാവ് ഖണ്ഡകാര്‍ മൊഷാറഫ് ഹുസൈന്‍ പറഞ്ഞു. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന്റെ ശക്തി കുറഞ്ഞതോടെ വരുന്ന തിരഞ്ഞെുപ്പില്‍ അധികാരത്തിലെത്താന്‍ പ്രാപ്തിയുള്ള ഒരേ ഒരു പാര്‍ട്ടിയാണ് ബിഎന്‍പി. രാഷ്ട്രീയ പാര്‍ട്ടികളെല്ലാം വ്യത്യസ്തനിലപാട് സ്വീകരിക്കുന്നതും വിദ്യാര്‍ഥിനേതാക്കള്‍ മറ്റൊരു വഴിയേ നീങ്ങുന്നതും രാജ്യത്ത് കടുത്ത അസ്ഥിരത സൃഷ്ടിക്കുന്നുവെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.